ggg

നെയ്യാറ്റിൻകര: വ്ളാത്തങ്കര സ്വർഗാരോപിത മാതാ ദേവാല തീർത്ഥാടനത്തിന്റെ ഭാഗമായി 1002 സ്ത്രീകൾ അണിനിരന്ന തിരുവാതിര വിസ്മയമായി. തിരുവാതിരയുടെ ഉദ്ഘാടനം മന്ത്രി കടന്നപളളി രാമചന്ദ്രൻ നിർവഹിച്ചു. കെ. ആൻസലൻ എം.എൽ.എ, എൻ. ശക്തൻ, പാറശാല ബ്ലോക്ക് പ്രസിഡന്റ് വി.ആർ. സലൂജ, മജീഷ്യൻ മനു തുടങ്ങിയവർ മുഖ്യാതിഥികളായി. ദേവാലയത്തിന് മുന്നിലെ മൈതാനത്തിൽ 6 വൃത്തങ്ങളിൽ വീണ്ടും 4 ചെറു വൃത്തങ്ങൾ ക്രമീകരിച്ചാണ് തിരുവാതിരക്കളി അരങ്ങേറിയത്. നൃത്താദ്ധ്യപകനായ ജി.എസ്. അനിൽകുമാറാണ് തിരുവാതിരയുടെ പരമ്പരാഗത ചുവടുകൾ ചിട്ടപ്പെടുത്തിയിയത്. ഇടവകയിലെ 4 വയസുകാരി ആർദ്ര മുതൽ 60 വയസുകാരി സുമഗല വരെ പങ്കെടുത്തു. സ്വർഗാരോപിത മാതാവിനെക്കുറിച്ചും ക്രിസ്തുദേവന്റെ ജനനം, കാനായിലെ കല്യാണം, ബൈബിളിലെ വിവിധ അത്ഭുതങ്ങൾ, കാൽവരിയിലെ കുരിശുമരണം തുടങ്ങി വിവിധ സംഭവങ്ങളെയും കോർത്തിണക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരുന്നത്. ഗാനരചയിതാവും അദ്ധ്യാപകനുമായ ജോയി ഓലത്താന്നി രചിച്ച ഗാനം ചിട്ടപ്പെടുത്തിയത് സംഗീത സംവിധായകൻ അനിൽ ഭാസ്‌കറാണ്. ഭൈരവിയും ഭാവശ്രീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ആയിരത്തിൽ കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറുന്നതെന്ന് സംഘാടകർ അറിയിച്ചു.