ഭാരതത്തിന്റെ ഭാഗ്യദിനമായിരുന്നു 1919 ആഗസ്റ്റ് 12. നവഭാരതശില്പികളിൽ ഒരാളായ ഡോ. വിക്രം സാരാഭായി, സേട്ട് അംബലാൽ വാടിലാൽ സാരാഭായിയുടേയും സരളാ ബേൻ സാരാഭായിയുടെയും മകനായി അഹമ്മദാബാദിൽ ഭൂജാതനായ ദിനം. ആ ഭാഗ്യദിനത്തിന്റ 100-ാം വാർഷികമാണിന്ന്. ഭാരതം മുഴുവൻ ആഘോഷിക്കപ്പെടേണ്ട ദിനമാണെങ്കിലും ബഹിരാകാശ ഗവേഷകരല്ലാതെ മറ്റാരും ഡോ. സാരാഭായിയെ ഓർക്കാനിടയില്ല എന്നതാണ് ദുഃഖകരമായ സത്യം.
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് വിക്രംസാരാഭായി നൽകിയിട്ടുള്ള സഹായം ചരിത്രം മതിയായി രേഖപ്പെടുത്തിയിട്ടില്ല. നെഹ്റുവും സാരാഭായിയും പരസ്പരപൂരിതമായി കഠിനാദ്ധ്വാനം ചെയ്തത്തിന്റെ ഫലമാണ് ഇന്നത്തെ ഇന്ത്യ. ഡോ. സാരാഭായി , നെഹ്റുവിന്റെ മരണശേഷം 'നെഹ്റു ഫൗണ്ടേഷൻ ഫോർ ഡെവലപ്പ്മെന്റ്' എന്ന വിശ്വവിഖ്യാതമായ സ്ഥാപനം നെഹ്റുവിന്റെ സർവതോന്മുഖമായ വികസന ദർശനങ്ങൾ പ്രചരിപ്പിക്കാനും നടപ്പിലാക്കാനുമായി സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ കാർത്തിക് സാരാഭായി ആണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയർമാൻ .
ഡോ. സാരാഭായിയുടെ ജൂനിയർ പി.എ. ആയി കുറച്ചുകാലം (1970-1971) ജോലി ചെയ്യാൻ ഭാഗ്യം കിട്ടിയ ഈ ലേഖകന് അറിയാവുന്നതും ബഹിരാകാശ മേഖല കൂടാതെ അദ്ദേഹം ഭാരതത്തിന് നൽകിയതുമായ ചില മഹത്തായ സംഭാവനകൾ അദ്ദേഹത്തിന്റെ 100-ാം ജന്മദിനത്തിൽ അനുസ്മരിക്കുന്നു.
ബഹിരാകാശ ഗവേഷണത്തിന് തറക്കല്ലിടുന്ന സമയത്തുതന്നെ അദ്ദേഹം ഇന്ത്യയുടെ തുണിവ്യവസായ മേഖലയെ ലോകനിലവാരത്തിലേക്കുയർത്താൻ 1949-ൽ അഹമ്മദാബാദ് ടെക്സ്റ്റെയിൽ ഇൻഡസ്ട്രീസ് റിസർച്ച് അസോസിയേഷൻ (അട്ടീര) സ്ഥാപിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്, ഇംഗ്ലണ്ടിലെ മാൻചസ്റ്ററിലെ ടെക്സ്റ്റൈൽ മില്ലുകളിലെ സാങ്കേതിക മികവിനെ കിടപിടിക്കുന്ന, അഹമ്മദാബാദിലെ കാലിക്കോ മിൽ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനും (വാടിലാൽ സാരാഭായി) ചേർന്നായിരുന്നു. ഡോ. സാരാഭായി ആയിരുന്നു അട്ടീരയുടെ ആദ്യ ഡയറക്ടർ. അദ്ദേഹം അട്ടീരയിൽ ഒരു മാനേജ്മെന്റ് ഗവേഷണ-പരിശീലന വകുപ്പ്കൂടി സജ്ജമാക്കി. ഇന്ന് ലോകപ്രശസ്തമായ ടെക്സ്റ്റൈൽ ഗവേഷണകേന്ദ്രമാണത്.
