കോവളം: അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളം ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ മയക്കുമരുന്ന് മാഫിയയും ക്രിമിനൽ സംഘങ്ങളും പിടിമുറുക്കുന്നതായി പരാതി. കേസുകൾ വർദ്ധിച്ചിട്ടും അവരെ അമർച്ച ചെയ്യാനുള്ള പദ്ധതിയൊന്നും പൊലീസ് നടപ്പാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വീടുകൾ വാടകയ്ക്ക് എടുത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേകളിൽ പലതും മാഫിയ സംഘങ്ങളുടെ കൈകളിലായതിനാൽ കോവളത്തെത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ഇവരുടെ കെണിയിൽപ്പെടുന്നുണ്ട്. കോവളത്ത് അംഗീകൃത ഗൈഡുകൾ ഇല്ലാത്തതിനാൽ ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് അവരുടെ സ്വന്തം ഗൈഡുകളുണ്ട്. തീരത്തേക്കെത്തുന്ന വിനോദസഞ്ചാരികളെ വലവീശിപ്പിടിക്കാൻ അനധികൃത ഗൈഡുകളുടെ നെട്ടോട്ടമാണ്. ഇവരിൽ കൂടുതൽപേരും മയക്കുമരുന്ന് മാഫിയയുടെയും സെക്സ് റാക്കറ്റുകളുടെയും ഏജന്റുമാരായി പ്രവർത്തിക്കുന്നവരാണ്. മദ്യവും മയക്കുമരുന്നും നൽകി ഇവർ വിദേശികളെ വശീകരിക്കും. കേരളത്തിലെത്തി മയക്കുമരുന്നിന്റെ ലഹരി അനുഭവിച്ച് വിദേശത്തേക്ക് തിരികെ പോയവർ വഴി വൻവരുമാനമാണ് മയക്കുമരുന്ന് മാഫിയ നേടുന്നത്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ പേരിന് ഒരു റെയ്ഡ് നടത്തി പൊലീസ് അന്വേഷണം അവസാനിപ്പിക്കുമെന്നും ആരോപണമുണ്ട്. രാജ്യത്ത് വിദേശ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ നല്ലൊരു ശതമാനവും കേരളത്തിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര സുരക്ഷാസംവിധാനങ്ങളുടെ പാളിച്ചയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. മഹാരാഷ്ട്ര, ഗോവ, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിൽ കേരളത്തിന് മുന്നിൽ. പക്ഷേ, അവിടങ്ങളിൽ മൂന്ന് വർഷമായി കുറ്റകൃത്യങ്ങൾ കുറഞ്ഞുവരുന്നു എന്നാണ് കണക്ക്. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ടതും അടുത്തിടെ മറ്റൊരു വിദേശ വനിതയെ കാണാതായതും കണക്കിലെടുത്ത് വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.