തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ 'റാങ്കുകാരായ' യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികൾക്ക് ഉത്തരങ്ങൾ എസ്.എം.എസായി അയച്ച രണ്ടാമൻ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ വി.എം.ഗോകുലാണെന്ന് കണ്ടെത്തി.
പരീക്ഷാദിവസം ഉച്ചയ്ക്ക് 1.32മുതൽ 2.02വരെ 29എസ്.എം.എസുകളാണ് ഗോകുലിന്റെ മൊബൈലിൽ നിന്ന് രണ്ടാംറാങ്കുകാരനായ പ്രണവിന് ലഭിച്ചത്. 29 സന്ദേശങ്ങളിലായി എത്ര ഉത്തരങ്ങൾ കൈമാറിയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തണം. പ്രണവിന്റെ അയൽക്കാരനാണ് ഗോകുൽ. 2015സെപ്തംബറിലെ കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 199-ാം റാങ്കുകാരനായിരുന്ന ഗോകുലിന് 2017ഫെബ്രുവരിയിലാണ് പരിശീലനം തുടങ്ങിയത്. ഒൻപത് മാസത്തെ പരിശീലനത്തിനുശേഷം എസ്.എ.പി ക്യാമ്പിൽ കോൺസ്റ്റബിളായി. അവിടെ ഓഫീസിലെ അക്കൗണ്ട് റൈറ്ററുടെ ചുമതല ലഭിച്ചു. ഏറ്റവും സ്വാധീനമുള്ളവർക്ക് ലഭിക്കുന്ന ചുമതലയാണിത്.
ഒന്നാംറാങ്കുകാരൻ ശിവരഞ്ജിത്തിന് 96ഉം രണ്ടാംറാങ്കുകാരൻ പ്രണവിന്78ഉം സന്ദേശങ്ങളയച്ച നെടുമങ്ങാട് കല്ലറ വട്ടക്കരിക്കകം പറിങ്കിമാംവിള വീട്ടിൽ ദാവീദിന്റെ മകൻ ഡി.സഫീറിന് പാങ്ങോട് പൊലീസ് സ്റ്റേഷൻ വഴി പി.എസ്.സി സമൻസ് നൽകിയെങ്കിലും അയാൾ ഇന്നലെ ഹാജരായില്ല. വി.എസ്.എസ്.സിയിലെ കരാർ ജീവനക്കാരനാണ് സഫീർ. ഇയാൾ ഉൾപ്പെട്ട, ഫയർമാൻ അടക്കം മൂന്ന് റാങ്കുലിസ്റ്റുകൾ പി.എസ്.സി പുനഃപരിശോധിക്കും. പ്രണവിന്റെ ഉറ്റസുഹൃത്താണ് സഫീറും. ഇവർക്ക് പുറമെ ഒരു യുവതിയുടെ മൊബൈലിൽ നിന്ന് 'റാങ്കുകാരുടെ' മൊബൈലിലേക്ക് സന്ദേശങ്ങളെത്തിയിട്ടുണ്ട്. പ്രണവും സഫീറും ഗോകുലും പി.എസ്.സി പരീക്ഷാപരിശീലനം നടത്തിയ കല്ലറയിലെ സെന്ററും സംശയനിഴലിലാണ്.
പ്രണവും ശിവരഞ്ജിത്തും ഒരേ സമയത്താണ് പരീക്ഷയ്ക്ക് അപേക്ഷിച്ചതെന്നും കണ്ടെത്തി. പുലർച്ചെ രണ്ട് മണി 13മിനിറ്റ് 44സെക്കൻഡിലാണ് ഇരുവരുടെയും അപേക്ഷ പി.എസ്.സിയുടെ സെർവറിലെത്തിയത്. രണ്ട് മൊബൈലുകളിൽ അപേക്ഷ തയ്യാറാക്കി ഒരേസമയം അയയ്ക്കുകയായിരുന്നു. ഒരേ പരീക്ഷാകേന്ദ്രവും അടുത്തടുത്ത രജിസ്റ്റർ നമ്പറും കിട്ടാനായിരുന്നു ഇത്. രണ്ടുപേരുടെയും അപേക്ഷ അയച്ചത് പ്രണവാണ്. 28-ാം റാങ്കുകാരനായ നസീം രണ്ട് പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്തെന്നും ഇതിലൊന്നു മാത്രമാണ് സെർവറിലേക്ക് അയച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. നസീമിന്റെ പ്രൊഫൈലിലുള്ള മൊബൈൽ നമ്പറിലേക്ക് എസ്.എം.എസുകൾ എത്തിയിട്ടില്ല. ഇയാൾ വേറെ ഫോൺനമ്പർ ഉപയോഗിച്ചെന്നാണ് സംശയം. നാസിമിന് കല്ലറയിൽ ബന്ധുവീടുകളുണ്ട്.
പിടികിട്ടാപ്പുള്ളിയെ പി.എസ്.സി വിളിച്ചുവരുത്തി
പ്രണവിനെ കഴിഞ്ഞയാഴ്ച പി.എസ്.സി ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യംചയ്തു. എല്ലാ ചോദ്യങ്ങളുടെയും ഉത്തരം അറിയാമായിരുന്നെന്ന് പറഞ്ഞ പ്രണവിനോട് പി.എസ്.സിയിലെ പൊലീസ് സൂപ്രണ്ട്, കോൺസ്റ്റബിൾ പരീക്ഷയിൽ ശരിയുത്തരമെഴുതിയ 15 ചോദ്യങ്ങൾ ചോദിച്ചു. ഒന്നിനുപോലും ശരിയുത്തരം പറഞ്ഞില്ല. യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസിൽ ഒളിവിലായ പ്രണവിനെതിരെ കന്റോൺമെന്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കെയാണ്, അയാളെ പി.എസ്.സി വിളിച്ചുവരുത്തിയത്.
വേറെയും പൊലീസുകാർ ?
പ്രണവിന്റെ അയൽക്കാരനായ എസ്.എ.പിയിലെ പൊലീസ് സംഘടനാ നേതാവും സംശയനിഴലിലാണ്. ശാരീരികക്ഷമതാ പരിശോധനയ്ക്ക് കണ്ണൂരിലെത്തിയപ്പോൾ പ്രണവിനും ശിവരഞ്ജിത്തിനും വി.ഐ.പി സൗകര്യങ്ങളൊരുക്കിയത് ഈ നേതാവാണ്.
'ഭരണഘടനാസ്ഥാപനമായ പി.എസ്.സിയുടെ ശുപാർശ അതേപടി അംഗീകരിക്കും. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രിമിനൽ കുറ്റമുണ്ടെങ്കിൽ കണ്ടെത്തും.''
ലോക്നാഥ് ബെഹറ
പൊലീസ് മേധാവി