തിരുവനന്തപുരം: ഇന്നലെ വൈകിട്ടോടെ വീശിയടിച്ച കാറ്രിലും കനത്ത മഴയിലും നഗരത്തിൽ വ്യാപക നാശനഷ്ടം. മൂന്ന് മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയിൽ നഗരം മുങ്ങി. പ്രധാന റോഡുകളും ഇടറോഡുകളും വെള്ളത്തിലായി. പലയിടത്തും വാഹന ഗതാഗതം സ്തംഭിച്ചു. വിവിധയിടങ്ങളിൽ കാറ്റിൽ മരങ്ങൾ ഇലക്ട്രിക് ലൈനിലേക്ക് വീണതിനാൽ വൈദ്യുതി നിലച്ച് നഗരം പൂർണമായി ഇരുട്ടിലായി. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകളും നിലം പതിച്ചു. സ്ട്രീറ്റ് ലൈറ്റുകളും പ്രവർത്തിക്കുന്നില്ല. വൈദ്യുതിബന്ധം പൂർണമായി വിച്ഛേദിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടി വന്നു. കരമന, പാപ്പനംകോട്, പരുത്തിപ്പാറ, തിരുമല, കഴക്കൂട്ടം, ചാക്ക, വെള്ളയമ്പലം സെക്ഷനുകളിലെല്ലാം രാത്രി വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന ജോലികൾ തുടരുകയാണ്.
നഗര പരിധിയിൽ മാത്രം അമ്പതോളം സ്ഥലങ്ങളിൽ മരം വീണുവെന്നാണ് ഫയർഫോഴ്‌സിന്റെ കണക്ക്. പാളയം, കനകക്കുന്ന് കൊട്ടാരം, വഞ്ചിയൂർ, മരുതംകുഴി, ഇടപ്പഴിഞ്ഞി, അട്ടക്കുളങ്ങര, മണക്കാട്, കന്റോൺമെന്റ് ഹൗസിന് സമീപം, ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു മുൻവശം എന്നിവിടങ്ങിൽ മരങ്ങൾ വീണു. ചെങ്കൽചൂള, ചാക്ക ഫയർഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ രാത്രി വൈകിയും മരങ്ങൾ മുറിച്ചുമാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ പ്രവചനത്തിൽ ജില്ലയിൽ നേരിയ തോതിലുള്ള മഴയാണ് സൂചിപ്പിക്കുന്നതെങ്കിലും രാത്രിയിൽ വലിയ തോതിൽ മഴ തുടരുന്നതിനാൽ ജില്ലാ ഭരണകൂടം മുൻകരുതലിലാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണു സൂചന. തീരദേശമേഖലയിലും കനത്ത മഴയും കാറ്റും അനുഭവപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്.