തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത് സി.പി.എമ്മും പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതർ തയ്യാറാക്കിയ തിരക്കഥയാണ് പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചത്. മദ്യപിച്ചിരുന്നു എന്നത് ഉൾപ്പെടെയുള്ള ആവശ്യമായ തെളിവുകളില്ലാതിരുന്നാൽ ഏത് കോടതിക്കും ഇത്തരമൊരു വിധിയെ പ്രസ്താവിക്കാനാവൂ. പ്രോസിക്യൂഷൻ ഹൈക്കോടതിയിലും ഇതേ നാടകം തന്നെ നടത്തുമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
സംഭവം നടന്നപ്പോൾ മുതൽ പ്രതിയെ സംരക്ഷിക്കാനുള്ള രക്ഷാപ്രവർത്തനമാണ് സർക്കാർ നടത്തിയത്. തെളിവുശേഖരിക്കുന്നതിൽ പോലീസിന് ഗുരുതരമായ വീഴ്ചപറ്റി. ശ്രീറാമിന് ജാമ്യം കിട്ടിയത് പിന്നിൽ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്കായി. ഇത് അപമാനമാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് മറ്റാർക്കെങ്കിലും ചുമതല നൽകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.