അദ്ദേഹമാണ് അഹമ്മദാബാദിലെ ലോകപ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിച്ചത്. വികസിത രാജ്യങ്ങളിൽ നിന്നുൾപ്പടെയുള്ള വിദ്യാർത്ഥികൾ ഇവിടെ ഗവേഷണം നടത്തുന്നു. ഡോ. സാരാഭായി ആയിരുന്നു ആദ്യ ഡയറക്ടർ. തുടർന്ന് സഹോദരനായ ഗൗതം സാരാഭായിയും സഹോദരിയായ ഹീരാ ബേൻ സാരാഭായിയും എൻ.ഐ.ഡിയുടെ ഡയറക്ടർമാരായി. എൻ.ഐ.ഡിയുടെ ദേശീയവും അന്തർദേശീയവുമായ പ്രാധാന്യം പരിഗണിച്ച് ഭാരതസർക്കാർ ഏറ്റെടുക്കുകയായിരുന്നു.
അഹമ്മദാബാദിൽ ഒരു ഐ.ഐ.എം യാഥാർത്ഥ്യമാക്കാൻ ഡോ. സാരാഭായി നടത്തിയ ഭഗീരഥപ്രയത്നത്തിന്റെ ഫലമാണ് 1963-ൽ സ്ഥാപിതമായ ലോകപ്രശസ്തമായ ഐ.ഐ.എം. (എ). ഗുജറാത്ത് ഹൗസിംഗ് ബോർഡിന്റെ അഹമ്മദാബാദിലുള്ള ഫ്ളാറ്റിൽ ആദ്യ ബാച്ച് തുടങ്ങി; ഡോ. സാരാഭായി ഡറക്ടറായി ചാർജെടുത്തു.
ഇന്ത്യയിലെ ആദ്യത്തെ ഹെറിറ്റേജ് സിറ്റിയായി യുനെസ്കോ അംഗീകരിച്ച വസ്ത്രാപൂർ ഗ്രാമത്തിൽ 50 ഏക്കറിൽ, ഉയർന്നു നിൽക്കുന്ന ഐ.ഐ.എം(എ) കാമ്പസ് ലോകമെമ്പാടുമുള്ള ആർക്കിടെക്ചർ വിദ്യാർത്ഥികളുടെ ഒരു 'ആർക്കിടെക്ചർ പിൽഗ്രിമേജ് ഡെസ്റ്റിനേഷൻ' ആണ് .
കാമ്പസിന്റെ രൂപകൽപ്പന നിർവഹിക്കാൻ ലോകത്തെ ഏറ്റവും പ്രശസ്തനായ ഫ്രാൻസിലെ വാസ്തുശില്പി ലേ കോർബൂസിയറിനെ വിക്രം സാരാഭായ് ഇന്ത്യയിലെത്തിച്ചു. ഇദ്ദേഹമാണ് നഗരാസൂത്രണ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികകല്ലായ പഞ്ചാബിലെ ചാണ്ടിഗർ ഡിസൈൻ ചെയ്തത്. 2018 ലെ ആർക്കിടെക്ചർ നോബൽ പ്രൈസ് നേടിയ പത്മഭൂഷൻ ഡോ.ബാലകൃഷ്ണദോഷിയേയും ചേർത്തുള്ള ടീമിനെ കാമ്പസ് ഡിസൈൻ ചുമതലയേൽപ്പിച്ചു. അന്തർദേശീയതലത്തിൽ പ്രശസ്തിയാർജിച്ച മലയാളിയായ രവി മത്തായിയെ ഐ.ഐ.എം (എ) യുടെ സീനിയർ പ്രൊഫസറും പിന്നീട് ഡയറക്ടറുമാക്കി. വിക്രംസാരാഭായി നടത്തിയ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഇന്നത്തെ ഐ. ഐ.എം (എ).
