നേമം: ശാന്തിവിള താലൂക്കാശുപത്രിയിലെ പനി വാർഡ് പൂട്ടികിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. പ്രധാന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ജനറൽ വാർഡുകൾ എന്ന ലക്ഷ്യത്തോടെ പണികഴിപ്പിച്ച ഫ്ലോറിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ട് രണ്ട് വർഷത്തോളമായി.
ഒരു വർഷം മുൻപ് പരിസരങ്ങളിൽ പനി പർന്ന് പിടിച്ചതോടെ കുറെ നാൾ പനി വാർഡ് ഈ ഫ്ലോറിൽ പ്രവർത്തിച്ചതായും തുടർന്ന് അത് അടച്ചു പൂട്ടിയതായും രോഗികൾ തന്നെ പറയുന്നു. കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം തുടങ്ങി നിരവധി പഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്രയവുമായിട്ടുള്ള ഈ സർക്കാർ ആശുപത്രിയുടെ വികസനത്തിന് വേണ്ടി ജനങ്ങൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് വർഷം ഏറെയായി. കരമന- കളിയിക്കാവിള ദേശീയപാതയിൽ നടക്കുന്ന അപകടങ്ങളിൽപ്പെടുന്നവരെ പ്രാഥമിക ചികിത്സയ്ക്കായി എത്തിക്കുന്നതും ഈ സർക്കാർ ആശുപത്രിയിൽ തന്നെയാണ്.
പുതിയതായി പണിത മൂന്നാം നിലയിൽ എത്തണമെങ്കിൽ ലിഫ്റ്റ് സൗകര്യമോ റാമ്പ് സൗകര്യമോ സജ്ജമാക്കാൻ കഴിയാത്തതാണ് വാർഡ് തുറന്നു കൊടുക്കുന്നതിൽ കാലതാമസം നേരിടുന്നത്. ലിഫ്റ്റിനു വേണ്ടിയുളള ഫണ്ട് ആരോഗ്യ മിഷൻ നേരത്തെ അനുവദിച്ചതായും പറയുന്നു. എന്നാൽ പ്രധാന കെട്ടിടത്തോട് ചേർന്ന് ലിഫ്റ്റ് സ്ഥാപിച്ചാൽ ആംബുലൻസിനും മറ്റ് വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ കഴിയില്ലെന്ന കാരണത്താലാണ് ലിഫ്റ്റ് സ്ഥാപിക്കൽ നീണ്ടു പോകുന്നത്.