തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചും കാരുണ്യ ബനവലന്റ് ഫണ്ട് മുഖേനയുള്ള പദ്ധതികളെക്കുറിച്ചും നിലനിന്നിരുന്ന സംശയങ്ങൾ ദുരീകരിക്കുന്നതിന് ധനവകുപ്പിന്റെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു.
പ്രധാന നിർദ്ദേങ്ങൾ
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) കാർഡ് എടുക്കാത്തവരുൾപ്പെടെ എല്ലാ ആർ.എസ്.ബി.വൈ കാർഡ് ഉടമകൾക്കും കാസ്പിന് കീഴിലുള്ള എല്ലാ എംപാനൽഡ് ആശുപത്രികളിലും സൗജന്യ ചികിത്സ (ചട്ടം അനുസരിച്ചുള്ള) ലഭിക്കും. ഈ സമയത്ത് പുതിയ കാസ്പ് കാർഡ് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും.
ജൂൺ 30 വരെ ലഭിച്ച അപേക്ഷകളിന്മേൽ നിലവിലുള്ള കാരുണ്യ ബനവലന്റ് ഫണ്ട് മാനദണ്ഡമനുസരിച്ച് ലോട്ടറി വകുപ്പിന്റെ കീഴിലുള്ള കെ.ബി.എഫ് അഡ്മിനിസ്‌ട്രേറ്റർ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. ജൂലായ് ഒന്നിന് ശേഷം വന്ന അപേക്ഷയിന്മേൽ എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ 3 ലക്ഷത്തിൽ താഴെ റേഷൻ കാർഡിൽ വാർഷിക വരുമാനമുള്ള എല്ലാവർക്കും കാസ്പ് എംപാനൽഡ് ആശുപത്രികളിൽ നിന്ന് 2 ലക്ഷം രൂപ (വൃക്കരോഗങ്ങൾക്ക് 3 ലക്ഷം രൂപ) വരെ സൗജന്യ ചികിത്സ ലഭിക്കും. ഈ അപേക്ഷകൾ സംസ്ഥാന ആരോഗ്യ ഏജൻസിയായ ചിയാക്കിന്റെ ജില്ലാ പ്രോഗ്രാം മാനേജർമാർ വെരിഫൈ ചെയ്ത് അർഹതയുള്ളവർക്ക് അംഗീകാരം നൽകും.
കാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നതും എന്നാൽ കാസ്പിൽ ഉൾപ്പെടാത്തതുമായ മാരക രോഗികൾക്കും തുടർചികിത്സ ലഭ്യമാക്കും.
പുതിയ സ്‌കീമിന്റെ ഭാഗമായി രോഗികൾക്ക് ഉടനടി ചികിത്സ സഹായം ലഭിക്കുന്നതിന് നടപടി ക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. വരുമാനം നിർണയിക്കുന്നതിന് വില്ലേജ് ഓഫീസർ അനുവദിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് വേണമെന്ന വ്യസ്ഥയിൽ മാറ്റം വരുത്തി റേഷൻ കാർഡിലെ വരുമാനം അടിസ്ഥാനമാക്കിയാണ് ഇനി അർഹത നിശ്ചയിക്കുന്നത്.