nmc

ഇന്ത്യയിൽ ആധുനിക ചികിത്സയുടെ പ്രയോഗം നിയന്ത്രിക്കുന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ചെയ്യുന്നത് : ഒന്ന്, പ്രാക്‌ടീസിന്റെ നിയന്ത്രണം, - മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാതെ ഇന്ത്യയിൽ ഒരു ഡോക്‌ടർക്കും പ്രാക്‌ടീസ് ചെയ്യാൻ അനുവാദമില്ല. വിദേശങ്ങളിൽ പഠിച്ച് ഇവിടെ വരുന്ന കുട്ടികൾ, ഒരു പ്രത്യേക പരീക്ഷയും പാസാകേണ്ടതുണ്ട്. ഉന്നതബിരുദങ്ങളും രജിസ്റ്റർ ചെയ്യണം. രണ്ടാമത്, മെഡിക്കൽ കോളേജുകളുടെ മേലുള്ള നിയന്ത്രണം. - കോളേജ് ആരംഭിക്കുമ്പോഴും പിന്നീട് പല ഘട്ടങ്ങളിലും മെഡിക്കൽ കൗൺസിൽ ഇൻസ്‌പെക്‌ടർമാർ കോളേജുകൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നു. മൂന്നാമത്, ഡോക്‌ടർമാർ നടത്തുന്ന പലവിധ അഴിമതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അടക്കമുള്ള പരാതികൾ സ്വീകരിക്കൽ. പരാതി പരിശോധിച്ച് ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള പൂർണാധികാരം മെഡിക്കൽ കൗൺസിലിനുണ്ട്. അവരുടെ തീരുമാനം അന്തിമവുമാണ്. എന്നാൽ കുറെ വർഷങ്ങളായി മെഡിക്കൽ കൗൺസിലിന്റെ പ്രവർത്തനം പലവിധ പ്രലോഭനങ്ങൾക്ക് വിധേയമായിരുന്നു എന്നതാണ് സത്യം. കൗൺസിൽ തിരഞ്ഞെടുപ്പുകൾ പലപ്പോഴും ശരിയായല്ല നടന്നിരുന്നത്. ഡോക്‌ടർമാരുടെ വോട്ടുകൾ വിലയ്‌ക്കു വാങ്ങുക, കള്ളവോട്ട് ചെയ്യുക - തപാലിൽ വരുന്ന ബാലറ്റ് പേപ്പറുകൾ പോസ്റ്റുമാനെയും മറ്റും സ്വാധീനിച്ച് സ്വന്തം സ്ഥാനാർത്ഥിക്കായി വോട്ടുമറിക്കുക എന്നീ കൃത്രിമങ്ങൾ സജീവമായിരുന്നു. പലപ്പോഴും തെറ്റുചെയ്യുന്ന ഡോക്‌ടർമാർക്കെതിരെ നടപടിയെടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല.

എന്റെ അറിവിൽ ഇന്ത്യയിൽ ഒരു ഡോക്‌ടറെപ്പോലും മെഡിക്കൽ കൗൺസിലിൽ നിന്ന് അച്ചടക്ക നടപടിയായി നീക്കം ചെയ്‌തിട്ടില്ല. എന്നാൽ നമുക്ക് മാതൃകയായ ബ്രിട്ടനിലെ മെഡിക്കൽ കൗൺസിൽ അംഗങ്ങളുടെ ലൈസൻസ് പോലും റദ്ദ് ചെയ്‌തിട്ടുണ്ട്. ബ്രിട്ടനിലെ ജനറൽ മെഡിക്കൽ കൗൺസിലിൽ ഡോക്‌ടർമാർക്കൊപ്പം സമൂഹത്തിലെ പ്രശസ്‌ത വ്യക്തികളും അംഗങ്ങളാണ്. പ്രൊഫഷന് മുകളിൽ സാമൂഹ്യനിയന്ത്രണം അവർ അംഗീകരിച്ചിരിക്കുന്നു എന്നർത്ഥം.

