കാട്ടാക്കട: കാട്ടാക്കടയിൽ നിന്നു ജനവാസകേന്ദ്രമായ പൂവച്ചൽ പുന്നാംകരിക്കകത്തെ വിദേശമദ്യവില്പനശാല മാറ്റുന്നതിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയേറുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നു സാംസ്കാരിക പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വനിതാ പ്രവർത്തകർ തുടങ്ങിയവർ ദിനംപ്രതി സമരപ്പന്തലിലെത്തുന്നുണ്ട്. സമരം ശക്തമായതോടെ സമരപ്പന്തലിൽ 24 മണിക്കൂറും സ്ത്രീകളുടെ പങ്കാളിത്തവും സമര സമിതിക്കാർ ഉറപ്പുവരുത്തുന്നുണ്ട്.
മദ്യവില്പനശാലയ്ക്കെതിരായ സമരം ശക്തമാക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ. ഉദയകുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി എന്നിവർ അറിയിച്ചു. അതേസമയം, ഇവിടെ മദ്യവില്പനശാല സ്ഥാപിക്കരുതെന്ന പരാതി നിലനിൽക്കെ ബിവറേജസ് കോർപറേഷൻ ഉദ്യോഗസ്ഥർ പുതിയ കെട്ടിടത്തിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. സംയുക്ത സമരസമിതിയുടെ സമരങ്ങൾക്ക് പൂർണ പിന്തുണ നൽകാനും യോഗം തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.