തിരുവനന്തപുരം: ചില ഉദ്യോഗാർത്ഥികൾ മൊബൈൽ ഫോണുപയോഗിച്ച് നടത്തിയ പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ നിർദ്ദേശിച്ച സാഹചര്യത്തിൽ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പരീക്ഷയിൽ ക്രമക്കേടു കണ്ടെത്തിയ സാഹചര്യത്തിൽ പി.എസ്.സി ചെയർമാൻ രാജിവയ്‌ക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിൽ ചെയർമാന് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ രാജി അപ്പോൾ ആലോചിക്കാം. ചെന്നിത്തലയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി പി.എസ്.സി അംഗമായിരിക്കേയാണ് പൊലീസിലെ വിവിധ ബറ്റാലിയനുകളിലേക്കുള്ള പരീക്ഷ നടന്നത്. മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഡിവൈസുകൾ ഉപയോഗിച്ച് യു.പി.എസ്.സിയിലടക്കം തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. പല സമയത്തും മൊബൈൽ ഫോണും സ്മാർട്ട് വാച്ചുമടക്കം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പി.എസ്.സിയിലും പിടികൂടിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ കണ്ടെത്തി തടയുന്നതിന് പി.എസ്.സി പരീക്ഷയിൽ ആധുനികവത്കരണം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും എം.കെ. സക്കീർ പറഞ്ഞു.