ഈ പശ്ചാത്തലത്തിലാണ് മെഡിക്കൽരംഗത്തെ നിയന്ത്രണങ്ങൾക്ക് അഴിച്ചുപണി ആവശ്യമാണെന്ന ചിന്തയ്‌ക്ക് ശക്തി പ്രാപിച്ചത്. നീതി ആയോഗിലെ വിദഗ്ദ്ധർ തയാറാക്കിയതാണ് ആദ്യത്തെ ബില്ല്. അത് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചർച്ച ചെയ്യുകയും രണ്ടാമതും അവതരിപ്പിക്കുകയും ഇപ്പോൾ പാസാകുകയും ചെയ്‌തിരിക്കുകയാണ്. പുതിയ കമ്മിഷൻ പൂർണമായും ഇന്ത്യൻ മെഡിക്കൽ കൗൺസിലിനെ ഇല്ലാതാക്കുകയും കൗൺസിലിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും ചെയ്യും. പുതിയ നിയമമനുസരിച്ച് കമ്മിഷനിൽ ഇരുപത്തിയഞ്ച് അംഗങ്ങളാണുണ്ടാവുക. അതിൽ പതിനേഴുപേർ ഡോക്‌ടർമാരായിരിക്കും. കൂടുതൽ പേരെയും കേന്ദ്രഗവൺമെന്റ് നിയമിക്കുകയാണുണ്ടാവുക, തിരഞ്ഞെടുക്കപ്പെടുന്ന സമിതിക്ക് ഇതോടെ അവസാനം കാണും. പ്രത്യക്ഷത്തിൽ വലിയ കുഴപ്പമില്ലാത്തതെന്നു തോന്നുന്ന ഈ വകുപ്പുകൾ ഇത്രമാത്രം എതിർപ്പു വിളിച്ചുവരുത്തുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. പ്രധാനമായും ചില കാര്യങ്ങളോടാണ് ഡോക്‌ടർമാർക്ക് എതിർപ്പ്. അവയിൽ ഏറ്റവും പ്രധാനം, മറ്റു ചികിത്സാരീതികളിൽ രജിസ്ട്രേഷൻ നേടിയവർക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ 'ബ്രിജ്ജ് കോഴ്സ്' വഴി ആധുനിക വൈദ്യശാസ്ത്രം പ്രാക്‌ടീസ് ചെയ്യാനുള്ള ലൈസൻസ് ലഭ്യമാക്കാനുള്ള തീരുമാനമാണ്. സങ്കരചികിത്സ, അശാസ്ത്രീയ ചികിത്സ എന്നിവയ്‌ക്കൊക്കെ വളംവയ്‌ക്കുമെന്നും പിൻവാതിൽ വഴി ഡോക്‌ടറാകാൻ മറ്റ് ചികിത്സകരെ അനുവദിക്കും എന്നുമുള്ളതാണ് എതിർപ്പിനു കാരണം.

എം.ബി.ബി.എസ് പഠനത്തിന്റെ അവസാനപരീക്ഷ ഇന്ത്യയിലൊട്ടാകെ ഒറ്റപരീക്ഷയായി നടത്തുമെന്നും ആ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള അഡ്മിഷൻ എന്ന വ്യവസ്ഥയാണ് ഡോക്‌ടർമാരെ ചൊടിപ്പിച്ച മറ്റൊരു കാര്യം. ഇതോടെ ഇന്നത്തെ മട്ടിലുള്ള പി.ജി പ്രവേശന പരീക്ഷയ്ക്ക് അന്ത്യം കുറിയ്‌ക്കപ്പെടും എന്നതാണ് മറ്റൊന്ന്.

പ്രാഥമികാരോഗ്യതലത്തിൽ നഴ്സുമാർ, ഫാർമസിസ്റ്റുമാർ തുടങ്ങിയവരെ നിയന്ത്രിതമായി ചികിത്സയ്‌ക്കും മറ്റും നിയോഗിക്കാനുള്ള നിർദ്ദേശവും എതിർപ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഇതുവരെ മെഡിക്കൽ കൗൺസിലിന് ഇല്ലാതിരുന്ന ഒരു അധികാരം കൂടി എൻ.എം.സിക്ക് ഈ ബിൽ നൽകുന്നുണ്ട്. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ നാല്‌പതു ശതമാനം സീറ്റുകളിലെ ഫീസ് നിശ്ചയിക്കാനുള്ള അധികാരമാണത്.

വ്യാപകമായ അഴിമതിയും പിടിപ്പുകേടും കൊടികുത്തി വാണിരുന്ന മെഡിക്കൽ കൗൺസിലിൽ ഒരു അഴിച്ചുപണി അത്യാവശ്യമായിരുന്നു എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ഇപ്പോൾ പ്രതിഷേധമുയർത്തുന്ന ഡോക്‌ടർമാരുടെ സംഘടനകളെല്ലാം മെഡിക്കൽരംഗത്തു നടക്കുന്ന പലവിധം അഴിമതികൾക്കും മറ്റ് അനാവശ്യ പ്രവണതകൾക്കും നിശബ്‌ദ കാഴ്‌ചക്കാരായി ഇരിക്കുകയായിരുന്നു എന്നതാണ് സത്യം. ഗുണനിലവാരം ഉറപ്പുവരുത്താൻ ഒരു എക്‌സിറ്റ് പരീക്ഷ നടത്തുക എന്നതും മോശപ്പെട്ട കാര്യമല്ല. പല രാജ്യങ്ങളിലും യൂണിവേഴ്സിറ്റി പരീക്ഷകൾ പാസായാൽ തന്നെ ഡോക്‌ടർമാർക്ക് പ്രാക്‌ടീസ് ചെയ്യണമെങ്കിൽ പ്രത്യേകം ഒരു ലൈസൻസിംഗ് പരീക്ഷ എന്ന സമ്പ്രദായമുണ്ട്. പക്ഷേ, ഈ പഴുതുപയോഗിച്ച് പുതിയ സർക്കാരിന്റെ അജൻഡയിൽ ഉൾപ്പെട്ട ആയുഷ് ഡോക്‌ടർമാർക്ക് കൂടിയ പദവി നൽകുക, സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങൾ കൂടി നിർവഹിക്കപ്പെടുന്നു എന്നതാണ് സത്യം.