psc

തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രം യൂണിവേഴ്സിറ്റി കോളേജാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നസീമും ശിവരഞ്ജിത്തുമായി അടുപ്പമുള്ള ജീവനക്കാരാണ് വാട്സ്ആപ്പിൽ പുറത്തേക്ക് ചോർത്തിയത്. അദ്ധ്യാപകർക്കും പങ്കുണ്ടെന്ന് സംശയിക്കുന്നു. നാല് സിരീസുകളിലുള്ള ഉത്തരക്കടലാസുകൾ ഉണ്ടാവുമെന്നതിനാൽ നാലുപേരെ ഉത്തരം എസ്.എം.എസായി അയയ്ക്കാനും ചുമതലപ്പെടുത്തി. തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും മൂന്ന് സെന്ററുകളിലായി പരീക്ഷയെഴുതിയ ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും ബി-സിരീസിലുള്ള ഒരേ ചോദ്യപേപ്പറാണ് ലഭിച്ചത്. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ വി.എം. ഗോകുൽ, വി.എസ്.എസ്.സിയിൽ കരാർ ജീവനക്കാരനായ നെടുമങ്ങാട് കല്ലറ വട്ടക്കരിക്കകം പറിങ്കിമാംവിള വീട്ടിൽ ദാവീദിന്റെ മകൻ ഡി. സഫീർ എന്നിവർക്ക് പുറമെ, പ്രണവിന്റെ ഉറ്റബന്ധുവായ യുവതിയെയും മറ്റൊരു സുഹൃത്തിനെയും എസ്.എം.എസ് അയയ്ക്കാൻ ചുമതലപ്പെടുത്തി.

സംസ്കൃത കോളേജിന്റെ വരാന്തയിലിരുന്നാണ് ഗോകുലും സഫീറും ഉത്തരങ്ങൾ എസ്.എം.എസ് അയച്ചത്. എസ്.എം.എസ് അയച്ച ഫോൺനമ്പരെടുക്കുമ്പോൾ പൊലീസിലെ ഔദ്യോഗിക നമ്പർ ഗോകുൽ നൽകിയിരുന്നെന്ന് സൈബർസെൽ കണ്ടെത്തി. എന്നാൽ, ഉറ്റസുഹൃത്തായ പ്രണവ് തന്റെ ഫോൺ ഇടയ്ക്കിടെ വാങ്ങിക്കൊണ്ടുപോകാറുണ്ടായിരുന്നെന്നാണ് ഗോകുലിന്റെ വാദം. എസ്.എം.എസ് അയച്ചവരുടെയെല്ലാം ടവർലൊക്കേഷൻ പാളയമാണെന്നാണ് കണ്ടെത്തൽ. ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിച്ചാൽ, ഇതേ ചോദ്യമുപയോഗിച്ച് നടത്തിയ എട്ട് പരീക്ഷകളുടെ റാങ്ക്‌ലിസ്റ്റുകൾ റദ്ദാക്കപ്പെടാം.

ചോദ്യം ചോർന്ന വഴി

ഹാളിൽ രണ്ട് പരീക്ഷാർത്ഥികളെ സാക്ഷിയാക്കി രജിസ്റ്ററിലൊപ്പിടീച്ച്, അവരെക്കൊണ്ടാണ് ചോദ്യപാക്കറ്റ് പൊട്ടിക്കുന്നത്. 20-30 ശതമാനം അപേക്ഷകർ പരീക്ഷയെഴുതാറില്ല. അധികംവരുന്ന ചോദ്യപേപ്പറുകൾ കോളേജുകളിലെ ജീവനക്കാരാണ് ശേഖരിക്കുക. ഇത് പി.എസ്.സിയിൽ തിരിച്ചെത്തിക്കുമെങ്കിലും കണക്കോ രജിസ്റ്ററോ ഇല്ല. പരീക്ഷയ്ക്കെത്താത്തവരുടെ ചോദ്യപേപ്പറുകളാണ് യൂണിവേഴ്സിറ്റികോളേജിൽ ചോർത്തിയതെന്നാണ് വിവരം.

വാട്സ്ആപ്പിൽ ലഭിച്ച ചോദ്യപേപ്പറുകൾക്ക് 'റാങ്കുകാർ' ചുമതലപ്പെടുത്തിയവർ ചോദ്യനമ്പർ അനുസരിച്ച് ശരിയുത്തരത്തിന്റെ ഓപ്ഷൻ എസ്.എം.എസായി അയച്ചു. സിംകാർഡിടാവുന്ന, 5000 രൂപ വിലയുള്ള സ്‌മാർട്ട് വാച്ചുകളിൽ ഉത്തരങ്ങൾ എസ്.എം.എസായെത്തി. ഇതുനോക്കി 'റാങ്കുകാർ' ശരിയുത്തരത്തിന്റെ ഓപ്ഷൻ കറുപ്പിച്ചു.

വിനയായത് 'ഒറ്റപ്പരീക്ഷാ പരിഷ്കാരം'

എട്ട് റാങ്ക് ലിസ്റ്റുകളിലെ ആദ്യത്തെ നൂറു വീതം റാങ്കുകാരെ സംശയനിഴലിലാക്കിയത് ചെലവുചുരുക്കാനും സൗകര്യത്തിനുമായി പി.എസ്.സി നടത്തിയ ഒറ്റപ്പരീക്ഷാ പരിഷ്‌കാരമാണ്. രണ്ടുജില്ലകൾക്കു വീതം ഏഴ് ബറ്റാലിയനുകളിലേക്കും വനിതാ ബറ്റാലിയനിലേക്കും ഒറ്റ പരീക്ഷയാണ് നടത്തിയത്. ഒന്നിലധികം ബറ്റാലിയനുകളിൽ അപേക്ഷിച്ചവർ ഒറ്റചോദ്യപേപ്പറുള്ള ഒരു പരീക്ഷയെഴുതിയാൽ നാലു റാങ്ക് ലിസ്റ്റുകളിലേക്ക് വരെ പരിഗണിക്കും. ഒരിടത്തു നിന്ന് നാല് സിരീസിലെ ചോദ്യപേപ്പറുകൾ ചോർത്തിയാൽ എല്ലാ ബറ്റാലിയനുകളിലേക്കുമുള്ള പരീക്ഷകളിൽ ക്രമക്കേട് നടത്താൻ സാധിക്കും. കഠിനപരിശ്രമത്തിലൂടെ റാങ്ക് പട്ടികയിൽ മുന്നിലെത്തിയവർ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടേണ്ടി വരേണ്ട സാഹചര്യമൊരുക്കിയത് ഇതാണ്.