editorial-

പതിനഞ്ചുകോടിരൂപ മുടക്കി പണിതുയർത്തിയ കൺവെൻഷൻ സെന്റർ തുറക്കാൻ നഗരസഭ വരുത്തിയ കാലതാമസത്തിൽ മനംനൊന്താണ് ആന്തൂരിലെ പ്രവാസി സംരംഭകൻ സാജൻ സ്വന്തം വീട്ടിൽ കെട്ടിത്തൂങ്ങിമരിച്ചത്. ഇതേച്ചൊല്ലി ഉണ്ടായ വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. കേരളം സംരംഭകർക്കു പറ്റിയ ഇടമല്ലെന്ന ആക്ഷേപം ശരിവയ്ക്കുന്ന ഇതുപോലുള്ള അനേകം സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഒട്ടേറെപേരുടെ കൈയും കാലും പിടിച്ചും ആകാവുന്നിടത്തോളം കോഴ നൽകിയും വ്യവസായ യൂണിറ്റുകൾ തുടങ്ങിയവരിൽ പലരും നിൽക്കക്കള്ളിയില്ലാതെ സംരംഭം മതിയാക്കി നിരാശപൂണ്ടു കഴിയുന്നുണ്ട്. സംരംഭകരെ മടുപ്പിക്കുന്ന ഒൗദ്യോഗിക നൂലാമാലകളാണ് പ്രധാന പ്രതിബന്ധം. ചെറിയ തോതിൽ ഒരു വർക്ക്ഷോപ്പ് തുടങ്ങാൻ പോലും പല തരത്തിലുള്ള അനുമതികൾ ആവശ്യമാണ്. ഒന്നുകിട്ടുമ്പോൾ മറ്റൊന്നു കിട്ടുകയില്ല. എല്ലാം ഒപ്പിച്ചുവരുമ്പോഴേക്കും ദിവസങ്ങളും മാസങ്ങളുമല്ല. ചിലപ്പോൾ വർഷങ്ങൾതന്നെ കടന്നുപോയിട്ടുണ്ടാവും. ആന്തൂരെ പ്രവാസി വ്യവസായ സംരംഭകന്റെ ആത്മഹത്യ പരോക്ഷമായെങ്കിലും സർക്കാരിന്റെ കണ്ണ് തുറപ്പിച്ചെന്നുവേണം കരുതാൻ.

രണ്ടുദിവസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ പത്തുകോടി രൂപവരെ മുതൽമുടക്കുള്ള വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് മുൻകൂർ ലൈസൻസോ പെർമിറ്റോ ആവശ്യമില്ലെന്ന തരത്തിൽ ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ്. മുൻകൂർ ലൈസൻസ് സമ്പാദിക്കാതെ സംരംഭങ്ങൾ തുടങ്ങാനാവുമെങ്കിലും മൂന്നുവർഷത്തിനുള്ളിൽ ആവശ്യമായ അനുമതികളെല്ലാം വാങ്ങിയിരിക്കണമെന്ന നിബന്ധനയോടെയാകും മാറ്റങ്ങൾ. അതുപോലെ വലിയതോതിൽ മലിനീകരണ ഭീഷണി ഉണ്ടാകാത്ത സംരംഭങ്ങൾക്കാകും ഇളവു നൽകുന്നത്. ഉയർന്ന തോതിൽ മലിനീകരണമുള്ള വ്യവസായങ്ങൾ തുടങ്ങണമെങ്കിൽ ഇപ്പോഴുള്ളതുപോലെ ലൈസൻസും പെർമിറ്റുമൊക്കെ മുൻകൂർ എടുക്കുകതന്നെവേണം.

