vikram-sarabhai

ഭാര​ത​ത്തിന്റെ ഭാഗ്യ​ദിനമായിരുന്നു 1919 ആഗസ്റ്റ് 12​. നവ​ഭാ​ര​ത​ശില്പികളിൽ ഒരാളായ ഡോ. വിക്രം സാരാ​ഭാ​യി, സേട്ട് അംബ​ലാൽ വാടി​ലാൽ സാരാ​ഭാ​യി​യു​ടേയും സരളാ ബേൻ സാരാ​ഭാ​യിയുടെയും മക​നായി അഹ​മ്മ​ദാ​ബാ​ദിൽ ഭൂജാ​ത​നാ​യ ദിനം. ആ ഭാഗ്യദിന​ത്തിന്റ 100​-ാം വാർഷി​ക​മാ​ണിന്ന്. ഭാരതം മുഴു​വൻ ആഘോ​ഷി​ക്ക​പ്പെടേണ്ട ദിനമാണെങ്കിലും ബഹിരാ​കാശ ഗവേ​ഷ​കരല്ലാതെ മറ്റാരും ഡോ. സാരാ​ഭാ​യിയെ ഓർക്കാനിടയില്ല എന്ന​താ​ണ് ദുഃഖ​ക​ര​മായ സത്യം.

ആദ്യ പ്രധാ​ന​മന്ത്രി ജവ​ഹർലാൽ നെഹ്റു​വിന്റെ രാഷ്ട്രനിർമ്മാണ പ്രവർത്ത​ന​ങ്ങൾക്ക് വിക്രംസാരാ​ഭായി നൽകി​യി​ട്ടുള്ള സഹായം ചരിത്രം മതി​യായി രേഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നെഹ്റുവും സാരാ​ഭാ​യിയും പര​സ്‌പരപൂരി​ത​മായി കഠി​നാ​ദ്ധ്വാനം ചെയ്ത​ത്തിന്റെ ഫല​മാണ് ഇന്നത്തെ ഇന്ത്യ. ഡോ. സാരാ​ഭായി ,​ നെഹ്റു​വിന്റെ മര​ണ​ശേഷം 'നെഹ്റു ഫൗണ്ടേ​ഷൻ ഫോർ ഡെവ​ല​പ്പ്‌മെന്റ്' എന്ന വിശ്വ​വി​ഖ്യാ​ത​മായ സ്ഥാപനം നെഹ്റു​വിന്റെ സർവ​തോ​ന്മു​ഖ​മായ വിക​സന ദർശ​ന​ങ്ങൾ പ്രച​രി​പ്പി​ക്കാനും നട​പ്പി​ലാ​ക്കാനു​മായി സ്ഥാപി​ച്ചി​രു​ന്നു. അദ്ദേഹത്തിന്റെ മകൻ കാർത്തിക് സാരാ​ഭായി ആണ് സ്ഥാപ​ന​ത്തിന്റെ ഇപ്പോ​ഴത്തെ ചെയർമാൻ .

ഡോ. സാരാ​ഭാ​യി​യുടെ ജൂനി​യർ പി.​എ. ആയി കുറ​ച്ചു​കാലം (1970​-1971) ജോലി ചെയ്യാൻ ഭാഗ്യം കിട്ടിയ ഈ ലേഖ​കന് അറി​യാ​വു​ന്നതും ബഹി​രാ​കാശ മേഖല കൂടാ​തെ അദ്ദേഹം ഭാര​ത​ത്തിന് നൽകിയതുമായ ചില മഹ​ത്തായ സംഭാ​വ​ന​കൾ അദ്ദേ​ഹ​ത്തിന്റെ 100​-ാം ജന്മദിന​ത്തിൽ അനുസ്‌മരിക്കുന്നു.

