തിരുവനന്തപുരം: കെ.എം. ബഷീറിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഐ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ എത്രതന്നെ നിഷേധിച്ചാലും വാഹനമോടിക്കുമ്പോൾ അയാൾ മദ്യപിച്ചിരുന്നുവെന്നത് നാടാകെ അംഗീകരിക്കുന്ന സത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മദ്യപിച്ചിട്ടില്ലെന്ന് പറയുന്നത് അയാൾ മാത്രമാണ്. എന്നിട്ടും അത് പരിശോധിച്ച് തെളിവുണ്ടാക്കുന്നതിൽ വീഴ്ചയുണ്ടായില്ലേ എന്ന ചോദ്യത്തിന്, പൂർണമായ അന്വേഷണം കഴിയുമ്പോൾ കാര്യങ്ങളെല്ലാം ബോദ്ധ്യമാകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. രക്തത്തിൽ മദ്യത്തിന്റെ അംശം എത്ര സമയം വരെ നിൽക്കും എന്നൊന്നും തനിക്കറിയില്ല. എങ്കിലും അതില്ലാതാക്കാൻ മറ്റെന്തെങ്കിലും മരുന്ന് അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കും.
ശ്രീറാം നല്ല നിലയിൽ മദ്യപിച്ചിരുന്നതിന്റെ ലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്നുവെന്ന് അവിടെയുണ്ടായവർക്കെല്ലാം ബോദ്ധ്യമുണ്ടായിട്ടുണ്ട്. മദ്യം മണക്കുന്നതായി പറഞ്ഞവരുണ്ട്. ഇനി മദ്യം കഴിച്ചില്ലെങ്കിൽ പോലും അമിതവേഗതയിൽ വാഹനമോടിക്കരുത് എന്നത് അയാൾക്കറിയുന്നതല്ലേ. എക്സിക്യൂട്ടിവ് മജിസ്ട്രേട്ടിന്റെ തലത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. തെറ്റിന്റെ വശം കൃത്യമായി ബോദ്ധ്യമുള്ളയാളാണ്.
അമിതമായ ലഹരിക്കടിപ്പെട്ട് വാഹനമോടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമികനിഗമനം. അമിതവേഗതയാണെന്നും മനസിലാക്കാനായി. നാവായിക്കുളം സ്വദേശിയായ യുവതിയും ഒപ്പമുണ്ടായിരുന്നു. ആദ്യം ഐ.പി.സി 304എ വകുപ്പനുസരിച്ചാണ് കേസെടുത്തതെങ്കിലും പിന്നീട് മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയതിനാലും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനാലും ഐ.പി.സി 304, 184, 185, 188 വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്. കൃത്യസമയത്ത് വൈദ്യപരിശോധന നടത്തുന്നതിലും ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തുന്നതിലും ജനറൽ ആശുപത്രിയിൽ നിന്ന് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയതിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലുമുണ്ടായ വീഴ്ചകൾ പ്രത്യേകം പരിശോധിക്കുകയാണ്. ഇതിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. സർക്കാരിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ശ്രീറാം വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്തു. പ്രാഥമികവിവരമനുസരിച്ച് വീഴ്ച വരുത്തിയ മ്യൂസിയം എസ്.ഐയെയും സസ്പെൻഡ് ചെയ്തു. ഇക്കാര്യത്തിൽ മാദ്ധ്യമപ്രവർത്തകർ നൽകിയ നിവേദനം അനുഭാവപൂർവമാണ് പരിഗണിക്കുന്നത്. കേസന്വേഷണത്തിലും നിയമനടപടികളിലും വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഇത്തരം കാലതാമസങ്ങൾ എങ്ങനെയുണ്ടായി, ആരുടെയെങ്കിലും ഇടപെടലുണ്ടായോ എന്നെല്ലാം അന്വേഷിക്കും.
സംഭവത്തിന്റെ പേരിൽ ഐ.എ.എസുകാരെ മൊത്തത്തിൽ ആക്ഷേപിക്കുന്നത് ശരിയാവില്ല. കുറ്റകൃത്യത്തിന് കൂട്ടുനിന്നവരുണ്ടെങ്കിൽ അന്വേഷിക്കും.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പൊലീസിന്റെ മാത്രം വീഴ്ചയല്ല. സി.സി ടിവി കാമറകൾ സ്ഥാപിക്കാൻ നേരത്തേ തീരുമാനിച്ചിട്ടും കാലതാമസമുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ പരിശോധനയും തിരുത്തലുകളും ആവശ്യമുണ്ട്.
ബഷീറിന്റെ കുടുംബത്തെ സഹായിക്കും
ബഷീറിന്റെ കുടുംബത്തെ സഹായിക്കാൻ എന്തു ചെയ്യാനാകുമെന്നത് സർക്കാരിന്റെ സജീവപരിഗണനയിലാണ്. മാദ്ധ്യമപ്രവർത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് ആവശ്യമായ പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനാവശ്യമായ പ്രത്യേക ഇൻഷ്വറൻസ് പദ്ധതി മാദ്ധ്യമപ്രവർത്തകരുടെ സംഘടനയുമായി ചർച്ച ചെയ്ത് തയ്യാറാക്കും.