എം.എ. അക്കാഡമി മുന്നിൽ, സായ് തിരുവനന്തപുരം രണ്ടാമത്
തിരുവനന്തപുരം : എം.കെ. ജോസഫ് മെമ്മോറിയൽ സ്റ്റേറ്റ് ഇന്റർ ക്ളബ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടക്കമായി. ത്രിദിന മീറ്റിന്റെ ആദ്യ ദിവസം മൂന്ന് സ്വർണമുൾപ്പെടെ 66 പോയിന്റു നേടിയ കോതമംഗലം എം.എ. സ്പോർട്സ് അക്കാഡമിയാണ് ഒന്നാം സ്ഥാനത്ത്. ആറ് സ്വർണം നേടിയെങ്കിലും 60 പോയിന്റു സ്വന്തമാക്കാനായ തിരുവനന്തപുരം സായ് രണ്ടാം സ്ഥാനത്തുണ്ട്. കോഴിക്കോട് പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാഡമി രണ്ട് സ്വർണവും 49 പോയിന്റുമായി മൂന്നാമതുണ്ട്.
മൂന്ന് മീറ്റ് റെക്കാഡുകളാണ് ഇന്നലെ പിറന്നത്. 18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഹാമർത്രോയിൽ എം.എ. അക്കാഡമിയിലെ ബ്ളെസി ദേവസ്യ 51.25 മീറ്റർ എറിഞ്ഞ് റെക്കാഡ് സ്വന്തമാക്കി. 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഹൈജമ്പിൽ 1.73 മീറ്റർ ചാടി പാലക്കാട് കല്ലടി കുമരംപുത്തൂർ എച്ച്.എസ്.എസിലെ എം. ജിഷ്ണ റെക്കാഡ് കുറിച്ചു. 1.71 മീറ്റർ ചാടിയ എം.എ അക്കാഡമിയിലെ ഗായത്രി ശിവകുമാർ നിലവിലെ റെക്കാഡ് മെച്ചപ്പെടുത്തി. 20 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ പോൾവാൾട്ടിൽ എം.എ. അക്കാഡമിയിലെ എ.കെ. സിദ്ധാർത്ഥിനും റെക്കാഡ് നേടാനായി. 4.51 മീറ്ററാണ് സിദ്ധാർത്ഥ് കണ്ടെത്തിയ പുതിയ ഉയരം.
ഇന്നലെ നടന്ന 14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 100 മീറ്ററിൽ കോഴിക്കോട് ഉഷ സ്കൂളിലെ ശാരിക സുനിൽ കുമാർ സ്വർണം നേടി. അണ്ടർ - 16 100 മീറ്ററിൽ പറളി എച്ച്.എസ്.എസിലെ നേഹയ്ക്കാണ് സ്വർണം. അണ്ടർ 18 പെൺകുട്ടികളിൽ തലശേരി സായ്‌യിലെ അനു ജോസഫിന് സ്വർണം ലഭിച്ചു. അണ്ടർ 20 100 മീറ്ററിൽ ആൻസി സോജനെ അട്ടിമറിച്ച് തിരുവന്തപുരം സായ്‌യിലെ മൃദുല മരിയ ബാബു സ്വർണം നേടി.