sat

തിരുവനന്തപുരം: ചുവന്ന വലിയ പൊട്ടു തൊട്ട്, ഉയരം കുറഞ്ഞ ആ സ്ത്രീ സുരക്ഷാ ഭടന്മാരുടെ അകമ്പടിയില്ലാതെ പാച്ചല്ലൂർ ഗ്രാമത്തിലെ തോപ്പടി തൈവിളാകം വീട്ടിലെത്തി, പതിനഞ്ചു മാസം മാത്രം പ്രായമെത്തിയ രശ്മിയെ കൈയിലെടുത്തു. ആ കുരുന്നു മുഖത്തോട് സ്വന്തം മുഖം ചേർത്തു. ആശങ്കയോടെ മാറി നിന്നവരുടെ മുഖം വികസിച്ചു. ചിലർക്ക് കുറ്റബോധം. കുഞ്ഞിനെ വാരിയെടുത്തത് മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജ്.

രജനീഷ്- ആശ ദമ്പതികളുടെ കുഞ്ഞിന് എച്ച്.ഐ.വി ബാധയാണെന്നറിഞ്ഞ പലരും തൈവിളാകം വീട്ടിൽ നിന്ന് വഴിമാറി നടന്നിരുന്നു. അവിടെനിന്ന് പശുവിൻപാൽ വാങ്ങിയിരുന്നവർ പോലും അതു നിറുത്തി. എസ്.എ.ടി ആശുപത്രിയിൽ നിന്ന് ചികിത്സയ്‌ക്കിടെ സ്വീകരിച്ച രക്തത്തിൽ നിന്നായിരുന്നു മഹാവ്യാധിയുടെ വിഷവിത്തുക്കൾ കുഞ്ഞിലേക്കു പടർന്നത്. 2005 നവംബർ 13നായിരുന്നു കുഞ്ഞിനെ കാണാൻ സുഷമ പാച്ചല്ലൂരിൽ വന്നത്. അന്ന് മന്ത്രി പോലുമല്ലാതിരുന്നിട്ടും സുഷമയുടെ ആ സന്ദർശനം വലിയ മാറ്റങ്ങളുണ്ടാക്കി.

''ഈ ദുർവിധി ഇനി ഒരാൾക്കും ഉണ്ടാകരുത്. അതിനുള്ള എല്ലാ മുൻകരുതലും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം''- സുഷമ ഉറച്ച സ്വരത്തിൽ പറഞ്ഞു. അന്നുവരെ കുടുംബത്തിന് സഹായമായി കിട്ടിയത് ആശുപത്രി വികസന ഫണ്ടിൽ നിന്ന് പതിനായിരം രൂപ മാത്രം. പിന്നെ സംഭവിച്ചത് ഇങ്ങനെ: 24 നു രാവിലെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഭാര്യ മറിയാമ്മ ഉമ്മനുമൊത്ത് ക്ഷമാപണവുമായി രശ്മിയെ കാണാനെത്തി. ആരോഗ്യവകുപ്പിന്റെ വീഴ്ചയ്ക്കു പ്രായശ്ചിത്തമായി ആശയ്ക്ക് സഹകരണ വകുപ്പിൽ ജോലി നൽകുമെന്നും അറിയിച്ചു.

രശ്മി ഇപ്പോഴില്ല. തൊട്ടടുത്ത വർഷം മാർച്ച് 25ന് കുഞ്ഞ് മരിച്ചു. കുഞ്ഞിന് എച്ച്.ഐ.വി ബാധയെന്ന് തെളിഞ്ഞപ്പോൾ അന്ന് ആശുപത്രി അധികൃതർ മാതാപിതാക്കളെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. പ്രസവശേഷം കുഞ്ഞിന് മഞ്ഞപ്പിത്ത ബാധ കണ്ടതിനെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് രക്തം സ്വീകരിക്കേണ്ടിവന്നത്. ബ്ളഡ് ബാങ്കിൽ നിന്നെടുത്ത രക്തത്തിൽ വിധി എച്ച്.ഐ.വിയുടെ രൂപത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന് എങ്ങനെയറിയാൻ? ഇതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും ആശയുടെ കണ്ണു നിറയും. വാക്കുകൾ മുറിയും.