ദ്രാവിഡിന് നോട്ടീസയച്ച നടപടിയെ പരിഹസിച്ച്
ഗാംഗുലിയും ഹർഭജനും
ഇന്ത്യൻ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെയെന്ന് ഗാംഗുലി
ന്യൂഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടനായ രാഹുൽ ദ്രാവിഡിനെതിരെ ഭിന്ന താത്പര്യ പ്രശ്നം മുൻനിറുത്തി നോട്ടീസയച്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നടപടിയെ മുൻ താരങ്ങൾ ചോദ്യം ചെയ്യുന്നു. മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ആജീവനാന്ത അംഗം സഞ്ജീവ് ഗുപ്ത ബി.സി.സി.ഐക്ക് നൽകിയ പരാതിയുടെ പേരിലാണ് കഴിഞ്ഞദിവസം ബി.സി.ബി.ഐ ഒാംബുഡ്‌സ്മാനും എത്തിക്സ് ഒാഫീസറുമായ റിട്ട. ജസ്റ്റിസ് ഡി.കെ. ജെയ്‌ൻ ദ്രാവിഡിന് നോട്ടീസയച്ചത്.
ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്ടറായ ദ്രാവിഡ് ഇന്ത്യ സിമന്റ്സ് ഗ്രൂപ്പിലെ വൈസ് പ്രസിഡന്റായി ജോലി നോക്കുന്നുവെന്നും ഇന്ത്യ സിമന്റസിന്റെ ഉടമസ്ഥതയിലാണ് ചെന്നൈ സൂപ്പർ കിംഗ്‌സെന്നും അതിനാൽ ദ്രാവിഡിന്റെ ഡയറക്ടർ പദവി ഭിന്ന താത്പര്യപ്രശ്നത്തിന്റെ പരിധിയിൽ വരുമെന്നുമാണ് സഞ്ജയ് ഗുപ്തയുടെ പരാതി. ഇൗമാസം 16 നകം ദ്രാവിഡ് മറുപടി നൽകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. മറുപടി തൃപ്തികരമല്ലെങ്കിൽ ദ്രാവിഡിനെ എത്തിക്സ് ഒാഫീസർ വിളിച്ചുവരുത്താനും സാദ്ധ്യതയുണ്ട്.
നേരത്തെ സച്ചിൻ ടെൻഡുൽക്കർ, വി.വി.എസ്. ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവർക്കെതിരെയും ഭിന്ന താത്പര്യപ്രശ്നം ഉയർന്നുവന്നിരുന്നു. ഇതിൽ സച്ചിനും ലക്ഷ്മണിനും എതിരെ പരാതി നൽകിയിരുന്നത് സഞ്ജയ് ഗുപ്തയാണ്. സച്ചിൻ മുംബയ് ഇന്ത്യൻസിന്റെയും ലക്ഷ്മൺ സൺറൈസേഴ്സ് ഹൈദരാബാദിന്റെയും പ്രചോദകരായിരിക്കേ ബി.സി.സി. ഐ ക്രിക്കറ്റ് ഉപദേശക സമിതിയിൽ അംഗമായതാണ് പരാതിക്ക് ഇടയാക്കിയത്. ഇതേ തുടർന്ന് വിശദമായ മറുപടിതന്നെ സച്ചിൻ നൽകിയിരുന്നു. താൻ മുംബയ് ഇന്ത്യൻസിൽ നിന്നും ഒരുരൂപപോലും പ്രതിഫലമായി പറ്റാറില്ലെന്നായിരുന്നു സച്ചിന്റെ മറുപടി. വ്യക്തമായ ടേംസ് ആൻഡ് റഫറൻസ് ഇല്ലെങ്കിൽ ഉപദേശകസമിതി അംഗമായി തുടരാൻ താത്പര്യമില്ലെന്നും സച്ചിൻ വ്യക്തമാക്കിയിരുന്നു. ഭിന്നതാത്പര്യ പ്രശ്നമുണ്ടെങ്കിൽ ഉപദേശക സമിതിയിൽ നിന്ന് മാറാൻ തയ്യാറാണെന്നായിരുന്നു ലക്ഷ്മണിന്റെ മറുപടി.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരിക്കേ സൗരവ് ഗാംഗുലി ഡൽഹി ക്യാപിറ്റൽസ് ടീം പ്രചോദകനായതാണ് അദ്ദേഹത്തിനെതിരെ ഭിന്ന താത്പര്യ പരാതി ഉയരാൻ കാരം. ഇതോടെ സച്ചിൻ-ഗംഗുലി-ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശക സമിതി പിരിച്ചുവിട്ട് കപിൽദേവിന്റെ നേതൃത്വത്തിൽ താത്കാലിക സമിതി രൂപീകരിച്ചിരിക്കുകയാണ് ബി.സി.സി.ഐ
ഭിന്ന താത്പര്യപ്രശ്നം ഉന്നയിച്ച് പരാതി നൽകുന്നത് മാദ്ധ്യമങ്ങളിൽ പേരുവരാൻ വേണ്ടിമാത്രമാണെന്നും മുൻ ക്രിക്കറ്റ് താരങ്ങളെ വെറുതെ ആക്ഷേപിക്കുകയാണെന്നും ഗാംഗുലി കുറ്റപ്പെടുത്തി. ദ്രാവിഡിന് നോട്ടീസ് നൽകിയ ബി.സി.സി.ഐയെയും ഇന്ത്യൻ ക്രിക്കറ്റിനെയും ദൈവം രക്ഷിക്കട്ടെയെന്നും ഗാംഗുലി ട്വിറ്ററിലെഴുതി
ഇതിഹാസ താരങ്ങളെ ഇങ്ങനെ നോട്ടീസയച്ച് അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർഭജൻസിംഗും രംഗത്തെത്തി.
ഭിന്ന താത്പര്യപ്രശ്നം
ബി.സി.സി.ഐയിലെ പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയമിച്ച ലോധ കമ്മിഷനാണ് ബി.സി.സി.ഐ തലപ്പത്തിരിക്കുന്നവർ തന്നെ ഐ.പി.എൽ ക്ളബുകളുടെ ഉടമകളും പരിശീലകരുമൊക്കെയാകുന്നത് തെറ്റാണെന്ന് കണ്ടെത്തിയത്. സ്വന്തം ക്ളബുകളുടെ താത്പര്യത്തിന് വേണ്ടി തങ്ങളുടെ ഭരണ സ്വാധീനം ഉപയോഗിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഭാരവാഹികളെ ഭിന്നതാത്പര്യ വിഷയത്തിന്റെ പരിധിയിലാക്കിയത്.
ഭിന്ന താത്പര്യം ഇന്ത്യൻ ക്രിക്കറ്റിൽ ഇതൊരു പുതിയ ഫാഷനാണ്. വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ ഇതാണെളുപ്പം. ഇന്ത്യൻ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ..
സൗരവ് ഗാംഗുലി
ഇതെങ്ങോട്ടാണ് ഇവരുടെ പോക്ക്. ഇന്ത്യൻ ക്രിക്കറ്റിൽ ദ്രാവിഡിനെക്കാൾ നല്ല മനുഷ്യരെ കിട്ടാനില്ല. ഇതുപോലുള്ള മഹാരഥൻമാരെ നോട്ടീസയച്ച് അപമാനിക്കരുത്. ഗാംഗാലി പറഞ്ഞപോലെ ഇന്ത്യൻ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ.
ഹർഭജൻ സിംഗ്