crime

തിരുവനന്തപുരം: സ്വത്ത് കൈക്കലാക്കാൻ അഭിഭാഷകനായ ജ്യേഷ്ഠനെ തട്ടിക്കൊണ്ടുപോയി കൊക്കയിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അനുജനെയും കൂട്ടാളികളെയും റിമാൻഡ് ചെയ്തു. നെട്ടയം സ്വദേശി ജ്യോതിനാഥ്,​ തട്ടിക്കൊണ്ടുപോകാൻ 20 ലക്ഷം രൂപയുടെ ക്വട്ടേഷൻ ഏറ്റെടുത്ത കരകുളം സ്വദേശി ശങ്കർ (20), ജ്യോതീന്ദ്രൻ, അരുവിക്കര സ്വദേശികളായ രതീഷ്, മോഹൻസതി, മണക്കാട് സ്വദേശി ജോജെ, തിരുവല്ലം സ്വദേശി അനിൽ എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റു ചെയ്തത്.

ജ്യേഷ്ഠനും വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനുമായ ജ്യോതികുമാറിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. ജൂലായ് 3ന് രാത്രി 10.30നായിരുന്നു സംഭവം. ജ്യോതികുമാറിന്റെ വഞ്ചിയൂരിലെ ഓഫീസിൽ അതിക്രമിച്ചുകടന്ന ക്വട്ടേഷൻ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി പണവും മൊബൈൽ ഫോണും വാഹനവും തട്ടിയെടുത്തശേഷം ആര്യങ്കാവ് ചെക്ക്‌പോസ്റ്റിന് സമീപത്തെ കൊക്കയിൽ തള്ളിയിടുകയായിരുന്നു. പിന്നീട് ബോധം തെളിഞ്ഞപ്പോൾ ജ്യോതികുമാർ കൊക്കയിൽ നിന്ന് രക്ഷപ്പെട്ട് സമീപവാസികളുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. വീഴ്ചയിൽ ജ്യോതികുമാറിന് പരിക്കേറ്റിരുന്നു. വഞ്ചിയൂർ സി.ഐ എസ്.ആർ.നിസാമിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റുചെയ്തത്.