പുരുഷാധിപത്യമുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യവും ദീപ്തവുമായ മുഖമായിരുന്നു സുഷമാ സ്വരാജിന്റേത്. മുഖത്തു സദാ കളിയാടിയിരുന്ന നിറഞ്ഞ ചിരി രാഷ്ട്രീയത്തിനതീതമായി അവർക്ക് സൗഹൃദങ്ങൾ നേടിക്കൊടുത്തു. സ്വന്തം പാർട്ടിയായ ബി.ജെ.പിയിലെ പുരുഷ കേസരികളോട് പൊരുതി ഉന്നത സ്ഥാനമാനങ്ങൾ നേടാൻ അവരെ സഹായിച്ചത് ഏറ്റെടുക്കുന്ന ഏതു ദൗത്യവും കൃത്യതയോടും സമർത്ഥമായും ചെയ്യാനുള്ള അനിതര സാധാരണമായ കഴിവാണ്.
ദേശീയ രാഷ്ട്രീയത്തിൽ എല്ലാ നിലകളിലും തലയെടുപ്പോടെ നിന്ന നേതാവാണ് സുഷമാ സ്വരാജ്. തികച്ചും ആകസ്‌മികമായ അവരുടെ നിര്യാണം സ്വന്തം പാർട്ടിക്കു മാത്രമല്ല രാജ്യത്തിനു പൊതുവിലും കനത്ത നഷ്ടം തന്നെയാണ്. മൂന്നുവർഷം മുൻപു നടന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന സുഷമയ്ക്ക് ചൊവ്വാഴ്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യമുണ്ടായതും ആശുപത്രിയിലായതും. ആശുപത്രിയിലെത്തി അധികം കഴിയും മുമ്പേ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണമായത്. സന്ധ്യയോടെ ലോക്‌സഭയിൽ കാശ്‌മീർ പ്രമേയം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കിയപ്പോൾ അതീവ സന്തോഷത്തോടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട സുഷമ അല്‌പ സമയത്തിനകം കുഴഞ്ഞു വീഴുകയായിരുന്നു. 'ജീവിതത്തിൽ ഈ ദിവസത്തിനുവേണ്ടിയാണ് ഞാൻ കാത്തിരുന്നത്. ഇതു സാദ്ധ്യമാക്കിയതിന് മോദിജി, വളരെ നന്ദി' എന്ന വികാര നിർഭരമായ കുറിപ്പ് ഇട്ടശേഷമായിരുന്നു ഇത്. നവ മാദ്ധ്യമങ്ങളിൽ സദാ സജീവമായിരുന്ന സുഷമയുടെ ട്വിറ്ററിലെ അവസാന സന്ദേശവും ഇതാണ്.
ഇരുപത്തഞ്ചാം വയസിൽ തുടങ്ങുന്ന പൊതുജീവിതത്തിൽ ശ്രദ്ധേയവും സംഭവബഹുലവുമാണ് സുഷമയുടെ നേട്ടങ്ങൾ. ഹരിയാന നിയമസഭയിലായിരുന്നു തുടക്കം. രണ്ടുവട്ടം ഹരിയാനാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുഷമ രണ്ടു വർഷക്കാലം സംസ്ഥാനത്തെ തൊഴിൽവകുപ്പു മന്ത്രിയുമായി. ഹരിയാനയുടെ ചരിത്രത്തിലെ ഏറ്റവും ചെറുപ്രായത്തിൽ മന്ത്രിപദമേൽക്കുന്ന വനിതയെന്ന ചരിത്രം സുഷമയുടെ പേരിലുള്ളതാണ്. ഇരുപത്തഞ്ചാം വയസിലായിരുന്നു ഇത്. എൺപതുകളോടെ രാജ്യസഭാംഗത്വം വഴി ദേശീയ രാഷ്ട്രീയത്തിലേക്കു കടന്ന സുഷമയ്‌ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വാജ്‌പേയി മന്ത്രിസഭകളിൽ വാർത്താവിതരണം, പ്രക്ഷേപണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി നിയമിതയായതോടെ രാജ്യമൊട്ടാകെ സുഷമ ശ്രദ്ധിക്കപ്പെട്ടു. ഇടക്കാലത്ത് ഡൽഹി മുഖ്യമന്ത്രി പദവും സുഷമയെ തേടിയെത്തി. വാജ്‌പേയിയുടെ രണ്ടാം ടേമിൽ ആരോഗ്യവകുപ്പുമന്ത്രിയായിരിക്കെ അവരുടെ ഇടപെടലുകൾ ആരോഗ്യമേഖലയിൽ വലിയ തോതിൽ ഉണർവു സൃഷ്ടിച്ചിരുന്നു. രണ്ടാം യു.പി.എ ഭരണകാലത്ത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി പാർട്ടി നിയോഗിച്ചത് സുഷമയെയാണ്. പ്രതിപക്ഷനേതാവെന്ന നിലയ്‌ക്കുള്ള പാർലമെന്റിലെ അവരുടെ പ്രകടനം എതിരാളികളുടെ കൂടി പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിലും ഭരണപക്ഷവാദമുഖങ്ങൾ സമർത്ഥമായി നേരിടുന്നതിലും അസാധാരണമായ പാടവമാണ് അവർ പ്രകടിപ്പിച്ചത്.
