കിളിമാനൂർ: ജില്ലയിലെ പ്രധാന മാർക്കറ്റുകളിലൊന്നായ കിളിമാനൂർ പബ്ലിക് മാർക്കറ്റിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം അവതാളത്തിലായി.
ജനറേറ്റർ തകരാറും കൃത്യമായ പരിപാലനം ഇല്ലാത്തതുമാണ് പ്രവർത്തനം അവതാളത്തിലാകാൻ കാരണം. പഴയകുന്നുമ്മൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഇവിടെ നെടുമങ്ങാട്, കടയ്ക്കൽ, കല്ലറ, പാലോട്, കാരേറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് വ്യാപാരാവശ്യങ്ങൾക്കായി എത്തുന്നത്. പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്കായി ഡീസലും ബയോഗ്യാസും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ജനറേറ്ററും, ഗ്യാസിൽ മാത്രം പ്രവർത്തിക്കുന്ന ഒരു ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഗ്യാസിൽ മാത്രം പ്രവർത്തിക്കുന്ന ജനറേറ്റർ തകരാറിലാണ്. അതിനാൽ ബയോഗ്യാസ് നിറഞ്ഞ് ടാങ്ക് ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണ്. ഇക്കാര്യം ഓപ്പറേറ്റർ പലവട്ടം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഷീറ്റ് മേഞ്ഞ ഇടുങ്ങിയ ഷെഡിനകത്താണ് രണ്ട് ജനറേറ്ററുകളും സ്ഥാപിച്ചിട്ടുള്ളത്. മഴയത്ത് പൊട്ടിപ്പൊളിഞ്ഞ ഷീറ്റിലൂടെ ഒഴുകിയെത്തുന്ന വെള്ളം ജനറേറ്റർ റൂമിൽ തളംകെട്ടി നില്ക്കുന്നത് ഓപ്പറേറ്ററുടെ ജീവന് ഭീഷണി ഉയർത്തുന്നു. ചന്ത നടക്കുന്ന ഞായർ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ രണ്ടര മുതൽ ആറര വരെ പ്ലാന്റ് പ്രവർത്തിപ്പിച്ചാണ് ചന്തയ്ക്കുള്ളിലെ ഇരുപതോളം ലൈറ്റുകൾ പ്രവർത്തിപ്പിച്ചിരുന്നത്. ജനറേറ്റർ തകരാർ കാരണം ലൈറ്റിന്റെ പ്രവർത്തനം തടസപ്പെട്ടതോടെ മാർക്കറ്റിലെത്തുന്നവർ ദുരിതത്തിലാണ്. പട്ടാപ്പകൽ പോലും പ്ലാന്റിനുള്ളിലേക്ക് കടക്കാൻ പറ്റാത്ത വിധം കാടുപിടിച്ച് കിടക്കുകയാണ്. അയ്യായിരം രൂപയാണ് ഓപ്പറേറ്റർക്ക് ശമ്പളം നൽകുന്നത്. പ്ലാന്റിലേക്ക് ആവശ്യമായ ഡീസലിന് ആയിരം രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാൽ ഒരു വർഷമായി ഓപ്പറേറ്റർക്ക് ശമ്പളവും ഡീസലിനുള്ള ആയിരം രൂപയും പഞ്ചായത്ത് നൽകുന്നില്ല. പ്ലാന്റിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്ലാന്റ് സ്ഥാപിച്ചത്
മാർക്കറ്റിൽ അടിഞ്ഞുകൂടുന്ന ജൈവ മാലിന്യങ്ങളിൽ നിന്നു ബയോഗ്യാസ് ഉത്പാദിപ്പിച്ച് ചന്തയ്ക്കുള്ളിലും പരിസരങ്ങളിലും വിളക്കുകൾ പ്രകാശിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് വർഷങ്ങൾക്ക് മുമ്പ് ബയോ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്.
ഇവിടെ ഉള്ളത്
ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി - 3 ടാങ്കുകൾ
ബയോ ഗ്യാസ് സംഭരണി - 1
ജനറേറ്റർ - 2
ജനറേറ്റർ തകരാറിലായിട്ട് 1.5 വർഷം
പ്രതികരണം
എട്ട് വർഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി ശമ്പളവും ഡീസൽ തുകയും ലഭിക്കുന്നില്ല. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
(ജഗന്നാഥൻ, ഓപ്പറേറ്റർ)