medical-mop-up-allotment

തിരുവനന്തപുരം: രണ്ടാംഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുവന്ന എം.ബി.ബി.എസ് സീറ്രുകളിലേക്ക് 7, 8 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബിലെ (ഗ്രീൻ ഫീൽഡ് സ്റ്റേഡിയം) ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മോപ് അപ് കൗൺസലിംഗ് നടത്തും. 7ന് രാവിലെ 10ന് തുടങ്ങും. കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിലുള്ളവർക്കേ അവസരമുള്ളൂ. അഖിലേന്ത്യാ കൗൺസലിംഗിൽ പ്രവേശനം നേടിയവരെ പരിഗണിക്കില്ല. ബി.ഡി.എസ് അലോട്ട്മെന്റ് പിന്നീട് നടത്തും. മോപ് അപ് കൗൺസലിംഗിൽ പങ്കെടുക്കുന്നതി​ന് www.cee.kerala.gov.in ലെ ഹോം പേജിൽ നിന്ന് മോപ്പ് അപ് കൗൺസലിംഗ് സ്ലിപ്പ് ഡൗൺലോ‌ഡ് ചെയ്യണം. ഇന്ന് വൈകിട്ട് 5വരെയാണ് ഡൗൺലോഡ് ചെയ്യാനാവുക. മോപ് അപ് സ്ലിപ്പില്ലാത്തവരെ പങ്കെടുപ്പിക്കല്ല. ആദ്യത്തെ 10,000 റാങ്കിനകത്തുള്ളവർ 7ന് രാവിലെ 10നും ശേഷിക്കുന്നവർ ഉച്ചയ്ക്ക് രണ്ടിനും ഹാജരാകണം.

ഒരു ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയവർക്ക് മറ്റൊരു കോളേജിലേക്ക് മാറ്റം അനുവദിക്കില്ല. ഒരു സ്വാശ്രയ കോളേജിൽ നിന്ന് മറ്റൊരു സ്വാശ്രയ കോളേജിലേക്കും മാറ്റം നൽകില്ല. സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർക്ക് സർക്കാർ കോളേജുകളിലേക്കും ഗവ. കോളേജുകളിൽ പ്രവേശനം ലഭിച്ചവർക്ക് സ്വാശ്രയ കോളേജുകളിലേക്കും മാറ്റം അനുവദിക്കും. സ്വാശ്രയ കോളേജിലെ എൻ.ആർ.ഐ സീറ്റിൽ നിന്ന് അതേ കോളേജിലെയോ മറ്റ് സ്വാശ്രയ കോളേജുകളിലെയോ ഗവ, കമ്മ്യൂണിറ്റി സീറ്രുകളിലേക്ക് മാറ്റം അനുവദിക്കും.