pinarayi-vijayan
PINARAYI VIJAYAN

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ കുറ്റവാളികൾ ആരായാലും കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോൾ ക്രമക്കേട് കണ്ടെത്തി നിയമപരമായ നടപടി നിർദ്ദേശിച്ചതും പി.എസ്.സിയാണ്. അതിനാൽ അവരുടെ വിശ്വാസ്യത കളങ്കപ്പെട്ടിട്ടില്ല. ഭരണഘടനാസ്ഥാപനമായ പി.എസ്.സിയുടെ വിശ്വാസ്യത ദുർബലപ്പെടുത്തരുത്. ഇപ്പോഴത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ , പ്രൊഫഷണലിസത്തിലൂടെ പി.എസ്.സിയുടെ വിശ്വാസ്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനെപ്പറ്രി അധികൃതരുമായി ചർച്ച നടത്തും. . അതേസമയം, സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. 'സി.ബി.ഐയോട് അവർക്കിപ്പോൾ വല്ലാത്ത വിശ്വാസ്യത വന്നിട്ടുണ്ട്. അതിനിപ്പോൾ നമുക്കെന്ത് ചെയ്യാനാകും?'- മുഖ്യമന്ത്രി ചോദിച്ചു.

പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ചില വ്യക്തികൾക്ക് അസാധാരണ നേട്ടമുണ്ടായപ്പോൾ പി.എസ്.സി ആഭ്യന്തര അന്വേഷണം നടത്തി ആരോപണവിധേയരെ അയോഗ്യരാക്കി. ഏതാനും പേർ നടത്തിയ കുറ്റകൃത്യമാണത്. അന്വേഷണത്തിൽ കാര്യങ്ങളെല്ലാം പുറത്തു വരട്ടെ. ക്രമക്കേട് നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും.

പി.എസ്.സിയുടെ നേരത്തേയുണ്ടായിരുന്ന ചെയർമാനെതിരെ വിജിലൻസ് അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനുമുള്ള രണ്ട് തരം നിർദ്ദേശങ്ങൾ തന്റെ മുന്നിലെത്തി. താൻ വകുപ്പുതല അന്വേഷണത്തിനാണ് നിർദ്ദേശിച്ചത്. പി.എസ്.സിയുടെ വിശ്വാസ്യത നിലനിറുത്താനായിരുന്നു അത്.. അല്ലാതെ, ഇയാളെ കൈയിൽ കിട്ടിയതല്ലേ, ശരിപ്പെടുത്തിക്കളയാമെന്ന് വിചാരിച്ചില്ല.

2003ൽ ചോദ്യക്കടലാസ് ചോർച്ചയെത്തുടർന്ന് എൽ.ഡി ക്ലാർക്ക് പരീക്ഷ റദ്ദാക്കേണ്ടി വന്നു. അന്നും ആഭ്യന്തര വിജിലൻസ് അന്വേഷിച്ച ശേഷം പൊലീസിനെ ഏല്പിക്കുകയായിരുന്നു. 2010ൽ എസ്.ഐ പരീക്ഷ റദ്ദാക്കി.. ഇതെല്ലാം ചെയ്തത് ബാഹ്യ സമ്മർദ്ദം കാരണമല്ല. പി.എസ്.സിയുടെ വിശ്വാസ്യത ഉറപ്പാക്കാനായിരുന്നു- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.