തിരുവനനന്തപുരം: സസ്‌പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമന് പകരം വി.ആർ. പ്രേംകുമാർ സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിംഗ് കമ്മിഷണർ, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് സെക്രട്ടറി എന്നീ ചുമതലകളും ഇദ്ദേഹം വഹിക്കും.
നിലവിൽ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്നു . പകരം വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജിനെ സാമൂഹികനീതി വകുപ്പ് ഡയറക്ടറാക്കി. നേരത്തെ ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടർ സ്ഥാനത്ത് നിന്ന് നീക്കിയപ്പോൾ വി.ആർ. പ്രേംകുമാറായിരുന്നു പകരമെത്തിയത്.
ശാരദ മുരളീധരൻ
പ്രിൻസിപ്പൽ സെക്രട്ടറി
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ പ്രവേശിച്ച ശാരദ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറൽ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. ആസൂത്രണ സാമ്പത്തികകാര്യവകുപ്പിന്റെയും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറിയുടെയും അധിക ചുമതലകൾ കൂടി ഇവർക്കുണ്ടാകും.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞു മടങ്ങിയെത്തിയ രാജേഷ് കുമാർ സിംഗിനെ നികുതി (എക്‌സൈസ് ഒഴികെ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഇദ്ദേഹം കൃഷി (മൃഗസംരക്ഷണം) വകുപ്പിന്റെ അധിക ചുമതല വഹിക്കും.
ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലകിനെ പട്ടികജാതി- വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം കായിക യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല തുടർന്നും വഹിക്കും.
ടി.വി. അനുപമ
ശിശു വികസന വകുപ്പ്
ഡയറക്ടർ
പരിശീലനത്തിന് ശേഷം തിരികെ പ്രവേശിച്ച ടി.വി. അനുപമയെ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. സി.പി.എം.യു ഡയറക്ടറുടെ അധിക ചുമതല കൂടി ഇവർ വഹിക്കും.
ഇന്റർ കേഡർ ഡപ്യൂട്ടേഷൻ ലഭിച്ച പി.ഐ. ശ്രീവിദ്യയെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു.