india-windies-one-day

‌പ്രൊവിഡൻസ് : ട്വന്റി 20യിൽ നിലവിലെ ലോക ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസിനെ മൂന്ന് മത്സര പരമ്പരയിലെ എല്ലാ കളികളിലും തകർത്ത് തരിപ്പണമാക്കിയ ഇന്ത്യ ഇന്നുമുതൽ ഏകദിന പരമ്പരയ്ക്കിറങ്ങുന്നു. പ്രൊവിഡൻസിൽ ഇന്ന് വൈകിട്ട് ഏഴ് മണിമുതലാണ് ആദ്യ ഏകദിനം.

ട്വന്റി 20യിലെ അതിഗംഭീര പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് ഏകദിനത്തിനിറങ്ങുമ്പോഴും ഇന്ത്യൻ താരങ്ങൾക്കുള്ളത്. അമേരിക്കയിൽ നടന്ന ആദ്യരണ്ട് ട്വന്റി 20കളിലും ജയിച്ച ഇന്ത്യ കരീബിയൻ മണ്ണിലേക്ക് എത്തുന്നതിന് മുന്നേ പരമ്പര സ്വന്തമാക്കിയിരുന്നു.. അതുകൊണ്ടുതന്നെ യുവ താരങ്ങൾക്കാണ് മൂന്നാം ട്വന്റി 20യിൽ അവസരം നൽകിയത്. യുവതാരങ്ങളും തങ്ങൾക്ക് കിട്ടിയ ചാൻസ് മുതലാക്കിയത് കൊഹ്‌ലിക്ക് സന്തോഷം പകരുന്നു.

ഇതേ വേദിയിൽ നടന്ന അവസാന ട്വന്റി 20യിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഒാവറിൽ 146/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ അഞ്ച് പന്ത് ബാക്കിനിറുത്തി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 45 പന്തുകളിൽ ഒരു ഫോറും ആറ് സിക്‌സുകളുമടക്കം 58 റൺസടിച്ച കെയ്‌റോൺ പൊള്ളാഡിന്റെ മികവാണ് വിൻഡീസിനെ 146 ലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി ദീപക് ചഹറും രണ്ട് വിക്കറ്റ് വീഴ്ത്തി നവ്‌ദീവ് സെയ്‌നിയും ഒരു വിക്കറ്റുമായി ദീപക്കിന്റെ സഹോദരൻ അരങ്ങേറ്റക്കാരൻ രാഹുൽ ചഹറും തിളങ്ങി.

രാഹുൽ (20), ധവാൻ (3), എന്നിവർ പുറത്തായശേഷം വിരാട് കൊഹ്‌ലി (59), ഋഷഭ് പന്ത് (65 നോട്ടൗട്ട്) എന്നിവർ നേടിയ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത് 42 പന്തുകളിൽ നാലുവീതം ഫോറും സിക്സും ഋഷഭ് പറത്തിയിരുന്നു. കൊഹ്‌ലി 45 പന്തുകളിൽ ആറ് ബൗണ്ടറികൾ കണ്ടെത്തി ദീപക് ചഹർ മാൻ ഒഫ് ദ മാച്ചർ. ക്രുനാൽ പാണ്ഡ്യ മാൻ ഒഫ് ദ സിരീസുമായി.

ലോകകപ്പിലെ നായകൻ ജാസൺ ഹോൾഡറും സൂപ്പർ താരം ക്രിസ് ഗെയ്ലും ഏകദിന ടീമിലുണ്ടാകും എന്നതാണ് വിൻഡീസിന് പ്രതീക്ഷ. പൊള്ളാഡ് ഏകദിനത്തിനില്ല.

വിൻഡീസ് ഏകദിന ടീം

ഹോൾഡർ (ക്യാപ്ടൻ), ഗെയ്ൽ, ബ്രാത്ത് വെയ്റ്റ്, റോൾ ട്ടൺ ചേസ്, ഫാബിയൻ അലൻ, ജോൺ കാംപ്‌ബെൽ, കോട്ടെറെൽ, ഹെട്‌മേയർ, ഷായ്‌ഹോപ്പ്, എവിൻ ലെവിസ്, കീമോ പോൾ, പുരാൻ, കെമർ റോഷ്, ഒഷാനേ തോമസ്

ട്വന്റി 20യിൽ മികവ് കാട്ടിയ നവ്‌ദീപ് സെയ്‌നി ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിലുമുണ്ട്. ധോണിയുടെ അഭാവത്തിൽ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാകുക. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ എന്നിവർ പ്ളേയിംഗ് ഇലവനിൽ അവസരം പ്രതീക്ഷിക്കുന്നുണ്ട്. ഷമിയും 15 അംഗ ടീമിലുണ്ട്.

ഇന്ത്യൻ ടീം : വിരാട് കൊഹ്‌ലി (ക്യാപ്ടൻ), രോഹിത്, ധവാൻ, ഖലീൽ അഹമ്മദ, ചഹൽ, ശ്രേയസ് അയ്യർ, ജഡേജ, കേദാർ യാദവ്, കുൽദീപ്, ഭുവനേശ്വർ, ഷമി, മനീഷ പാണ്ഡെ, ഋഷഭ് പന്ത്, കെഎൽ. രാഹുൽ, നവ്‌ദീപ് സെയ്നി.

ലോകകപ്പ് സെമിയിൽ പുറത്തായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിന മത്സരമാണിന്ന്.

ട്വന്റി 20 ഫലം 3/3

1. നാല് വിക്കറ്റിന് ഇന്ത്യൻ ജയം

2. 22 റൺസിന് ഇന്ത്യൻ ജയം

3. ഏഴ് വിക്കറ്റിന് ഇന്ത്യൻജയം

വൺഡേ ഫിക്‌സ്‌ചർ

1. ഇന്ന് പ്രൊവിഡൻസ്

2. ഞായറാഴ്ച, പോർട്ട് ഒഫ് സ്‌‌പെയ്ൻ

3. ബുധനാഴ്ച, പോർട്ട് ഒഫ് സ്‌‌പെയ്ൻ

ആദ്യ രണ്ട് മത്സരങ്ങളിൽ തകർക്കാൻ പറ്റാതിരുന്നതിന്റെ കുറവ് മൂന്നാം ട്വന്റി 20യിൽ ഋഷഭ് പന്ത് തീർത്തു. ഇതുപോലുള്ള മികച്ച പ്രകടനങ്ങളാണ് പന്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഉൗർജ്ജസ്വലരായ ഇൗ യുവനിരയുമായി മുന്നോട്ടു നീങ്ങാൻ ആത്മവിശ്വാസമുണ്ട്.

വിരാട് കൊഹ്‌ലി

ധോണിയുടെ റെക്കാഡ്

തകർത്ത് ഋഷഭ്

65 നോട്ടൗട്ട്

അന്താരാഷ്ട്ര ട്വന്റി 20 യിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോറാണ് പന്ത് വിൻഡീസിനെതിരെ നേടിയത്.

2017ൽ ധോണി ഇംഗ്ളണ്ടിനെതിരെ നേടിയിരുന്ന 56 റൺസാണ് പന്ത് മറി കടന്നത്.