ബഹി​രാ​കാശ ഗവേ​ഷ​ണ​ത്തിന് തറ​ക്കല്ലിടുന്ന സമ​യത്തുതന്നെ അദ്ദേഹം ഇന്ത്യ​യുടെ തുണിവ്യവ​സായ മേഖലയെ ലോക​നി​ല​വാ​ര​ത്തി​ലേക്കുയർത്താൻ 1949​-ൽ അഹ​മ്മ​ദാ​ബാദ് ടെക്സ്റ്റെയിൽ ഇൻ​ഡസ്ട്രീസ് റിസർച്ച് അസോ​സി​യേ​ഷൻ (അ​ട്ടീ​ര) സ്ഥാപി​ച്ചു. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമ​യ​ത്ത്, ഇംഗ്ല​ണ്ടിലെ മാൻച​സ്റ്റ​റിലെ ടെക്‌സ്റ്റൈൽ മില്ലു​ക​ളിലെ സാങ്കേ​തിക മിക​വിനെ കിട​പി​ടി​ക്കു​ന്ന, അഹ​മ്മ​ദാ​ബാ​ദി​ലെ ​കാ​ലി​ക്കോ​ മിൽ സ്ഥാപി​ച്ചത് അദ്ദേഹത്തിന്റെ അച്‌ഛനും മുത്തച്‌ഛനും (വാ​ടി​ലാൽ സാരാ​ഭാ​യി) ചേർന്നായി​രു​ന്നു. ഡോ. സാരാ​ഭായി ആയിരുന്നു അട്ടീ​ര​യുടെ ആദ്യ ഡയ​റ​ക്‌ടർ. അദ്ദേഹം അട്ടീ​ര​യിൽ ഒരു മാനേ​ജ്‌മെന്റ് ഗവേ​ഷണ-പരിശീലന വകു​പ്പ്കൂടി സജ്ജമാക്കി. ഇന്ന് ലോകപ്രശ​സ്ത​മായ ടെക്‌സ്റ്റൈൽ ഗവേ​ഷണകേന്ദ്ര​മാ​ണത്.

അദ്ദേഹമാണ് അഹ​മ്മ​ദാ​ബാ​ദിലെ ലോക​പ്ര​ശസ്‌തമായ നാഷ​ണൽ ഇൻസ്റ്റി​റ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപി​ച്ചത്. വിക​സിത രാജ്യ​ങ്ങളിൽ നിന്നുൾപ്പടെയുള്ള വിദ്യാർത്ഥി​കൾ ഇവിടെ ഗവേ​ഷണം നട​ത്തു​ന്നു. ഡോ. സാരാ​ഭായി ആയി​രുന്നു ആദ്യ ഡയ​റ​ക്‌ടർ. തുടർന്ന് സഹോ​ദ​ര​നായ ഗൗതം സാരാ​ഭാ​യിയും സഹോ​ദരിയായ ഹീരാ ബേൻ സാരാ​ഭാ​യിയും എൻ.​ഐ.ഡി​യുടെ ഡയ​റ​ക്‌ടർമാ​രാ​യി. എൻ.​ഐ.ഡി​യുടെ ദേശീ​യവും അന്തർദേ​ശീ​യ​വു​മായ പ്രാധാന്യം പരിഗ​ണിച്ച് ഭാരതസർക്കാർ ഏ​റ്റെടുക്കുകയായി​രു​ന്നു.

അഹ​മ്മ​ദാ​ബാ​ദിൽ ഒരു ഐ.​ഐ.എം യാഥാർത്ഥ്യമാക്കാൻ ഡോ. സാരാ​ഭായി നടത്തിയ ഭഗീ​രഥപ്രയത്നത്തിന്റെ ഫലമാണ് 1963​-ൽ സ്ഥാപിതമായ ലോക​പ്രശ​സ്ത​മായ ഐ.​ഐ.എം. (എ). ഗുജ​റാത്ത് ഹൗസിംഗ് ബോർഡിന്റെ അഹ​മ്മ​ദാ​ബാ​ദിലുള്ള ഫ്ളാറ്റിൽ ആദ്യ ബാച്ച് തുടങ്ങി; ഡോ. സാരാ​ഭായി ഡറക്‌ടറായി ചാർജെടു​ത്തു.