കമ്മ്യൂണിറ്റി സയൻസ് സെന്റർ, അഹമ്മദാബാദ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ച് ലബോറട്ടറി, ഗുൽമാർക്ക് (കാശ്മീർ), നെഹ്റു ഫൗണ്ടേഷൻ ഫോർ ഡവലപ്പ്മെന്റ് അഹമ്മദാബാദ് എന്നീ സ്ഥാപനങ്ങളുടെ പിതൃസ്ഥാനത്തും ഡോ. സാരാഭായിയാണ്. അദ്ദേഹത്തിന്റെ സംഭാവനകളിലൂടെ ഭാരതത്തിന്റെ വ്യാവസായിക വികസനം, രാജ്യസുരക്ഷ, ബഹിരാകാശ സാങ്കേതികവിദ്യയുടെ ഭാഗമായ റിമോട്ട് സെൻസിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നേടിയെടുത്ത കാർഷിക പുരോഗതി, മത്സ്യസമ്പത്തിനെ സംരക്ഷിച്ചുകൊണ്ടുള്ള മത്സ്യബന്ധനം, വനസംരക്ഷണം തുടങ്ങി നിരവധി നേട്ടങ്ങൾ നമ്മൾ കൈവരിച്ചു.
വിക്രംസാരാഭായിയുടെ സർവവിജയങ്ങളുടെയും പിന്നിൽ ഭാര്യ മൃണാളിനി സാരാഭായ് നിറസാന്നിദ്ധ്യമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരരംഗത്തെ ധീരവനിതയായിരുന്ന, മലയാളിയായ, അമ്മുസ്വാമിനാഥന്റെ മകളും ലോകപ്രശസ്ത ഭരതനാട്യം കലാകാരിയുമായ മൃണാളിനി, വിക്രം സാരാഭായ് എന്ന അതുല്യ പ്രതിഭയുടെ തിളക്കമാർന്ന വിജയങ്ങൾക്ക് പിന്നിലെ കെടാവിളക്കാണ്.
വിക്രം സാരാഭായിയുടെ സർവവിജയങ്ങളിലും, മലയാളികൾക്ക് ആഹ്ലാദിക്കാൻ വകയേറെയുണ്ട്. കാരണം, അദ്ദേഹത്തിന്റെ ആജീവനാന്ത പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മാധവവാര്യർ മുതൽ, ഗുരുസ്ഥാനീയരായിരുന്ന പി.ആർ. പിഷാരടി, ലോകപ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന കെ.ആർ. രാമനാഥൻ, ഐ.എസ്.ആർ.ഒ. ചെയർമാന്മാരായിരുന്ന ഡോ. ജി. മാധവൻനായർ, ഡോ. രാധാകൃഷ്ണൻ, ഡോ.വിക്രംസാരാഭായിയുടെ പി.എച്ച്.ഡി വിദ്യാർത്ഥിയായിരുന്ന പ്രസിദ്ധ ശാസ്ത്രജ്ഞൻ ഡോ. കെ. നാരായണൻ നായർ തുടങ്ങി അനേകം മലയാളികൾ അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്നു.
രാജ്യത്തിന്റെ സർവതോന്മുഖമായ വളർച്ചയ്ക്കും പുരോഗതിക്കും നാഴികക്കല്ലുകളായ സംഭാവനകൾ നൽകിയ ഡോ. വിക്രം സാരാഭായിക്ക് ഭാരതരത്നം നൽകിയിട്ടില്ല. ഭാരത സർക്കാർ അദ്ദേഹത്തോട് കാണിച്ച ചരിത്രപരമായ ഈ നന്ദികേട് എത്രകാലം തുടരും?
(ലേഖകൻ കോമൺവെൽത്ത്, യു.എൻ.ഇ.പി., യുനെസ്കോ, കേരള സർക്കാർ എന്നിവയുടെയും മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെയും സുസ്ഥിര വികസന ഉപദേശകനായിരുന്നു. )