sreeram

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീർ മരിച്ച കേസിൽ എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. മ്യൂസിയം ഇൻസ്‌പെക്ടർ ഉൾപ്പടെയുള്ളവരിൽ നിന്ന് മൊഴിയെടുക്കാൻ സംഘം നോട്ടീസ് നൽകി. പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരിൽ നിന്ന് മൊഴിയെടുക്കും. ഇതിനുള്ള നോട്ടീസ് ഉടൻ നൽകും.

അതേസമയം, ജാമ്യം ലഭിച്ച ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്‌പെഷ്യാലി​റ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്ത ശേഷം മെഡിക്കൽ ബോർഡ് ചേർന്ന് ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാർജ് ചെയ്യുന്നത് തീരുമാനിക്കും.

അപകടവും ആദ്യഘട്ടം മുതൽ പൊലീസിനുണ്ടായ വീഴ്ചയും ഉൾപ്പടെയാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. വാഹനാപകടമുണ്ടായാൽ, ഡ്രൈവർ മദ്യപിച്ചിരുന്നതായി ബോദ്ധ്യപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികളൊന്നും പൊലീസ് സ്വീകരിച്ചില്ല. ഇതും അന്വേഷിക്കുന്നതിനാൽ മ്യൂസിയം പൊലീസ്

സ്​റ്റഷനിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ശ്രീറാം ആശുപത്രി വിട്ട ശേഷമാകും മൊഴിയെടുക്കുക. കാറോടിച്ചത് ശ്രീറാം തന്നെയാമെന്ന് തെളിയിക്കാൻ വിരലടയാളം ഉൾപ്പടെ എടുക്കേണ്ടതുണ്ട്. സംഭവത്തിലെ ദൃക്‌സാക്ഷികൾ, ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുമുള്ള ചികിത്സാ രേഖകളും പരിശോധിക്കും.

അപകടം നടന്നതിന് പിന്നാലെ പൊലീസ് സ്വീകരിച്ച നടപടികൾ വിമർശിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ നിന്നും സമാന നടപടിയാണുണ്ടായത്. അപകടസമയത്ത് വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോയെന്ന് പരിശോധിക്കാൻ പൊലീസ് തയ്യാറാകാതിരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും. നാർകോട്ടിക് അസി.കമ്മിഷണർ ഷീൻ തറയിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.