aug07a

ആറ്റിങ്ങൽ: ദേശീയപാതയോരത്ത് പൂവൻപാറ ബസ് സ്റ്റോപ്പിന് സമീപത്തെ ഇടറോഡായ മേലാറ്റിങ്ങൽ ശിവക്ഷേത്രം റോഡിലൂടെ ജനം സ്വസ്ഥമായി യാത്രചെയ്തിട്ട് നാളുകൾ ഏറെയായി. കഴിഞ്ഞ മൂന്ന് വർഷമായി പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പാടുപെട്ടാണ് ഇവരുടെ സാഹസിക യാത്ര. ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടതായിരുന്നു ഈ റോഡ്. ശിവക്ഷേത്രം കഴിഞ്ഞ് പേരാണം, തൊപ്പിച്ചന്ത, ഗുരുനാഗപ്പൻകാവ് എന്നിവിടങ്ങളിലേക്കെത്താൻ എളുപ്പവഴിയാണ് ഈ റോഡ്. എന്നാൽ ഈ റോഡ് തകർന്നതോടെ ജനം ബുദ്ധിമുട്ടുകയാണ്. ഒരാവശ്യത്തിന് ആട്ടോ വിളിച്ചാൽ പോലും വരാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി റോഡാണിത്. റോഡിന്റെ അവസ്ഥകാരണം ഇവിടെ താമസിക്കുന്നവർ ഗുരുനാഗപ്പൻകാവ് വഴി ചുറ്റിയാണ് ആറ്റിങ്ങലിൽ വരുന്നത്. പ്രത്യേകിച്ചും ഗർഭിണികളും രോഗികളും. നിരവധിതവണ പരാതി നൽകിയിട്ടും നഗരസഭാ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിയുണ്ട്.

ഏറെ ദയനീയാവസ്ഥയിലായ പൂവൻപാറ മുതൽ ശിവക്ഷേത്രം വരെയുള്ള റോഡിലെ കുഴികളിൽപ്പെട്ട് അപകടത്തിൽപ്പെടുന്ന യാത്രക്കാരുടെ എണ്ണത്തിലും കുറവില്ല. ഇരുചക്രവാഹന യാത്രക്കാരാണ് ഇതിൽ ഏറെയും. അപകടം വർദ്ധിക്കുമ്പോൾ നാട്ടുകാർ തന്നെ കുഴികളിൽ മണ്ണിട്ട് നികത്തും. എന്നാൽ പിന്നീടുവരുന്ന മഴയിൽ മണ്ണൊലിച്ച് മാറി കുഴികൾ വീണ്ടും രൂപപ്പെടും. അതും മുൻപത്തേതിലും വലുതാകും. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ അപകടങ്ങൾ വീണ്ടും തുടരും.

ആറ്റിങ്ങലിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാ‌ത്ഥികളെ കൊണ്ടുപോകാൻ നിരവധി സ്കൂൾ ബസുകളാണ് ഇതുവഴി പോകുന്നത്. എന്നാൽ റോഡ് തകർന്നതോടെ ബസുകൾ ഈ വഴി വരാതെയായി. പലരും സർവീസ് നിറുത്തി. പകരം, വിദ്യാർത്ഥികൾ പൂവൻപാറയിലോ സമീപത്തെ മറ്റ് നല്ല റോഡുകളിലോ എത്തിയാലെ സ്കൂൾബസ് കിട്ടുകയുള്ളു.