sarkara-niraputhari

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ നടന്ന നിറപുത്തരി ചടങ്ങിൽ വൻ ഭക്തജനപ്രവാഹം. രാവിലെ 5.45നും 6.15നുമിടയ്ക്ക് ക്ഷേത്ര മേൽശാന്തി വടക്കേമഠം രാജഗോപാൽ പോറ്റിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രക്കുളത്തിന് പടിഞ്ഞാറ് സജ്ജമാക്കിയിരുന്ന കറ്റകൾ ക്ഷേത്ര മേൽശാന്തിയുടെയും മറ്റ് ശാന്തിക്കാരായ സുരേഷ് പോറ്റി, അരുൺ പോറ്റി, ഈശ്വർ പോറ്റി എന്നിവരുടെയും നേതൃത്വത്തിൽ ക്ഷേത്രം ചുറ്റി വടക്കേ നടയിലെത്തി ക്ഷേത്രത്തിൽ പ്രവേശിച്ച് ശ്രീകോവിലിന് മുമ്പിലെ മണ്ഡപത്തിലെത്തിച്ചു. തുടർന്ന് നെൽക്കതിരുകൾ ഇടിച്ച് അവിലാക്കി ദേവിക്ക് നിവേദ്യം നൽകി. നെൽക്കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകി. ഒരു വർഷം ഭവനങ്ങളിൽ സമ്പത്തും ഐശ്വര്യവും വ‌ർദ്ധിക്കുമെന്ന വിശ്വാസത്തോടെ നൽകുന്ന ഈ നെൽക്കതിരുകൾ വാങ്ങാൻ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു.