വെള്ളറട: വർഷങ്ങളായി തകർന്നു കിടക്കുന്ന അഞ്ചുമരങ്കാല വേങ്കോട് റോഡിൽ മുള്ളിലവുവിളക്കിന് സമീപമുള്ള വെള്ളക്കെട്ടിന് പരിഹാരമില്ല. മഴ തുടങ്ങിയതോടെ റോഡ് മുഴുവൻ വെള്ളം കൊണ്ട് നിറഞ്ഞു. ഇതു കാരണം ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. നേരത്തേ മഴവെള്ളം ഒഴുകിപോകുന്നതിന് സൗകര്യം ഉണ്ടായിരുന്നു. സമീപത്തെ വസ്തു ഉടമകൾ മതിൽ കെട്ടിയടച്ചതോടെ റോഡിൽ വെള്ളം കെട്ടി നിൽക്കാൻ തുടങ്ങി. നിരവധി തവണ വെള്ളക്കെട്ടിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികളും നടന്നിരുന്നു. എന്നാൽ ഇപ്പോൾ വെള്ളക്കെട്ട് കാരണം റോഡ് പൂർണമായും തകർന്ന് വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണ് അപകടം ഉണ്ടാകാത്ത ദിവസമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചുവെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതാണ് പണികൾ നടക്കാത്തതിന് കാരണമെന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ മനസിലാക്കി മൂന്നര കോടിരൂപയാണ് അഞ്ചുമരങ്കാല മുതൽ നിലമാംമൂടുവരെ റോഡിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.