ഇന്ത്യ​യിലെ ആദ്യത്തെ ഹെറിറ്റേജ് സിറ്റിയായി യുനെസ്‌കോ അംഗീ​ക​രിച്ച വസ്ത്രാ​പൂർ ഗ്രാമ​ത്തിൽ 50 ഏക്കറിൽ, ഉയർന്നു നിൽക്കുന്ന ഐ.​ഐ.​എം(​എ) കാമ്പ​സ് ലോക​മെ​മ്പാ​ടു​മുള്ള ആർക്കി​ടെക്ചർ വിദ്യാർത്ഥി​ക​ളുടെ ഒരു 'ആർക്കി​ടെക്ചർ പിൽഗ്രി​മേജ് ഡെസ്റ്റിനേഷൻ' ആണ് .

കാമ്പസിന്റെ രൂപകൽപ്പന നിർവഹിക്കാൻ ലോകത്തെ ഏറ്റവും പ്രശ​സ്‌ത​നായ ഫ്രാൻസിലെ വാസ്‌തുശില്‌പി ലേ കോർബൂസിയറിനെ വിക്രം സാരാഭായ് ഇന്ത്യയിലെത്തിച്ചു. ഇദ്ദേ​ഹ​മാണ് നഗ​രാ​സൂ​ത്രണ ചരി​ത്ര​ത്തിലെ ഏറ്റവും വലിയ നാഴി​ക​കല്ലായ പഞ്ചാബിലെ ചാണ്ടി​ഗർ ഡിസൈൻ ചെയ്ത​ത്. 2018 ലെ ആർക്കി​ടെക്ചർ നോബൽ പ്രൈസ് നേടിയ പത്മ​ഭൂ​ഷൻ ഡോ.ബാല​കൃഷ്ണദോഷി​യേയും ചേർത്തുള്ള ടീമിനെ കാമ്പസ് ഡിസൈൻ ചുമ​തലയേൽപ്പി​ച്ചു. അന്തർദേ​ശീയതല​ത്തിൽ പ്രശസ്തിയാർജിച്ച മല​യാ​ളി​യായ രവി മത്താ​യിയെ ഐ.​ഐ.എം (എ) യുടെ സീനി​യർ പ്രൊഫ​സറും പിന്നീട് ഡയ​റക്‌ടറുമാക്കി. വിക്രംസാരാഭായി നട​ത്തിയ കഠിനപ്രയ​ത്ന​ത്തിന്റെ ഫല​മാണ് ഇന്നത്തെ ഐ. ​ഐ.എം (എ).

കമ്മ്യൂണിറ്റി സയൻസ് സെന്റർ, അഹ​മ്മ​ദാ​ബാദ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ച് ലബോ​റ​ട്ട​റി, ഗുൽമാർക്ക് (കാശ്‌മീർ), നെഹ്റു ഫൗണ്ടേഷൻ ഫോർ ഡവ​ല​പ്പ്മെന്റ് അഹ​മ്മ​ദാ​ബാദ് എന്നീ സ്ഥാപ​ന​ങ്ങളുടെ പിതൃസ്ഥാനത്തും ഡോ. സാരാ​ഭായിയാണ്. അദ്ദേഹത്തിന്റെ സംഭാവനകളിലൂടെ ഭാര​ത​ത്തിന്റെ വ്യാവ​സാ​യിക വിക​സനം, രാജ്യസുരക്ഷ, ബഹി​രാ​കാശ സാങ്കേ​തികവിദ്യ​യുടെ ഭാഗ​മായ റിമോട്ട് സെൻസിങ്ങ് സാങ്കേ​തിക വിദ്യ ഉപ​യോ​ഗിച്ച് നേടി​യെ​ടുത്ത കാർഷിക പുരോ​ഗ​തി, മത്സ്യ​സ​മ്പ​ത്തിനെ സംര​ക്ഷി​ച്ചുകൊ​ണ്ടുള്ള മത്സ്യ​ബ​ന്ധ​നം, വന​സം​ര​ക്ഷണം തുടങ്ങി നിര​വധി നേട്ട​ങ്ങൾ നമ്മൾ കൈവ​രി​ച്ചു.

