സുന്ദരനായ ആട്ടിൻകുട്ടിയാണ് ഇതെന്ന് ഒറ്റനോട്ടത്തിൽ ആർക്കുമൊന്ന് തോന്നിപ്പോകും. എന്നാൽ, ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാൽ അറിയാം തോന്നൽ തെറ്റാണെന്ന്. ബെഡ്ലിംഗ്ടൺ ടെറിയർ എന്നയിനം നായ ആണിത്. ചെമ്മരി ആടിൻ കുട്ടിയെപ്പോലെ തോന്നിക്കുന്ന ഇതിനെ കണ്ടാൽ ആൾ പഞ്ചപാവമാണെന്ന് തോന്നും. പക്ഷേ, അതിനോട് അടുക്കുമ്പോഴല്ലേ കാര്യമറിയൂ. ദേഷ്യം വന്നാൽ പോക്കാണ്. പുലിയെ തോൽപ്പിക്കും വീറാണ്
വളരെ വേഗത്തിൽ ഓടാൻ കഴിവുള്ള ഇവ പെട്ടെന്ന് ഇണങ്ങിച്ചേരുന്ന സ്വഭാവം ഉള്ളവയാണ്. മനുഷ്യർക്കൊപ്പം കളിക്കാനും ഇക്കൂട്ടർക്ക് വളരെ ഇഷ്‌ടമാണ്. റോത്ബറി ടെറിയർ, റോത്ബറി ലാമ്പ് എന്നിങ്ങനെയും ഇവ അറിയപ്പെടുന്നുണ്ട്. വടക്ക് - കിഴക്കൻ ഇംഗ്ലണ്ടിലെ നോർത്തംബെർലാൻഡിലെ ബെഡ്ലിംഗ്ടൺ ആണ് ഇവയുടെ സ്വദേശം. ആടിനെ പോലെതന്നെ ഇവയുടെ തലയ്‌ക്ക് ഓവൽ ആകൃതിയാണ്. ആൽമണ്ട് ആകൃതിയോടു കൂടിയ ചെറിയ കണ്ണുകളാണ് ബെഡ്ലിംഗ്ടൺ ടെറിയറിന്. ആടിന് സമാനമായ ഇവയുടെ ചെറു രോമങ്ങൾക്ക് ഒരിഞ്ചോളം നീളം വരും. ഒറ്റനോട്ടത്തിൽ ഒരു കുഞ്ഞൻ ആട് തന്നെ!
നായകൾക്കായുള്ള മത്സരങ്ങളിൽ ബെഡ്ലിംഗ്ടൺ ടെറിയറുകളെ ഉപയോഗിക്കാറുണ്ട്. വെള്ള, ചാരം, ഇളം നീല തുടങ്ങിയ നിറങ്ങളിലൊക്കെ ഇവയെ കാണാറുണ്ട്. 17 ഇഞ്ച് നീളമുള്ള ഇവയുടെ ഭാരം ഏകദേശം 7 മുതൽ 11 കിലോയോളം വരും. പതിനാല് വർഷം വരെയാണ് ഇവയുടെ ആയുസ്.