തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയൽ തീർപ്പാക്കൽ യജ്ഞം ഒരാഴ്ച പിന്നിടവെ കെട്ടിക്കിടക്കുന്ന ഫയലുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ 10 മുതൽ അയയ്ക്കണമെന്ന് കീഴ്‌വകുപ്പുകളോട് അതാത് സെക്ഷനുകളിൽ നിന്ന് നിർദ്ദേശിച്ചു. തരംതിരിച്ച ഫയലുകൾ പരിശോധിച്ച ശേഷം അയയ്ക്കേണ്ട റിപ്പോർട്ടുകൾ ഏതൊക്കെയാണെന്നതടക്കമുള്ള പട്ടിക കീഴ്‌വകുപ്പുകൾക്ക് സെക്രട്ടേറിയറ്റിൽ നിന്ന് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് ഫയലുകളിൽ തുടർനടപടികൾ സ്വീകരിക്കും. റിപ്പോർട്ട് തയ്യാറാക്കുന്നതിനും മറ്റുമായി മൂന്ന് ദിവസം മാത്രമാണ് കീഴ്‌വകുപ്പുകൾക്ക് ലഭിക്കുകയെന്നതിനാൽ തന്നെ ഇത് എത്രകണ്ട് ഫലപ്രദമാകുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. അതേസമയം, റിപ്പോർട്ടുകൾ തയ്യാറാക്കാൻ കൂടുതൽ സമയം ആവശ്യമാണെങ്കിൽ രണ്ട് ദിവസം കൂടി നൽകിയേക്കുമെന്നാണ് സൂചന.
ഫയൽ തീർപ്പാക്കലിന്റെ ഭാഗമായുള്ള അദാലത്തുകൾ ഗതാഗത വകുപ്പിൽ 13,14 തീയതികളിലായി നടക്കും. ഇതിനായി ഫയലുകളുമായി ബന്ധപ്പെട്ട് അയയ്ക്കാനുള്ള റിപ്പോർട്ടുകൾ വേഗത്തിൽ കൈമാറാൻ നോഡൽ ഓഫീസറുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. മറ്റ് വകുപ്പുകളിൽ 15ന് ശേഷം അദാലത്തുകൾ ആരംഭിക്കാനാണ് ധാരണയായിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ തന്നെ അദാലത്തുകൾ നടന്നുവരുന്നുണ്ട്. അതിനാൽ ഫയൽ തീർപ്പാക്കലുകൾക്കായി പ്രത്യേകം അദാലത്തുകൾ നടത്തേണ്ടെന്നാണ് ധാരണ. ഇവിടെ 2,519 ഫയലുകളാണ് തീർപ്പാകാനുള്ളത്. പൊതുഭരണവകുപ്പിലെ വിവിധ സെക്ഷനുകളിലെ ഫയലുകൾ 15നകവും സെക്രട്ടറി തലത്തിലുള്ള ഫയലുകൾ 31ന് മുമ്പും തീർപ്പാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ധാരണയായിരുന്നു. സംസ്ഥാനത്തൊട്ടാകെ ജില്ലാതലം വരെ തീർപ്പാകാനുള്ള ഫയലുകൾ 31നകവും വകുപ്പ് അദ്ധ്യക്ഷ തലത്തിലുള്ളവ സെപ്തംബർ 30നകവും തീർപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.