നെടുമങ്ങാട് : അരുവിക്കരയുടെ 'തെളിനീര് ' മിതമായ നിരക്കിൽ ബോട്ടിലുകളിൽ ലഭിക്കാൻ ഒരു മാസത്തെ കാത്തിരിപ്പ് കൂടി. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) സർട്ടിഫിക്കറ്റ് കിട്ടിയാലുടൻ കുപ്പിവെള്ള ഫാക്ടറിയുടെ ഉദ്ഘാടനം നടക്കും. മൂന്ന് മാസം മുമ്പ് കൊച്ചിയിലെ ബി.ഐ.എസ് വിദഗ്ദ്ധ സംഘം അരുവിക്കരയിലെ വാട്ടർ അതോറിട്ടിയുടെ പ്രഥമ കുപ്പിവെള്ള ഫാക്ടറി സന്ദർശിച്ച് ഗുണമേന്മ പരിശോധിച്ചിരുന്നു. അധികൃതരുടെ നിർദ്ദേശ പ്രകാരമുള്ള മോഡിഫിക്കേഷൻ അന്തിമഘട്ടത്തിലാണെന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സെപ്തംബറിൽ വിദഗ്ദ്ധരുടെ സംഘം വീണ്ടും ഫാക്ടറി സന്ദർശിക്കും. ഓണം കഴിഞ്ഞ് കുപ്പിവെള്ളം വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഈ മാസം ഒടുവിൽ പ്ലാന്റിന്റെ ഉദ്‌ഘാടനം നടക്കുമെന്ന് ജലവിഭവ മന്ത്രി നിയമസഭയിൽ അറിയിച്ചെങ്കിലും ഗുണമേന്മ ഉറപ്പാക്കൽ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. 2014 -ൽ ആരംഭിച്ച കുപ്പിവെള്ള ഫാക്ടറിയുടെ നിർമ്മാണം 2018 ഒക്ടോബർ മുതലാണ് ധൃതഗതിയിലായത്. 2018 മാർച്ചിൽ ഫാക്ടറി, മെഷിനറി, ഇലക്ട്രിസിറ്റി, ഫെൻസിംഗ് മുതലായവ സജ്ജമായി. ട്രയൽ റണ്ണിനു ശേഷം ഫാക്ടറി അടച്ചിട്ടതിനെ തുടർന്ന് ഡിസംബർ 3 ന് ''ഫ്രീസറിലായ കുപ്പിവെള്ള ഫാക്ടറി'' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. ഇതിനുശേഷമാണ് ബി.ഐ.എസ് വിദഗ്‌ദ്ധരും ഭക്ഷ്യസുരക്ഷാ മേധാവികളും ഫാക്ടറി സന്ദർശിച്ച് പരിശോധന ഊർജിതമാക്കിയത്. കുപ്പിവെള്ളത്തിന് 'തെളിനീര് ' എന്ന പേരും വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കും നിശ്ചയിച്ച് ജല അതോറിട്ടി ബോർഡിന് പ്രോജക്ട് വിഭാഗം പ്രൊപ്പോസൽ നൽകിയിട്ടുണ്ട്.
വിലയിൽ അവ്യക്തത
പേര് ഉറപ്പിച്ചെങ്കിലും വില സംബന്ധിച്ച് അടുത്ത ബോർഡ് മീറ്ററിംഗിലേ തീരുമാനമാവുകയുള്ളൂ.18 രൂപയാണ് അധികൃതരുടെ പരിഗണയിലുള്ളതെന്ന് അറിയുന്നു. മണിക്കൂറിൽ 7,200 ലിറ്റർ വെള്ളം ബോട്ടിലിംഗ് നടത്താവുന്ന രണ്ടു മെഷീനുകളാണ് ഫാക്ടറിയിൽ സ്ഥാപിച്ചിട്ടുള്ളത്. പ്രതിദിനം 4.5 ലക്ഷം ലിറ്ററാണ് വിതരണ ശേഷി. നിലവിൽ തലസ്ഥാന നഗരിയിൽ പൈപ്പ് മാർഗം വിതരണം ചെയ്യുന്ന ശുദ്ധജലം ഒരുതവണ കൂടി ഫിൽറ്റർ ചെയ്താണ് ബോട്ടിലിംഗ് നടത്തുന്നത്. വിപണന സംവിധാനത്തെ കുറിച്ചുള്ള അവ്യക്തത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പ്രദേശവാസികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും പരിഹാരമായിട്ടില്ല.