കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മങ്ങാട് - കാഞ്ഞിരംവിള റോഡ് തകർന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. കുത്തനെ ഇറക്കമുള്ള റോഡ് കാലവർഷത്തെ തുടർന്നാണ് കാൽനട യാത്ര പോലും സാദ്ധ്യമാകാത്ത രീതിയിൽ തകർന്നത്. ടാർ ചെയ്യാത്തതിനാൽ ചെളിക്കുളമാകുകയും ഗതാഗതം പൂർണമായി നിലയ്ക്കുകയും ചെയ്തതോടെ റോഡിനെ ആശ്രയിക്കുന്ന 200 ഓളം കുടുംബങ്ങൾ വലയുകയാണ്. സ്കൂൾ ബസുകൾ വരാത്തതിനാൽ വിദ്യാർത്ഥികളും ദുരിതത്തിലായി. രണ്ടു മാസം മുമ്പ് റോഡിൽ വീണു പരുക്കേറ്റ പള്ളിക്കൽ സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു. പഞ്ചായത്തിന് സമീപത്തുള്ള റോഡിന്റെ അവസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ചെളിമണ്ണ്‍ നീക്കം ചെയ്ത് ടാറോ, കോൺക്രീറ്റോ ഇട്ട് നാട്ടുകാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് ആവശ്യം. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നാട്ടുകാർ എം.എൽ.എയ്ക്ക് പരാതി നൽകി.