flood

തിരുവനന്തപുരം: കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ കെടുതിവിതച്ച പേമാരി അഞ്ച് ജില്ലകളെ വെള്ളത്തിൽ മുക്കി. ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലായി. കഴിഞ്ഞവർഷം ആഗസ്റ്റ് എട്ടിനായിരുന്നു പ്രളയമുണ്ടാക്കിയ ദുരിതപ്പെയ്‌ത്തിന്റെ തുടക്കം.

ഇന്നലെ മലപ്പുറം, വയനാട്, കണ്ണൂർ, ഇടുക്കി, കോഴിക്കോട് ജില്ലകളാണ് ജലതാണ്ഡവത്തിൽ വിറച്ചത്. വെള്ളംകയറി വീടുകളിൽ അകപ്പെട്ട 2,775 പേരെ അഗ്നിശമനസേന രക്ഷിച്ചു. വയനാട്ടിൽ 5,500 പേരെ ഒഴിപ്പിച്ചു. മലപ്പുറത്ത് നിലമ്പൂർ, പെരിന്തൽമണ്ണ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. വയനാട് മുഴുവൻ പ്രളയക്കെടുതിയിലായി. ഇരിട്ടി, പേരാവൂർ തുടങ്ങി കണ്ണൂരിന്റെ കിഴക്കൻ മേഖലകളിൽ വൻകെടുതിയാണ്. ഇടുക്കിയിലും കോഴിക്കോട്ടും വ്യാപകമായി ഉരുൾപൊട്ടലും മലയിടിച്ചിലുമുണ്ട്. ആലപ്പുഴയുടെ കിഴക്കൻ പ്രദേശത്താണ് പെരുമഴ നാശംവിതച്ചത്. കണ്ണൂരിലും വയനാട്ടിലും സൈന്യത്തെ വിന്യസിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ മലപ്പുറം, ഇടുക്കി ജില്ലകളിലേക്കയച്ചു. മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജില്ലകളിൽ അതീവജാഗ്രത പ്രഖ്യാപിച്ചു.

വടക്കൻ ജില്ലകളിൽ മഹാപ്രളയകാലത്തെന്ന പോലെ മിക്ക നദികളും കരവിഞ്ഞു. ചെറിയ അണക്കെട്ടുകളെല്ലാം നിറഞ്ഞു. ഇടുക്കി അണക്കെട്ട് മുക്കാലും നിറഞ്ഞു. കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകളിൽ ജലനിരപ്പ് അപകടകരമായി ഉയർന്നു. ചെറിയ ഡാമുകൾ തുറന്നുതുടങ്ങി.

കോട്ടയത്ത് മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു. മലയോര ജില്ലകളിലെ റോഡുകളിൽ രാത്രിയാത്ര നിരോധിച്ചു. കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ചില സർവീസുകൾ റദ്ദാക്കി.

തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ നിന്ന് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ഡിങ്കി ബോട്ടുകൾ വടക്കൻ ജില്ലകളിലേക്കയച്ചതായി അഗ്നിശമനസേനാ ടെക്നിക്കൽ ഡയറക്ടർ ഇ.ബി. പ്രസാദ് അറിയിച്ചു.

വയനാട്ടിലും കർണാടകത്തിലെ കുടകിലും സൈന്യത്തെ നിയോഗിച്ചു. കണ്ണൂരിലെ ഡി.എസ്.സി സെന്ററിൽ നിന്നു രണ്ട് കോളം സൈന്യത്തെ വയനാട്ടിലേക്കയച്ചു. ഒരു ഓഫീസർ, മൂന്ന് ജൂനിയർ കമ്മിഷൻഡ് ഓഫീസർമാർ, 55 സൈനികർ എന്നിവർ ഉൾപ്പെടുന്നതാണ് ഒരു കോളം.

മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ്. മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് രക്ഷാദൗത്യത്തിന് ചുക്കാൻ പിടിക്കുന്നു. കളക്ടർമാരെയും പൊലീസ് മേധാവികളെയും ദുരന്തമുഖത്ത് ഏകോപിപ്പിക്കാൻ ഓപ്പറേഷൻ സെന്ററുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കാൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

വെള്ളപ്പൊക്കത്തിൽ ഒ​റ്റപ്പെട്ടവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാനും അടിയന്തര സൗകര്യങ്ങൾ ലഭ്യമാക്കാനും ഒടിഞ്ഞ് വീഴുന്ന മരങ്ങളും മ​റ്റും നീക്കി വാഹനഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിക്കാനും പൊലീസും രംഗത്തുണ്ട്. ബ​റ്റാലിയനുകൾ ഉൾപ്പെടെ പൊലീസിന്റെ എല്ലാ വിഭാഗങ്ങളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ റോപ്പ്‌ വേ, സ്കൂബാ വാൻ, റബർ ഡിങ്കി എന്നിവയുപയോഗിച്ച് അഗ്നിശമനസേന ആളുകളെ രക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.