mullappally-ramachandran

 രാഷ്ട്രപതിയോട് ശുപാർശ ചെയ്യാൻ ഗവർണർക്ക് നിവേദനം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുകളെപ്പറ്റി ജുഡിഷ്യൽ ഓഫീസറെക്കൊണ്ട് അന്വേഷിപ്പിക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന് നിവേദനം നൽകി. സി.ബി.ഐ അന്വേഷണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ അവശ്യപ്പെട്ടിരുന്നത്.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്കും കുടുംബങ്ങൾക്കും ഇക്കാര്യത്തിലുള്ള ആശങ്ക ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തതായി രാജ്ഭവനിൽ ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുല്ലപ്പള്ളി വാർത്താലേഖകരോട് പറഞ്ഞു. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന വഴിവിട്ട നിയമനങ്ങളുടെ കഥകളാണ് പുറത്ത് വരുന്നത്. ക്രമക്കേട് കണ്ടെത്തിയ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നില്ല. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിലെത്തിയ നൂറുകണക്കിന് ഉദ്യോഗാർത്ഥികളോട് . കാണിക്കുന്ന കടുത്ത അനീതിയായിരിക്കും അതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ബഷീറിന്റെ മരണം: കേസ്

അട്ടിമറിക്കാൻ നീക്കം
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ മാദ്ധ്യമപ്രവർത്തകൻ ബഷീറിന്റെ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളെപ്പറ്റി ഗവർണറെ ധരിപ്പിച്ചതായി മുല്ലപ്പള്ളി പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥർക്കും നിയമം ബാധകമാണ്.അധികാരത്തിലെത്തി മൂന്ന് വർഷം പിന്നിടുമ്പോഴും മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ഒന്നും ചെയ്യാനായില്ല. മുഖ്യമന്ത്രിയുടെ വാക്കിന് ഒരു പ്രസക്തിയുമില്ല. ഒരു ദുരന്തമായി അദ്ദേഹം മാറി. ആഭ്യന്തരവകുപ്പ് ചീഞ്ഞ് നാറുകയാണ്. മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.