general

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ ഉപറോഡായ മുടവൂർപ്പാറ – ദിലീപ് റോഡിന്റെ നവീകരികരണം നീളുന്നതിനെതിരെ ആക്ഷേപമുയരുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ബി. സതീഷ് എം.എൽ.എ മരാമത്ത് അധികൃതർക്ക് കത്ത് നൽകിയെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. എസ്റ്റിമേറ്റ് എടുത്ത് റോഡ് ടാറിടാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചെങ്കിലും പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. നിലവിൽ ടാർ ഇളകി റോഡിനു നടുവിൽ വലിയ ഗട്ടറുകൾ രൂപപ്പെട്ടനിലയിലാണ്. മഴയത്തുണ്ടാകുന്ന വെള്ളക്കെട്ട് കാരണം ഇതുവഴി ഒരു വാഹനത്തിനും കടന്നുപേകാൻ കഴിയാത്ത അവസ്ഥയാണ്. 2016 ൽ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് റോഡ് നവീകരിച്ചതിനുശേഷം ഇതേവരെ മറ്റ് മെയിന്റനൻസ് വർക്കുകൾ നടന്നിട്ടില്ലെന്നും ആക്ഷേപമുയരുന്നു. ഓടനിർമ്മിക്കാത്തതിനെ തുടർന്നാണ് റോഡ് പൊട്ടിപ്പൊളിയുന്നതെന്നും പരാതിയുണ്ട്. ഉപറോഡുകളുടെ നവീകരണത്തിന് അഞ്ച് ലക്ഷം രൂപ മാത്രമേ പഞ്ചായത്തിൽ നിന്നും അനുവദിക്കുകയുള്ളൂ. ഇക്കാരണത്താൽ ടാറിട്ട് മാസങ്ങൾ കഴിയും മുമ്പേ റോ‌ഡ് പൊട്ടിപ്പൊളിയുകയാണ്. ദീർഘകാല സുരക്ഷിതത്വം ഉറപ്പ് വരുത്തി റോഡ് നവീകരിക്കണമെങ്കിൽ 25 ലക്ഷത്തോളം രൂപ വേണ്ടി വരും. ബ്ലോക്ക് –ജില്ലാ പ്രതിനിധികളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചാൽ മാത്രമേ റോഡിന്റെ നിർമ്മാണം സാദ്ധ്യമാവുകയുള്ളൂ. കരമന-കളിയിക്കാവിള ദേശീയപാതയിൽ പൂങ്കോട്,​ വെടിവെച്ചാൻകോവിൽ ഗതാഗതകുരുക്ക് രൂക്ഷമാകുമ്പോൾ മുടവൂർപ്പാറയിലെ ബൈറോഡ് വഴിയാണ് ഭഗവതിനട പെരിങ്ങമല ഭാഗത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്നത്. പൂങ്കോട് വാർഡ് മെമ്പർ അംബികാദേവിയാണ് വാർഷിക ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ച് റോഡ് അവസാനമായി ടാറിട്ടത്. കഴിഞ്ഞ ജൂൺ 8 ന് റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് എം.എൽ.എ,​ ബ്ലോക്ക് മെമ്പർ എന്നിവർ രംഗത്തെത്തിയിരുന്നു. മരാമത്ത് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടന്നെങ്കിലും നാട്ടുകാരെ ബോദ്ധ്യപ്പെടുത്താനുള്ള പ്രഹസനമായിമാറുകയായിരുന്നു.