വെഞ്ഞാറമൂട്: സ്വന്തം ഭൂമിയിൽ നട്ടു വളർത്തുന്നതിന് കഞ്ചാവ് തൈകൾ കൈവശം വച്ച യുവാവ് വട്ടപ്പാറ പൊലീസിന്റെ പിടിയിൽ. കുറ്റിമൂട്, പേരുമല സ്വദേശി ശൃംകുമാർ (30) ആണ് ചെന്തിപ്പൂര് ചിറത്തലയ്ക്കലിൽവച്ച് അറസ്റ്റിലായത്. ശ്യാംകുമാറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിൽ ചിറത്തലയ്ക്കൽ ഭാഗത്തുള്ള വസ്തുവിൽ നട്ടുവളർത്തി വില്പന നടത്താനായി കൊണ്ടുവന്നതാണ് കഞ്ചാവ് ചെടികളെന്ന് ഇയാൾ സമ്മതിച്ചതായും ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി കെ.വിദ്യാധരൻ, വട്ടപ്പാറ സർക്കിൾ ഇൻസ്പക്ടർ സജു കെ.നായർ, സബ് ഇൻസ്പെക്ടർ അശ്വനി, എ.എസ്.ഐ സതീശൻ, എസ്.സി.പി.ഒമാരായ വിജയൻ, അജി, സി.പി.ഒമാരായ അജികുമാർ, അഹമ്മദ്, ഷംനാദ്, ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.