കോവളം: രണ്ടാഴ്ചയായി തെരുവുവിളക്കുകൾ കണ്ണടച്ചതോടെ കോവളം ജംഗ്ഷൻ പൂർണമായും ഇരുട്ടിലായി. ഹൈമാസ്റ്റ് ഉൾപ്പെടെ തെരുവുവിളക്കുകളെല്ലാം പ്രവർത്തനരഹിതമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. രാത്രിയിൽ വാഹനങ്ങളുടെയും കടകളുടെയും വെളിച്ചം മാത്രമാണ് ഇപ്പോൾ ജംഗ്ഷനിലുള്ളത്. കഴക്കൂട്ടം കാരോട് ബൈപ്പാസും ബീച്ച് റോഡ് ഉൾപ്പെടെ മറ്റു നാല് റോഡുകളും സന്ധിക്കുന്ന ജംഗ്ഷനാണിത്. ഇടറോഡുകളിൽ നിന്ന് ഇവിടേക്ക് എത്തുന്ന വാഹനങ്ങളും ബീച്ചിലേക്കുള്ള വാഹനങ്ങളും ഗതാഗതത്തിരക്കേറിയ ബൈപ്പാസും ചേരുമ്പോൾ അപകട സാദ്ധ്യത ഏറും.
ഇവിടെ ട്രാഫിക് സിഗ്‌നൽ സംവിധാനം നിലച്ചിട്ടും മാസങ്ങളായി. ഇതോടെ പല ദിശകളിൽനിന്ന് എത്തുന്ന വാഹനങ്ങൾ വെളിച്ചമില്ലാത്ത ജംഗ്ഷനിൽ എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. കാൽനട യാത്രക്കാർക്കും ഇത് വലിയ ഭീഷണിയാണ്. 2012 ൽ 8 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ജംഗ്ഷനിൽ ലൈറ്റ് സ്ഥാപിച്ചത്. അന്നത്തെ മേയർ ജെ. ചന്ദ്രികയായിരുന്നു ഉദ്ഘാടനം ചെയ്തത്. നഗരസഭയുടെ തിരുവല്ലം സോണലിൽ നിന്നാണ് പണം കെ.എസ്.ഇ.ബി സെക്ഷനിൽ അടയ്ക്കുന്നത്. ത്രീ ഫേസ് കണക്ഷനായതിനാൽ മാസം ശരാശരി 7000 രൂപ ചെലവ് വേണ്ടി വരും. സാങ്കേതിക തകരാർ സംഭവിച്ചാൽ നഗരസഭാധികൃതർ ബന്ധപ്പെട്ട കരാറുകാരനെ കൊണ്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കാറില്ല. നിലവിൽ ഉണ്ടായിരുന്ന ലൈറ്റിനെ ഹൈവേ അതോറിട്ടി അധികൃതരാണ് മാറ്റി സ്ഥാപിച്ചത്.
നഗരസഭയുടെ പല വാർഡുകളിലും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചിട്ടും വെള്ളാർ വാർഡിൽ ഉൾപ്പെടുന്ന കോവളം ജംഗ്ഷൻ മുതൽ നെടുമം വരെ ലൈറ്റുകൾ സ്ഥാപിക്കാത്തതിൽ രോഷാകുലരാണ് നാട്ടുകാർ. നാലുവരിയായി തുറന്നുകൊടുത്ത തിരുവല്ലംവാഴമുട്ടം ബൈപ്പാസിലും രാത്രിയിൽ വെളിച്ചമില്ലാത്ത സ്ഥിതിയാണ്. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചം മാത്രമാണ് റോഡിലുള്ളത്. ഇരുവശങ്ങളിലും സമീപറോഡിന്റെയും നടപ്പാതയുടെയും ജോലികൾ നടക്കുന്നതിനാൽ ഇതും അപകടത്തിനിടയാക്കുന്നു.
റോഡ് വീതി കൂട്ടുന്നതിനായി വശങ്ങളിലെ വൈദ്യുതത്തൂണുകൾ എടുത്തുമാറ്റിയിരുന്നു. സമീപറോഡുകളുടെ പണികൂടി പൂർത്തിയായാലേ വൈദ്യുതീകരണ ജോലികൾ ആരംഭിക്കാനാകൂ. യാതൊരു ബദൽമാർഗവും ഇവിടെ ഏർപ്പെടുത്തിയിട്ടുമില്ല. ഈ പ്രദേശത്ത് തെരുവുനായ ശല്യവും കൂടുതലായതിനാൽ രാത്രിയിൽ വേഗത്തിലെത്തുന്ന വാഹനയാത്രികർ പലപ്പോഴും ഇരുട്ടിൽ നായ്ക്കളെ കാണാത്തത് അപകടത്തിനിടയാക്കുന്നുണ്ട്.
സ്ഥാപിച്ചത് 2012ൽ
ചെലവ് 8 ലക്ഷം
മാസ ചെലവ് 7000
രാത്രികാലങ്ങളിൽ ഇവിടെ അപകടങ്ങൾ പതിവാണ്
സമീപത്തെ കടകളുടെ വെളിച്ചം മാത്രമാണുള്ളത്
റോഡുകളുടെ പണി നടക്കുന്നതിനാൽ അപകട നിരക്ക് വർദ്ധിക്കുകയാണ്
അധികൃതരുടെ അലംഭാവമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം
ഇവിടെ ഉണ്ടായിരുന്ന ട്രാഫിക് സിഗ്‌നലുകളും പണിമുടക്കിയിട്ടും നാളേറെയായി