കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടും ഒൻപതും വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഞാറയിൽക്കോണം - കുടവൂർ പള്ളി ലക്ഷംവീട് റോഡ് വഴി ഇനി യാത്ര ചെയ്യാൻ കഴിയില്ലെന്നതാണ് നാട്ടുകാരുടെ ആവലാതി. ഞാറയിൽക്കോണം വഴി തെങ്ങുവിള- കുടവൂർ-താളിയോളം വഴി കുടവൂർ പള്ളി ലക്ഷംവീട് റോഡിൽ എത്താനുള്ള ഈ വഴി ഇന്ന് ദുർഘട പാതയാണ്. ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ചെളിയും കുഴിയും നിറഞ്ഞ റോഡിലൂടെ കാൽനടപോലും അസാദ്ധ്യമായി. പ്രദേശത്തെ ഒൻപതാം വാർഡിന്റെ തുടക്കത്തിൽ കുത്തനെയുള്ള റോഡിൽ വൻ കുഴികളും ചാലുകളും രൂപപ്പെട്ടു. ഇതോടെ റോഡിന്റെ തകർച്ചയുടെ ആക്കം കൂട്ടി. സമീപത്തെ ചാവര് അപ്പൂപ്പൻ നടയിൽ എത്തുന്ന വിശ്വാസികളാണ് അപകടത്തിൽ പെടുന്നതിൽ ഏറെയും. റോഡിലെ കുഴിയിലും ചെളിയിലും വാഹനങ്ങൾ പുതയുന്നതും പതിവാണ്. കഴിഞ്ഞദിവസം ഇവിടെ കുഴിയിൽ പെട്ട കാറും ആട്ടോയും ജെ.സി.ബി എത്തിയാണ് കെട്ടിവലിച്ചത്.
കുടവൂർ ഏലായിലേക്കുള്ള ട്രാക്ടറും കൊയ്ത്ത് യന്ത്രങ്ങളും വളങ്ങളും എല്ലാം എത്തിച്ചിരുന്നത് ഈ റോഡിലൂടെയായിരുന്നു. എന്നാൽ റോഡ് തകർന്നതോടെ കൃഷിക്കാവശ്യമായ സാധനങ്ങൾ എത്തിക്കാൻ കഴിയാതെ കർഷകരും ബുദ്ധിമുട്ടുകയാണ്.