തിരുവനന്തപുരം: കാർഷിക വായ്പകൾക്ക് കഴിഞ്ഞ ജൂലായി 31ന് അവസാനിക്കേണ്ടിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടാൻ ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എൽ.ബി.സി) യോഗം തീരുമാനിച്ചു.
റിസർവ് ബാങ്കിന്റെ ഇളവില്ലാതെയാണ് മൊറട്ടോറിയം കാലാവധി നീട്ടുന്നത്. ഇതിന് ,കാലാവധി കഴിയുന്ന വായ്പകൾ പുതുക്കേണ്ടിവരും. ഇങ്ങനെ പുതുക്കുന്ന വായ്പകളുടെ പലിശ, ബാങ്കുകൾക്ക് സർക്കാർ നൽകണമെന്ന് ആവശ്യപ്പെടാൻ തുടർന്ന് നടന്ന കൂടിയാലോചനയിൽ ബാങ്കേഴ്സ് സമിതിയിൽ ധാരണയായി. പ്രളയ ദുരന്തത്തിൽ കാർഷിക മേഖലയ്ക്കുണ്ടായ ആഘാതത്തിൽ നിന്ന് കർഷകർ മോചിതരായിട്ടില്ലാത്തതിനാൽ ഡിസംബർ 31വരെ മൊറട്ടോറിയം നീട്ടണമെന്ന് എസ്.എൽ.ബി.സി.യും സർക്കാരും ആവശ്യപ്പെട്ടെങ്കിലും റിസർവ് ബാങ്ക് . അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി തീരുമാനമെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. .
വായ്പ പുന:ക്രമീകരിച്ചില്ലെങ്കിൽ അത് കിട്ടാക്കടമായി കണക്കാക്കുകയും ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വർദ്ധിക്കുകയുമാവും ഫലം. മൊറട്ടോറിയം സമയപരിധിയും വായ്പയുടെ തിരിച്ചടവ് കാലയളവായി പരിഗണിക്കപ്പെടുന്നതിനാൽ മൊറട്ടോറിയത്തിന് ശേഷം കൂടുതൽ പണം തിരിച്ചടച്ച് വായ്പ തീർപ്പാക്കണം. വായ്പ പുനക്രമീകരണത്തിന് ആർ.ബി.ഐ അനുമതി നൽകാത്തതിനാലാണ് വായ്പ പുതുക്കി നൽകി മൊറട്ടോറിയം ബാധകമാക്കുന്നത്. ഡിസംബർ 31ന് മുമ്പ് കാലാവധി കഴിയുന്ന വായ്പകൾ പലിശ അടച്ച് പുതിയ വായ്പകളാക്കി മാറ്റും. ഇങ്ങനെ ചെയ്യുമ്പോൾ അടക്കേണ്ടിവരുന്ന പലിശ ഒടുക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കർഷകർക്ക് കഴിയുമോ എന്ന ആശങ്കയാണ് കൂടിയാലോചനയിൽ ബാങ്ക് പ്രതിനിധികൾ പ്രകടിപ്പിച്ചത്. പലിശ നൽകി പുതുക്കാത്ത വായ്പകൾക്ക് മൊറട്ടോറിയം ലഭിക്കില്ല.
ജപ്തി നടപടികൾ നിറുത്തിവയ്ക്കും
ഡിസംബർ 31വരെ കാർഷികവായ്പാ കുടിശിക ഈടാക്കാനുള്ള റവന്യു റിക്കവറി നടപടികൾ നിറുത്തി വയ്ക്കും.
കാർഷികേതര വായ്പകളിൽ റിക്കവറി നടപടികൾ പ്രത്യേക പരിശോധനയ്ക്ക് ശേഷം.
ഇതിന് ബാങ്ക് പ്രതിനിധികൾ ഉൾപ്പെട്ട ഉപസമിതികളുണ്ടാക്കും.
റിക്കവറി ആവശ്യമുള്ള കേസുകൾ ബാങ്കുകൾ ഈ സമിതിക്ക് കൈമാറും.