കിളിമാനൂർ: നെല്ലിക്കുന്ന് മലയിൽ നടക്കുന്ന സമര കാഹളത്തിനൊടുവിൽ പാറമടകൾ കളക്ടറുടേയും സത്യൻ.എം.എൽ.എയുടേയും നേതൃത്വത്തിൽ സന്ദർശിച്ചു. തുടർന്ന് അനധികൃതമായാണോ ക്വാറി പ്രവർത്തിക്കുന്നതെന്ന് സംഘം വിലയിരുത്തി.കൂടാതെ നെല്ലിക്കുന്ന് പാറമലയിലെ ഖനനം പഞ്ചായത്ത് റോഡ് കൈയേറിയതുൾപ്പെടെ ഒരാഴ്ചയ്ക്കകം അളന്ന് തിട്ടപ്പെടുത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും അതുവരെ ഖനനം നിറുത്തി വയ്ക്കുമെന്നും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അഡ്വ.ബി.സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം കളക്ടർ സന്ദർശിച്ചത്.പ്രഥമദൃഷ്ടിയിൽ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ.ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന രീതിയിലാണ് ക്വാറി പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. എം.രഘു, സുരേഷ് കുമാർ, സുഗതൻ, അഡ്വ.ബി.സത്യൻ എം.എൽ.എ, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം.രഘു, കരവാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ, നഗരൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുഗതൻ എന്നിവരും കളക്ടർക്കൊപ്പം സ്ഥലം സന്ദർശിച്ചു.

നിയമാനുസൃതമായാണോ ഖനനം നടക്കുന്നതെന്ന് ഉറപ്പാക്കാൻ റവന്യൂ- പഞ്ചായത്ത് അധികൃതർക്ക് കളക്ടർ നിർദ്ദേശം നൽകി. പഞ്ചായത്ത് റോഡ് കൈയേറിയതായി തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്തുമെന്നും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കും....ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ

പാറപൊട്ടിക്കുന്നതിനായി നഗരൂർ പഞ്ചായത്തിൽ അപേക്ഷ നൽകിയിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് മുല്ലക്കര രത്നാകരൻ എം.എൽ.എ ഉൾപ്പെടെ പരിസ്ഥിതി പ്രവർത്തകർ ഇവിടെ എത്തുകയും സമരക്കാർക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു. നിലവിൽ പാറ പൊട്ടിക്കാൻ അനുമതി തേടി അപേക്ഷ നൽകിയ പോരിയോട് മല ഉൾപ്പെടെയുള്ളവ സർക്കാർ തരിശ് ഭൂമിയിലാണ്. കരവാരം പഞ്ചായത്ത് നൽകിയ ഡ്യൂമാൾ സർട്ടിഫിക്കറ്റ് പ്രകാരമാണ് ഖനനം.എന്നാൽ ഇതിൻ പ്രകാരം ലൈസൻസുള്ള മറ്റു സ്ഥലങ്ങളിൽ നിന്ന് ഇവിടെ പാറ എത്തിച്ച് ക്രഷർ യൂണിറ്റ് നടത്താനെ അനുമതിയുള്ളൂ.

തീയിലമർന്ന്

വർഷങ്ങൾക്ക് മുമ്പ് ക്വാറിയിൽ നിന്നും ഗ്രാനൈറ്റ് പീസുമായി ആറ്റിങ്ങളിലേക്ക് പോയ ലോറി നിയന്ത്രണം വിട്ട് ഒരു കാറിനു മുകളിലേക്ക് മറിഞ്ഞുണ്ടായ തീപിടുത്തം ഇന്നും നാടിനെ നടുക്കുന്ന ഓർമ്മയാണ്.ചെമ്മരത്ത് മുക്കിനും നഗരൂരിനും ഇടയിലായിരുന്നു ആ ദുരന്തം നടന്നത്.കാറിലുണ്ടായിരുന്നവർ കത്തിക്കരിഞ്ഞു.ഇന്നും ആ ഭാഗത്ത് ശേഷിച്ച ഗ്രാനൈറ്റ് പീസുകൾ നമുക്ക് കാണാനാകും.

വിശദമായ പരിശോദനയ്ക്ക് അനുവദിച്ചത് 7 ദിവസം