kaumudy-news-headlines

തിരുവനന്തപുരം: യുവ ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീർ മരിച്ച സംഭവത്തിൽ സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് തുടങ്ങി. സംഭവസമയത്ത് മ്യൂസിയം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എച്ച്.ഒ, ജി.ഡി ചാർജ്, പാറാവ് ഡ്യൂട്ടിക്കാർ, ഇവർക്കൊപ്പം സ്റ്റേഷനിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാർ എന്നിവരെയെല്ലാം നേരിൽ കണ്ട് അന്വേഷണ സംഘം വിശദമായ മൊഴിയെടുക്കും. ഇവരുടെ മൊബൈൽ ഫോണുകളും സ്റ്റേഷനിലെ ഫോൺ കോളുകളും പരിശോധിക്കും. അപകടത്തെപ്പറ്രി സ്റ്റേഷനിൽ വിവരം അറിഞ്ഞതെങ്ങനെ എന്നതുമുതൽ കഴിഞ്ഞ ദിവസം അന്വേഷണ ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറിയതുവരെ സ്റ്റേഷനുള്ളിലും പുറത്തും ഇതുമായി ബന്ധപ്പെട്ടുണ്ടായ മുഴുവൻ കാര്യങ്ങളും പരിശോധിക്കാനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.

ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് മനസിലാക്കിയിട്ടും രക്ത സാമ്പിൾ ശേഖരിച്ച് പരിശോധിക്കുന്നതിൽ വീഴ്ചവരുത്തിയതിന് സസ്പെൻഷനിലായ എസ്.ഐയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. രക്ത സാമ്പിൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയത് ബോധപൂർവമാണോ ആരുടെയെങ്കിലും സ്വാധീനത്തിന് വഴങ്ങിയിട്ടാണോ എന്നതടക്കം അന്വേഷിക്കാനാണ് നീക്കം. ഇതിനായി എസ്.ഐയുടെ പഴ്സണൽ ഫോണിലുൾപ്പെടെ വന്ന കോളുകൾ അന്വേഷണ വിധേയമാക്കും. വൈദ്യപരിശോധനയ്ക്ക് മെഡിക്കൽ കോളേജിലേക്കുള്ള റഫറൻസ് വകവയ്ക്കാതെ ജനറൽ ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ശ്രീറാമിനെ കൊണ്ടുപോകാൻ കൂട്ടുനിന്നവരിലേക്കും അന്വേഷണം നീട്ടുമെന്നാണ് അന്വേഷണ സംഘാംഗങ്ങൾ പറയുന്നത്. രക്ത സാമ്പിൾ ശേഖരിക്കാത്തതിനാൽ സംഭവസമയത്ത് ശ്രീറാം മദ്യപിച്ചുവെന്ന് തെളിയിക്കാനാകാത്ത വലിയ പിഴവിലേക്കും അന്വേഷണം നീട്ടുമെന്നും സംഘാംഗങ്ങൾ പറയുന്നു.

അന്വേഷണ സംഘം പോകുന്ന വഴികൾ

 ശ്രീറാമിനെ ആദ്യം പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർ രാകേഷിനെ നേരിൽ കണ്ട് മൊഴിയെടുക്കും.

 വിദേശപഠനം കഴിഞ്ഞ് ശ്രീറാം മടങ്ങിയെത്തിയതിന്റെ ആഘോഷം നടന്ന ഐ.എ.എസ് ക്ലബിലെത്തി ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.ഇതിനുപുറമേ ആഘോഷത്തിന്റെ വീഡിയോയോ ഫോട്ടോയോ ആരെങ്കിലും പക‌ർത്തിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനും ശ്രമം നടത്തും.

 അപകടസമയത്ത് വാഹനം ഓടിച്ച കാര്യത്തിൽ ശ്രീറാമും ഒപ്പമുണ്ടായിരുന്ന യുവതിയും പരസ്പര വിരുദ്ധമായി പൊലീസിന് മൊഴി നൽകിയത് കേസ് അട്ടിമറിക്കാനാണോ എന്നതും പരിശോധിക്കും.

 ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിക്കാതെ വിട്ടതിലൂടെ തെളിവില്ലാതാക്കാൻ നടത്തിയ ശ്രമങ്ങളും കണ്ടെത്തും.

 അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ ശ്രീറാമിനെ പൊലീസിന് ചോദ്യം ചെയ്യാൻ പോലും അനുവാദമില്ലാത്ത വിധം സ്വകാര്യ ആശുപത്രിയിൽ നൽകിയ ചികിത്സകളുടെ വിവരങ്ങളും ആരായും.

 ശ്രീറാമിന്റെ രക്തത്തിൽ നിന്ന് മദ്യമുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ സാന്നിദ്ധ്യം ഇല്ലാതാക്കാൻ ശ്രമം നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനുള്ള ശ്രമവും നടത്തും.

 ആശുപത്രിയിൽ നിന്നുള്ള ചികിത്സാ രേഖകളും നൽകിയ മരുന്നുകളും പരിശോധിക്കും. ഡോക്ടർമാരുടെ മൊഴിയും രേഖപ്പെടുത്തും.

 മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ളോക്കിലെ ഐ.സിയുവിൽ പ്രവേശിപ്പിച്ച് നടത്തിയ മുഴുവൻ ചികിത്സകളുടെയും വിവരങ്ങൾ തേടും. ഇവിടെ നടത്തിയ സ്കാനിംഗ്, രക്തപരിശോധനയുൾപ്പെടെയുള്ള വിവിധ പരിശോധനകൾ എന്നിവയുടെ ഫലങ്ങളും ശേഖരിക്കും.

 ലോക്കൽ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത സാക്ഷികളെ ഓരോരുത്തരെയായി വീണ്ടും കാണും. മൊഴികൾ വിശദമായി പരിശോധിച്ച് എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അതുൾപ്പെടുത്തും.

 കോടതി മുമ്പാകെ മൊഴി നൽകിയിട്ടുള്ളതിനാൽ ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന യുവതിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെങ്കിലും അവരെ കണ്ട് കാര്യങ്ങൾ ഒന്ന് കൂടി ഉറപ്പാക്കും.

 സംഭവത്തിലെ ദൃക്സാക്ഷികൾ, മോട്ടോർ വാഹന വകുപ്പ് , റോഡ് ഫണ്ട് ബോർഡ്, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവരെയും ബഷീറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെയും കണ്ട് വിവരങ്ങൾ ശേഖരിക്കും.

 പ്രദേശത്തെ സിസി ടിവി കാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കും.

'ലോബി' വീണ്ടും രംഗത്തുവരുമോ?

അതേസമയം, ശ്രീറാമിനെ രക്ഷിക്കാൻ ഐ.എ.എസ്- ഐ.പി.എസ് ലോബി വീണ്ടും രംഗത്തിറങ്ങിയാൽ പ്രത്യേക അന്വേഷണ സംഘത്തിന് തെളിവുകളെല്ലാം ശേഖരിച്ച് മുന്നോട്ടു പോകാൻ കഴിയുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, സർക്കാരിന്റെ നിർദേശ പ്രകാരം പഴുതുകൾ അടച്ചാകും അന്വേഷണം നടത്തുകയെന്നാണ് സംഘാംഗങ്ങൾ നൽകുന്ന സൂചന.