kpcc-re-arrangement
kpcc re arrangement

തിരുവനന്തപുരം: ജമ്മു കാശ്മീർ, യു.എ.പി.എ വിഷയങ്ങളുടെ പശ്ചാത്തലത്തിൽ മുസ്ലിം മത ന്യൂനപക്ഷങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി. കാശ്മീർ പ്രശ്നത്തിൽ ശക്തമായ നിലപാടെടുക്കാൻ എ.ഐ.സി.സിയോട് ആവശ്യപ്പെടാനും ഇന്നലെ ചേർന്ന അടിയന്തര രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചു.

ഈ വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ വികാരം പ്രമേയമായി എ.ഐ.സി.സിക്ക് അയച്ചു. യു.എ.പി.എ നിയമഭേദഗതി ബില്ലിനെ രാജ്യസഭയിൽ കോൺഗ്രസ് അനുകൂലിച്ച് വോട്ടു ചെയ്തതിൽ യോഗത്തിൽ വിമർശനമുണ്ടായി. കോൺഗ്രസ് നിലപാട് പാർട്ടിയിൽ ആശയക്കുഴപ്പമുണ്ടാക്കി. അതിനു പുറമേയാണ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയം. രണ്ടും ന്യൂനപക്ഷവിരുദ്ധമാണ്. ഇതിനെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന പാർട്ടിയുടെ നിലപാട്. ഇക്കാര്യങ്ങളിൽ പാർട്ടിയിൽ ദേശീയതലത്തിലുണ്ടാകുന്ന അഭിപ്രായഭിന്നതകളിലും സംസ്ഥാന കോൺഗ്രസിൽ അസ്വസ്ഥതയുണ്ട്.

ഭരണഘടനയെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെയും ബഹുസ്വരതയെയും തകർക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ് ചെറുക്കണമെന്ന് യോഗത്തിനു ശേഷം പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാശ്മീർ ജനതയെ ഭിന്നിപ്പിക്കാനും അവരെ മുഖ്യധാരയിൽ നിന്ന് അകറ്റാനുമാണ് മോദി ശ്രമിക്കുന്നത്. നെഹ്രുവിന്റെ ക്രാന്തദർശിത്വമാണ് ജമ്മുകാശ്മീരിനെ ഇന്ത്യയോടൊപ്പം നിറുത്തിയത്. കാശ്മീരിലെ ജനങ്ങൾക്ക് പ്രത്യേകാവകാശങ്ങൾ അനുവദിച്ചുള്ള ഭരണഘടനാ വ്യവസ്ഥകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ, ദാമൻ-ദിയു എന്നിവയ്ക്കും ബാധകമാണ്. കാശ്മീരിൽ അത് റദ്ദാക്കിയപ്പോൾ മറ്റിടങ്ങളിൽ അത് നിലനിൽക്കുകയാണ്. എന്നിട്ടാണ് മുസ്ലിങ്ങൾക്കു മാത്രം ആനുകൂല്യം നൽകിയെന്ന് സംഘപരിവാർ പ്രചരിപ്പിക്കുന്നത്.

സുപ്രധാന നിയമനിർമ്മാണം നടത്തുമ്പോൾ സർവകക്ഷിയോഗം വിളിച്ച് രാഷ്ട്രീയ സമവായത്തിലൂടെ നടപടി സ്വീകരിക്കുകയെന്ന പാർലമെന്ററി കീഴ്‌വഴക്കം ലംഘിക്കപ്പെട്ടു. ഇത് സംസ്ഥാനത്തിന്റെ ഫെഡറൽ അധികാരം കവരുന്നതാണ്. യു.എ.പി.എ ബിൽ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പാർലമെന്റിൽ ശക്തമായ വികാരം പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യസഭയിൽ ബില്ലിനെ കോൺഗ്രസ് അനുകൂലിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ ബിൽ അപകടകരമാണ് എന്ന നിലപാടു മാത്രമാണ് കെ.പി.സി.സിക്കെന്ന് മുല്ലപ്പള്ളി മറുപടി നൽകി.

.