2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ വിദേശകാര്യ വകുപ്പുമന്ത്രിയായതോടെയാണ് സുഷമയുടെ പ്രാഗല്ഭ്യം കൂടുതൽ തെളിഞ്ഞത്. കഴിവും നയതന്ത്രജ്ഞതയും ഏറെ ആവശ്യമായ ഈ പദവിയിൽ സുഷമ വളരെയധികം തിളങ്ങിയെന്നു മാത്രമല്ല ലോകരാജ്യങ്ങളുടെ സവിശേഷ ശ്രദ്ധയും പിടിച്ചുപറ്റി. കാശ്‌മീർ പോലുള്ള വിവാദ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വിട്ടുവീഴ്ചയില്ലാതെ രാഷ്ട്രാന്തര വേദികളിൽ അവതരിപ്പിക്കാൻ അനായാസം അവർക്കു സാധിച്ചു. ഗൾഫിൽ നടന്ന മുസ്ലിം രാജ്യങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യയ്ക്ക് ആദ്യമായി ക്ഷണം ലഭിച്ചപ്പോൾ സുഷമയാണ് പ്രതിനിധിയായി പോയത്. ഇന്ത്യയെ പങ്കെടുപ്പിക്കുന്നതിനെതിരെ പാകിസ്ഥാൻ ഉയർത്തിയ ബഹിഷ്കരണ ഭീഷണി നിഷ്പ്രഭമാക്കും വിധത്തിലുള്ളതായിരുന്നു സമ്മേളനത്തിൽ സുഷമയുടെ പ്രകടനം. കാശ്മീരിൽ പാകിസ്ഥാൻ നടത്തിക്കൊണ്ടിരുന്ന വിധ്വംസക പ്രവർത്തനങ്ങൾ മുസ്ലിം രാജ്യങ്ങൾക്കു മുൻപാകെ തുറന്നു കാണിക്കാനും ഈ അവസരം സുഷമ വിനിയോഗിച്ചു. രാഷ്ട്രീയമായി ഇന്ത്യയ്ക്ക് ഇതുവഴി ഏറെ നേട്ടവുമുണ്ടായി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുഷമാ സ്വരാജ് മത്സര രംഗത്തില്ലായിരുന്നു. അനാരോഗ്യം കാരണം സ്വയം ഒഴിഞ്ഞതാണോ ഒഴിവാക്കിയതാണോ എന്ന വിവാദം കെട്ടടങ്ങുംമുമ്പാണ് അപ്രതീക്ഷിതമായി മരണം വിലപ്പെട്ട ആ ജീവൻ തട്ടിയെടുത്തിരിക്കുന്നത്.
കക്ഷി രാഷ്ട്രീയത്തിനതീതമായി സഹായാഭ്യർത്ഥനയുമായി സമീപിക്കുന്ന ആരെയും അകമഴിഞ്ഞു സഹായിക്കുന്ന ഹൃദയ വിശാലതയാണ് സുഷമയെ രാജ്യത്തെ ഏറെ ജനപ്രീതിയുള്ള നേതാവാക്കി ഉയർത്തിയത്. സൗഹൃദത്തിന്റെ കാര്യത്തിലും കാണാമായിരുന്നു ഇത്. സ്നേഹ വാത്സല്യത്തോടെയല്ലാതെ, അവർ ഇടപെടുമായിരുന്നില്ല. ഇറാക്കിൽ അകപ്പെട്ട മലയാളി നഴ്സുമാരെ തിരികെ എത്തിക്കുന്നതിലും വിദേശങ്ങളിൽ പല കാരണങ്ങളാൽ കുടുങ്ങിപ്പോയവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിലും വിദേശകാര്യമന്ത്രിയെന്ന നിലയിൽ സുഷമ ചെയ്ത സഹായങ്ങൾ കൃതജ്ഞതാപൂർവമല്ലാതെ ഓർക്കാനാവില്ല. ജനങ്ങളെ സഹായിക്കാൻ വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു സുഷമയുടേത്. പ്രവാസികൾക്ക് എപ്പോഴും ആശ്രയിക്കാമായിരുന്ന സ്നേഹത്തുരുത്തായിരുന്നു അത്. പ്രവാസികളുടെ സ്നേഹാദരങ്ങൾ ഇത്രയധികം ഏറ്റുവാങ്ങിയ മറ്റൊരു വിദേശകാര്യമന്ത്രി ഉണ്ടായിട്ടുമില്ല. ആരോഗ്യ വകുപ്പുമന്ത്രിയായിരിക്കെ ഒരിക്കൽ തിരുവനന്തപുരം സന്ദർശിച്ച വേളയിൽ എയ്ഡ്‌സ് ബാധിതരായ പിഞ്ചുകുട്ടികളെ വാരിപ്പുണരുന്ന സുഷമയുടെ ചിത്രം പലരും ഓർക്കുന്നുണ്ടാവും. മാതൃവാത്സല്യം തുടിക്കുന്ന എപ്പോഴും മായാത്ത ചിരിയുമായി ജനമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടാറുള്ള സുഷമാ സ്വരാജ് അത്രവേഗം ജനമനസുകളിൽ നിന്നും മായുകയില്ല.