വിക്രംസാരാ​ഭാ​യി​യുടെ സർവ​വി​ജ​യ​ങ്ങ​ളു​ടെയും പിന്നിൽ ഭാര്യ മൃണാ​ളിനി സാരാഭായ് നിറസാന്നിദ്ധ്യമായിരുന്നു. ഇ​ന്ത്യൻ സ്വാതന്ത്ര്യ സമരരം​ഗത്തെ ധീര​വ​നിതയായി​രു​ന്ന, മല​യാളിയായ, അമ്മു​സ്വാ​മി​നാ​ഥന്റെ മകളും ലോകപ്രശസ്‌ത ഭരതനാട്യം കലാകാരിയുമായ മൃണാളിനി, വിക്രം സാരാഭായ് എന്ന അതുല്യ പ്രതിഭയുടെ തിളക്കമാർന്ന വിജയങ്ങൾക്ക് പിന്നിലെ കെടാവിളക്കാണ്.

വിക്രം സാരാ​ഭാ​യി​യുടെ സർവവിജ​യ​ങ്ങ​ളി​ലും, മല​യാ​ളി​കൾക്ക് ആഹ്ലാ​ദിക്കാൻ വകയേറെയുണ്ട്. കാര​ണം, അദ്ദേഹത്തിന്റെ ആജീ​വ​നാന്ത പ്രൈവറ്റ് സെക്ര​ട്ടറിയായി​രുന്ന മാധവവാര്യർ മുതൽ, ഗുരുസ്ഥാനീ​യരായി​രുന്ന പി.​ആർ. പിഷാ​ര​ടി, ലോകപ്രശസ്‌ത ശാസ്ത്ര​ജ്ഞ​നാ​യി​രുന്ന കെ.​ആർ. രാമ​നാ​ഥൻ, ഐ.എസ്.ആർ.​ഒ. ചെയർമാ​ന്മാ​രാ​യി​രുന്ന ഡോ. ജി. മാധവൻനായർ, ഡോ. രാധാ​കൃ​ഷ്ണൻ, ഡോ.വിക്രംസാരാ​ഭായിയുടെ പി.​എ​ച്ച്.ഡി വിദ്യാർത്ഥി​യാ​യി​രുന്ന പ്രസിദ്ധ ശാസ്ത്ര​ജ്ഞൻ ഡോ. കെ. നാരാ​യ​ണൻ നായർ തുടങ്ങി അനേകം മല​യാ​ളി​കൾ അദ്ദേ​ഹ​ത്തിന് പിന്നിലുണ്ടാ​യി​രു​ന്നു.

രാജ്യ​ത്തിന്റെ സർവതോന്മുഖമായ വളർച്ചയ്‌ക്കും പുരോ​ഗ​തിക്കും നാഴികക്കല്ലുകളായ സംഭാ​വ​ന​കൾ നൽകിയ ഡോ. വിക്രം സാരാ​ഭാ​യിക്ക് ഭാര​ത​രത്നം നൽകിയിട്ടില്ല. ഭാരത സർക്കാർ അദ്ദേഹത്തോട് കാണിച്ച ചരി​ത്ര​പ​ര​മായ ഈ നന്ദി​കേട് എത്ര​കാലം തുട​രും?

(ലേഖകൻ കോമൺവെൽത്ത്,​ യു.എൻ.ഇ.പി.,​ യുനെസ്‌കോ, കേരള സർക്കാർ എന്നിവയുടെയും മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെയും സുസ്‌ഥിര വികസന ഉപദേശകനായിരുന്നു. )