sreeram-venkitaraman-arre

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കാനിടയാക്കിയത് പൊലീസ് ബോധപൂർവം വരുത്തിയ പിഴവുകൾ. കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിരുന്നില്ല.

അപകടത്തിനു പിന്നാലെ ശ്രീറാമിനെ ജനറൽ ആശുപത്രിയിലെത്തിച്ച് ദേഹപരിശോധന നടത്തിയെങ്കിലും രക്തപരിശോധന നടത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. രക്തം നൽകാൻ ശ്രീറാം വിസമ്മതിച്ചെന്നും ശ്രീറാമിന്റെ സുഹൃത്തുക്കൾ തടഞ്ഞെന്നും പൊലീസ് പറയുന്നു. പിന്നീട് സ്വന്തം നിലയിൽ സ്വകാര്യ ആശുപത്രിയിലേക്കു പോയ ശ്രീറാമിനെതിരെ കേസെടുത്ത ശേഷമാണ് രക്തസാമ്പിളെടുത്തത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡി.ജി.പി ബന്ധപ്പെട്ടപ്പോൾ, ശനിയാഴ്ച രാവിലെ തന്നെ ശ്രീറാമിന്റെ രക്തം ശേഖരിച്ചതായി സിറ്റി അഡി.കമ്മിഷണർ സഞ്ജയ്‌ കുമാർ ഗുരുദിൻ ഡി.ജി.പിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. രക്ത സാമ്പിളിൽ മദ്യത്തിന്റെ അംശമില്ലെന്ന് ഫലം വന്നതോടെ ശ്രീറാമിന് ജാമ്യം ലഭിക്കുന്നത് എളുപ്പമായി.

ശ്രീറാമിന്റെ വിരലടയാളമെടുക്കുന്നതു പോലും ഡോക്ടർമാർ വിലക്കിയെങ്കിലും ജാമ്യാപേക്ഷയ്ക്കുള്ള വക്കാലത്ത് ശ്രീറാം ഒപ്പിട്ടുനൽകി. ശ്രീറാമിന് മദ്യഗന്ധമുണ്ടായിരുന്നെന്ന് മ്യൂസിയം പൊലീസിന്റെ കേസ് ഷീറ്റിലും ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പിലുമുള്ള വിവരം റിമാൻഡ് റിപ്പോർട്ടിൽ മറച്ചുവച്ച പൊലീസ്, ദേഹപരിശോധനയ്ക്കായി ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയെന്ന വിവരവും കോടതിയെ അറിയിച്ചില്ല. അപകടസ്ഥലത്ത് പൊലീസ് എത്തിയ വിവരമോ ആശുപത്രിയിലേക്ക് കൊണ്ടുപോയ വിവരമോ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്താതെ ശ്രീറാമിന് ജാമ്യം ലഭിക്കാൻ പൊലീസ് വഴിയൊരുക്കുകയായിരുന്നു.

അതിനിടെ,​ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച എ.ഡി.ജി.പി ദർവേഷ് സാഹിബിന്റെ സംഘം ഇന്നലെ യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. പൊലീസിനു സംഭവിച്ച പിഴവുകൾ പരിശോധിക്കാനും യോഗം തീരുമാനിച്ചു.