തിരുവനന്തപുരം: മൂന്ന് മാസത്തിനുള്ളിൽ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഒന്നേകാൽ ലക്ഷം ഫയലുകളും തീർപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച ഫയൽ തീർപ്പാക്കൽ യജ്ഞം ഒരാഴ്ച പിന്നിട്ടു. ഇതുവരെ ഫയലുകളൊന്നും തീർപ്പായില്ലെങ്കിലും അതിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
ഇന്നലെ പാെതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ നടത്തിയ അവലോകനയോഗത്തിൽ സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഒരു മാസത്തിനുള്ളിൽ തീർപ്പാക്കാൻ തീരുമാനിച്ചു. വകുപ്പിലെ അസിസ്റ്റന്റ് മുതൽ സ്‌പെഷ്യൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
പൊതുഭരണവകുപ്പിലെ വിവിധ സെക്ഷനുകളിലെ ഫയലുകൾ 15നകവും സെക്രട്ടറി തലത്തിലുള്ള ഫയലുകൾ 31ന് മുമ്പും തീർപ്പാക്കാനാണ് ധാരണ. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് സെക്ഷനിലെ ഫയലുകൾ തീരാതെ വരികയാണെങ്കിൽ അവ സെക്രട്ടറിതലവുമായി ചേർത്ത് തീർപ്പാക്കാനാണ് തീരുമാനം. ഫയൽ തീർപ്പാക്കലിന്റെ ഇതുവരെയുള്ള പുരോഗതി ജോയിന്റ് സെക്രട്ടറിമാർ യോഗത്തെ അറിയിച്ചു. തീർപ്പാക്കലിന്റെ ഭാഗമായുള്ള അദാലത്തുകളെ കുറിച്ച് യോഗം ചർച്ച ചെയ്തു. ഫീൽഡ് ഓഫീസ് തലത്തിലും ഡയറക്ടറേറ്റ് തലത്തിലുമാവും അദാലത്തുകൾ. അതേസമയം, അദാലത്തുകൾ എന്നുമുതൽ ആരംഭിക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല. സെക്ഷനുകളിലെ ഫയലുകൾ പൂർത്തിയായ ശേഷം അദാലത്തിനെ കുറിച്ച് ആലോചിച്ചാൽ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ. സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് പൊതുഭരണ വകുപ്പിൽ 4775 ഫയലുകളാണ് തീർപ്പാക്കാനുള്ളത്.