3

വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ചതുപ്പുനിലങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ആധുനിക ജിയോ സെൽ റോഡ് നിർമിക്കുന്നു. പരിസ്ഥിതിക്ക് ദോഷമല്ലാത്ത കാർബൺ കുറഞ്ഞ പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചാണ് ജിയോ സെല്ലുകൾ നിർമ്മിക്കുന്നതെന്നും കേരളത്തിൽ ആദ്യമായാണ് ആധുനിക രീതിയിൽ ഇത്തരം റോഡ് നിർമിക്കുന്നതെന്നും റോഡ് നിർമ്മാണ കമ്പനി അധികൃതർ പറഞ്ഞു. ഇതിന്റെ പണികൾ മുല്ലൂർ ജംഗ്ഷനിൽ ആരംഭിച്ചു. ഏറ്റവും അടിയിൽ ജിയോ ടെക്സ്റ്റൈൽ വിരിച്ച ശേഷം അതിനു മുകളിൽ അറകളോട് കൂടിയ ജിയോ സെൽ സ്ഥാപിക്കും. ഇതിനു മുകളിൽ മണൽ വിരിച്ച് ബലപ്പെടുത്തിയ ശേഷം മെറ്റൽ ഉപയോഗിച്ച് അടുത്ത അടുക്കും അതിന് മുകളിൽ ടാറിംഗുമാണ് രീതി. മണൽ ഉപയോഗിക്കുന്നതിനാൽ മെറ്റലിന്റെ അളവ് വളരെ കുറയ്ക്കാമെന്നും സാമ്പത്തിക ലാഭമുണ്ടാകുമെന്നും അധികൃതർ പറയുന്നു. അടിയിൽ ജിയോ മാറ്റ് വിരിക്കുന്നതിനാൽ വെള്ളം മാത്രം മുകളിലേക്ക് വരും. ചെളിക്കെട്ട് ഇല്ലാതെയും റോഡിന് ഇളക്കം തട്ടാതെയും ജിയോ മാറ്റ് സംരക്ഷണം നൽകും. ജലം ഒഴുകി പോകുന്നതിന് റോഡിന് വശത്ത് പൈപ്പുകളും സ്ഥാപിക്കും. വിവിധ സ്ഥലങ്ങളുടെ പ്രത്യേകതകൾ അനുസരിച്ചാണ് ജിയോ സെല്ലുകൾ ഉപയോഗിക്കുന്നത്. 175 മുതൽ 720 വരെ ജി എസ്.എം ഉള്ള ജിയോ സെല്ലുകളിൽ ഇവിടെ ഉപയോഗിക്കുന്നത് 356 ജി.എസ്.എം ഉള്ളതാണ്. റോഡിനു വശത്തെ ഡ്രെയിനേജ് സംവിധാനവും പ്രത്യേക രീതിയിലാണ് നിർമ്മിക്കുന്നത്. ഇളക്കി മാറ്റാൻ കഴിയുന്ന സ്ലാബുകൾക്ക് പകരം നിരവധി പൈപ്പുകൾ ഘടിപ്പിച്ച കോൺക്രീറ്റ് നിർമ്മിത ഓടകളാണ് നിർമ്മിച്ചിരിക്കുന്നത്. മഴ പെയ്താൽ ഈ പൈപ്പുകളിലൂടെ വെള്ളം ഓടയ്ക്കുള്ളിലേക്ക് ഇറങ്ങും. ജിയോസെൽ ഉപയോഗിച്ച് വയനാടിലെ കിൻഫ്രയിലാണ് മുൻപ് തറയുടെ നിർമ്മിതി ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ തന്നെ രണ്ടു കമ്പനികൾ മാത്രമാണ് ഇത്തരം ജിയോ സെൽ നിർമ്മിക്കുന്നത്.

ജിയോ സെൽ റോഡ് നിർമ്മിക്കുന്നത് 1.5 കി.മീറ്റർ

റോഡിന് 21.5 മീറ്റർ വീതി, 4 വരി, 2 അടി ഉയരം

6 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകും

ജിയോസെൽ റോഡിന്റെ സവിശേഷതകൾ

-------------------------------------------------------------------------

ഇത്തരം റോഡുകൾക്ക് അറ്റകുറ്റപ്പണികൾ കുറവ്

 തീപിടിത്തമുണ്ടായാൽ മാത്രമേ ജിയോസെൽ നശിക്കുകയുള്ളൂ

 ചരക്കു വാഹനങ്ങൾ കയറിയാലും റോഡിന് കുലുക്കമുണ്ടാകില്ല

 റോഡിന്റെ മീഡിയനിൽ മാൻഹോളുകൾ നിർമ്മിക്കും

തുറമുഖത്തേക്കുള്ള 220 കെ.വി വൈദ്യുതി ലൈനുകൾ

ഈ റോഡിനു അടിയിലൂടെ കടന്നു പോകും