പത്തുകോടി രൂപവരെ മുടക്കുള്ള സംരംഭങ്ങളാണ് കർക്കശ ലൈസൻസ്-പെർമിറ്റ് നിബന്ധനകളിൽനിന്ന് ഒഴിവാകുന്നത്. ചെറുകിട സംരംഭകർക്ക് ഏറെ ആശ്വാസകരമാകുന്ന തീരുമാനമാണിതെന്ന കാര്യത്തിൽ സംശയമില്ല. വൻകിടക്കാർ എപ്പോഴും തങ്ങളുടേതായ സ്വാധീനം ഉപയോഗിച്ച് ആവശ്യമായ അനുമതികൾ നിഷ്‌പ്രയാസം കരസ്ഥമാക്കുമ്പോൾ അതിന് ത്രാണിയില്ലാത്ത ചെറുകിടക്കാരാണ് പലപ്പോഴും പെട്ടുപോകുന്നത്. ചെറിയതോതിൽ ഒരു പൊടിപ്പുമില്ല് തുടങ്ങാൻ പോലും പലേടത്തുനിന്നുള്ള മുൻകൂർ അനുമതി ആവശ്യമാണ്. സർക്കാർ ഒാഫീസുകളിലെ ചട്ടങ്ങളിലും നിയമങ്ങളിലും കുരുക്കി സംരംഭകരെ വട്ടം കറക്കാനുള്ള വാസന ഏറെയാണ്. കടമെടുത്തും പലരുടെയും കാലുപിടിച്ചുമാകും സ്വന്തമായി സംരംഭത്തിന് തുനിഞ്ഞിറങ്ങുന്നത്. പ്രതിബന്ധങ്ങളിൽ തട്ടി അത് വൈകുന്ന ഒാരോ ദിവസവും അയാളുടെ ഋണഭാരം വർദ്ധിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ വ്യവസായ യൂണിറ്റ് തുടങ്ങാനൊരുങ്ങി സമയത്തും കാലത്തും അനുമതിപത്രങ്ങൾ ലഭിക്കാതെ കഷ്ടത്തിലായ നിരവധിപേർ ചുറ്റിലുമുണ്ട്. ഇവരുടെ നിലവിളി ഏറെ വൈകിയാണെങ്കിലും സർക്കാരിന്റെ ചെവിയിലെത്തിയെന്നുവേണം കരുതാൻ. ഏക്കർ കണക്കിന് സ്ഥലത്ത് വിശാലമായ കെട്ടിടങ്ങളും അവയിൽ നിറയെ യന്ത്രങ്ങളും മാത്രമല്ല വ്യവസായമെന്നു പറയുന്നത്. ചെറിയചെറിയ യൂണിറ്റുകളും ആ ഗണത്തിൽപ്പെടും. ഇത്തരത്തിലുള്ള നൂറുനൂറു യൂണിറ്റുകൾ ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് വ്യവസായ രംഗത്ത് സംസ്ഥാനത്തിന് മുന്നേറ്റമുണ്ടാവുന്നത്. കേരളം ഒഴികെ ഒട്ടെല്ലാ സംസ്ഥാനങ്ങളിലും ഇതുപോലുള്ള ആയിരക്കണക്കിന് വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഏതെതെല്ലാം തരത്തിലുള്ള ഉത്പന്നങ്ങളാണ് അവിടങ്ങളിൽ നിന്ന് പുറത്തുവരുന്നത്. സംരംഭകരെ ശത്രുവായി കാണുന്ന സമീപനം ഉപേക്ഷിച്ചാലേ ഇവിടെ അഭിവൃദ്ധി ഉണ്ടാവുകയുള്ളൂ. ലൈസൻസും പെർമിറ്റുമൊക്കെ നൽകാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ മനോഭാവത്തിലും വേണം കാലോചിതമായ മാറ്റങ്ങൾ. ദ്രോഹിക്കാൻ വേണ്ടിയല്ല, സഹായിക്കാനായിട്ടാണ് തങ്ങൾ ഇരിക്കുന്നതെന്ന ബോദ്ധ്യവും അവർക്കുണ്ടാകണം. നിയമപരമായ അനുമതികൾ വൈകുന്നതുമൂലം സംരംഭകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇനി ഉണ്ടാകരുതെന്നു കരുതിയാണ് വ്യവസായ നയത്തിൽ പുതിയ പരീക്ഷണത്തിന് സർക്കാർ ഒരുങ്ങുന്നത്.

പത്തുകോടി രൂപയ്ക്കുമുകളിൽ മുതൽമുടക്കുള്ള വ്യവസായങ്ങളുടെയും അനുമതി കഴിയുന്നത്ര വേഗത്തിലാക്കണമെന്നും ധാരണയായിട്ടുണ്ട്. ഇതിനായി വ്യവസായ വകുപ്പിൽ പ്രത്യേക സെൽ തുടങ്ങാനാണ് തീരുമാനം. പ്രവാസി സംരംഭകർക്ക് ഇൗ സെല്ലുമായി നേരിട്ട് ബന്ധപ്പെടാനും സൗകര്യമൊരുക്കും. അവർക്കാവശ്യമായ എല്ലാവിധ സേവനങ്ങളും ഇൗ സെൽവഴി ലഭ്യമാക്കും. അതുപോലെ കച്ചവടക്കാരും മറ്റും ലൈസൻസ് ഒാരോ വർഷവും പുതുക്കണമെന്ന നിബന്ധന ഉപേക്ഷിക്കാനും ആലോചനയുണ്ട്.

കേരളത്തെ വ്യവസായ സൗഹൃദമാക്കി മാറ്റിയെടുക്കണമെങ്കിൽ ഇപ്പോഴത്തെ നിയമങ്ങളിലും ചട്ടങ്ങളിലും കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടിവരും. സർക്കാരിന്റെ നയസമീപനങ്ങൾക്കനുസൃതമായി ഉദ്യോഗസ്ഥ മനോഭാവത്തിലും സമഗ്രമാറ്റമുണ്ടായാലേ ലക്ഷ്യപ്രാപ്തി നേടാനാവൂ.