തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിലായിരുന്നപ്പോൾ അദ്ദേഹത്തെ സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നു. ജുഡിഷ്യൽ കസ്റ്റഡിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ഐ.എ.എസ് അസോസിയേഷൻ ഭാരവാഹി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ അനുമതിയില്ലാതെ സന്ദർശിച്ചെന്നാണ് ആരോപണം. ഇതിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ ഇന്റലിജൻസ് വിഭാഗത്തോട് മുഖ്യമന്ത്റിയുടെ ഓഫീസ് ആവശ്യപ്പെട്ടതായാണ് വിവരം. മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥൻ ഉൾപ്പടെ ഔദ്യോഗിക ആവശ്യത്തിനല്ലാതെ അനുമതിയില്ലാതെ സ്വകാര്യ ആശുപത്രി മുറിയിലെത്തി ശ്രീറാമുമായി ചർച്ചനടത്തിയെന്നും ആരോപണമുണ്ട്.
ശ്രീറാമിന്റെ പരിചയക്കാരായ ഡോക്ടർമാരും മുറിയിലെത്തി ചർച്ചകൾ നടത്തിയതായും അതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ കാര്യങ്ങൾ നിശ്ചയിച്ചതെന്നും സംശയമുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിമുറിയിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നപ്പോൾ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നെങ്കിലും ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ കാവൽ നിന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് തടയാനായില്ല. ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പരിശോധിക്കാനെടുക്കുന്നത് വൈകിപ്പിച്ചതിനും വിരലടയാളം ഉൾപ്പടെയുള്ളവ ശേഖരിക്കുന്നത് വൈകിപ്പിച്ചതിന് പിന്നിലും ഈ ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായെന്നാണ് ആരോപണം.ശ്രീറാമിന്റെ മുറിയിലേക്ക് നിരവധി തവണ ഉദ്യോഗസ്ഥരുടെത് അടക്കമുള്ള ഫോൺ കോളുകൾ കണക്ട് ചെയ്തിരുന്നതായി വിവരമുണ്ട്. ശ്രീറാമിന്റെ മൊബൈൽ ഫോൺ ഓഫായതിന് ശേഷമായിരുന്നു ഇത്. ജുഡിഷ്യൽ കസ്റ്റഡിയിലുണ്ടായിരുന്ന ആദ്യ ദിവസം ശ്രീറാം വാട്സ്ആപ് അടക്കം സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു.