നെടുമങ്ങാട് : ഊരാക്കുടുക്കായി മാറിയ സിൽക്ക് ഫാം- ഉണ്ടപ്പാറ -വള്ളിയറുപ്പൻകാട് റോഡിലെ ദുർഘടാവസ്ഥ അഴിക്കാൻ പി.ഡബ്ലിയു.ഡി രംഗത്ത്. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന റോഡിലെ അപകടാവസ്ഥയ്ക്കെതിരെ ഉണ്ടപ്പാറ പൗരസമിതിയുടെയും ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ നാട്ടുകാർ സമരരംഗത്ത് വന്നിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ 26 ന് കേരളകൗമുദി പ്രസിദ്ധീകരിച്ച 'ഊരാക്കുടുക്കായി' ഉണ്ടപ്പാറ റോഡ് എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അഡ്വ. ഡി.കെ. മുരളി എം.എൽ.എ മുൻകൈയെടുത്താണ് നടപടികൾ സജീവമാക്കിയത്. താന്നിമൂട് മുതൽ ഉണ്ടപ്പാറ വഴി മൂന്നാനക്കുഴി വരെ വീതി കൂട്ടി ആധുനിക നിലവാരത്തിൽ റബറൈസ്ഡ് ടാറിംഗ് നടത്താനാണ് തീരുമാനം. ഈ ഭാഗത്തെ ഓടകളും സൈഡ് വാളും നിർമ്മിക്കാൻ ഒരു കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കും. നെടുമങ്ങാട്-വെഞ്ഞാറമൂട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഉണ്ടപ്പാറ റോഡിൽ മൂന്നാനക്കുഴി മുതൽ തേമ്പാമൂട് വരെ ഓട നിർമ്മാണവും റീട്ടെയിൽ വർക്കുകളും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ഒരു കോടി രൂപ ഈ ഭാഗത്തെ നവീകരണത്തിനായി ചെലവിട്ടു. ആകെ 11 കി.മീറ്റർ റോഡാണ് റബറൈസ്ഡ് ചെയ്യുക. സമീപ പ്രദേശങ്ങളിൽപ്പോലും ഹൈടെക് റോഡുകൾ വന്നിട്ടും ആനാട്, പനവൂർ, വെമ്പായം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഉണ്ടപ്പാറ റോഡിനെ അധികൃതർ കൈയൊഴിഞ്ഞതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. തടി, പാറ, ഹോളോബ്രിക്സ് ലോഡ് നിറച്ചുവരുന്ന ലോറികൾ വളവുകളിൽ കുടുങ്ങുന്നത് റോഡിലെ സ്ഥിരം കാഴ്ചയാണ്. കുഴിവിള എൽ.പി സ്‌കൂളും അംഗൻവാടികളും ആരാധനാലയങ്ങളും റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നുണ്ട്. വില്ലേജ് ഓഫീസ്, ആശുപത്രി എന്നിവിടങ്ങളിൽ എത്താനും വേറെ മാർഗമില്ല. പഞ്ചായത്ത് റോഡുകളുടെ പട്ടികയിൽ നിന്ന് അടുത്തിടെയാണ് പി.ഡബ്ലിയു.ഡി ഉണ്ടപ്പാറ റോഡ് ഏറ്റെടുത്തത്.