കൈയേറ്റങ്ങളുടെ കണക്കെടുക്കാൻ കളക്ടർക്ക് നിർദ്ദേശം
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ,15 സെന്റിൽ താഴെയുള്ള പട്ടയ ഭൂമിയിലെ 1500 ചതുരശ്ര അടി വരെ തറവിസ്തൃതിയുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഉപജീവനത്തിന് മാത്രം ഉപയോഗിക്കുന്നതാവണം കെട്ടിടങ്ങൾ. ഇതിനാവശ്യമായ ഭേദഗതി 1964ലെ ഭൂമിപതിവ് ചട്ടത്തിൽ വരുത്തും. ഇടുക്കി ജില്ലയിലെ മൊത്തം കൈയേറ്റ ഭൂമിയുടെയും കണക്കെടുത്ത് സർക്കാരിന് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഇടുക്കിയിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതിനാലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെട്ടിടം ക്രമപ്പെടുത്താൻ
അപേക്ഷകനോ,ആശ്രിതരോ മറ്റൊരിടത്തും ഭൂമിയില്ലെന്ന് തെളിയിക്കുന്ന ആർ.ഡി.ഒയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
15 സെന്റ് വരെയുള്ള പട്ടയഭൂമിയിൽ 1500 ചതുരശ്ര അടിയിലധികം തറവിസ്തൃതിയുള്ളതും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായ കെട്ടിടത്തിന്റെ കൈവശക്കാർ ഏക ജീവനോപാധിയാണെന്ന് വ തെളിയിക്കണം. ജില്ലാ കളക്ടർ പരിശോധിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
ഈ രണ്ടിലും പെടാത്ത വാണിജ്യ നിർമ്മാണങ്ങളിൽ പട്ടയം റദ്ദാക്കി ഭൂമിയും നിർമ്മിതികളും സർക്കാരിൽ നിക്ഷിപ്തമാക്കും. ഇത് പാട്ടത്തിന് നൽകും.
, സർക്കാർഭൂമി കൈയേറി നിർമ്മാണം നടത്തിയ പട്ടയമില്ലാത്ത മറ്റുള്ള ഭൂമിയും നിർമ്മാണപ്രവർത്തനങ്ങളും സർക്കാരിൽ നിക്ഷിപ്തമാക്കും. .
നേരത്തേ സർക്കാർ അനുവദിച്ച പട്ടയങ്ങൾ (രവീന്ദ്രൻ പട്ടയം) സംബന്ധിച്ച അഞ്ചംഗ സമിതിയുടെ പരിശോധന സമയബന്ധിതമായി തീർത്ത് തുടർ നടപടികൾ കൈക്കൊള്ളും.
പട്ടയ ഭൂമിയിൽ വ്യവസ്ഥകൾ ലംഘിച്ച് വാണിജ്യ, നിർമ്മാണപ്രവർത്തനങ്ങൾ നടത്താതിരിക്കാൻ കെട്ടിടനിർമ്മാണച്ചട്ടങ്ങളിൽ മാറ്റം വരുത്തും.
വില്ലേജോഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാവൂ എന്ന് വ്യവസ്ഥ ചെയ്യും. ഇതിന് തദ്ദേശ ഭരണവകുപ്പിനെ ചുമതലപ്പെടുത്തി.
മൂന്നാർ പ്രദേശത്തെ നിർമ്മാണപ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് അനുയോജ്യമാവണം.
വൈദ്യുതിയുടെ മുഖ്യപങ്കും സോളാർ പാനൽ സ്ഥാപിച്ച് ഉല്പാദിപ്പിക്കണം. മഴവെള്ള സംഭരണി നിർമ്മിക്കണം. മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കണം. ഈ നിബന്ധനകളുൾപ്പെടുത്തി വട്ടവട, ചിന്നക്കനാൽ ഒഴിച്ചുള്ള മേഖലകളുൾപ്പെട്ട ടൗൺ പ്ലാനിംഗ് സ്കീമിന് രൂപം നൽകും.
അനധികൃത
കൈവശഭൂമി
സർക്കാർ ഭൂമി കൈയേറിയവ, വീടിനും കൃഷിക്കുമായി പട്ടയം അനുവദിച്ചതും 12 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമായ തുണ്ടുഭൂമികൾ കൈമാറ്റം ചെയ്തുവാങ്ങി ഒന്നിച്ചു ചേർത്തിട്ടുള്ളവ, പതിച്ചുനൽകപ്പെട്ട വ്യവസ്ഥയിൽ നിന്ന് വിഭിന്നമായ ആവശ്യത്തിന് ഉപയോഗിക്കുന്നവ, പട്ടയത്തിന്റെ നിബന്ധനകൾ ലംഘിക്കപ്പെടുകയോ 2010 ജനുവരി 21ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിരാക്ഷേപപത്രവും നിർമ്മാണാനുമതിയും ഇല്ലാത്തതോ ആയ നിർമ്മിതികൾ ഇവയാണ് അനധികൃത കൈവശഭൂമി. വാഗമൺ ഉൾപ്പെടെ ഇടുക്കി ജില്ലയുടെ മൊത്തം കൈയേറ്റങ്ങൾ പട്ടികയാക്കിയുള്ള റിപ്പോർട്ട് കളക്ടർ സമർപ്പിക്കും.