കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ആഴാംകോണം ജംഗ്ഷനിൽ ബസുകൾ യാത്രക്കാരെ കയറ്റാനും ഇറക്കാനും നിറുത്തുന്നത് തോന്നിയപടിയാണ്. ഏറെ നേരം കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ബസ് കിട്ടമെങ്കിൽ പിന്നാലെ ഓടണം. എപ്പോഴും തിരക്കുള്ള ജംഗ്ഷനാണ് ആഴാംകോണത്തേത്.
കടുവയിൽ ആർട്സ് കോളേജ്, മണമ്പൂർ യു.പി.സ്കൂൾ, കല്ലമ്പലം പൊലീസ് സ്റ്റേഷ൯, അന്തരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽക്കുളം, പെട്രോൾ പമ്പ് എന്നിവ ആഴാംകോണം പരിസരത്തുണ്ട്. കവലയൂർ മണമ്പൂർ റോഡുകൾ വന്നുചേരുന്നത് ആഴാംകോണം ജംഗ്ഷനിലാണ്. ഇതുവഴി പലഭാഗത്തേക്കും ബസുകൾ സർവീസ് നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും യാത്രക്കാരുടെ തിരക്കാണ്. ആഴാംകോണം ജംഗ്ഷനിൽ ബസ് നിറുത്താൻ ബസ് സ്റ്റോപ്പ് തയാറാക്കിയെങ്കിലും പഴയ സ്റ്റോപ്പിൽ തന്നെയാണ് ബസുകൾ ഇപ്പോഴും നിറുത്തുന്നത്. ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന ബസുകളാണ് ബസ് ബേയിൽ നിർത്താതെ തോന്നിയപടി റോഡിൽ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. ബസുകൾ നിറുത്തുന്ന സ്ഥലത്ത് റോഡ് നിരപ്പിൽ നിന്നും മണ്ണിടിഞ്ഞ് താഴ്ന്ന് വലിയ താഴ്ചയിലായതിനാൽ പ്രായമായവർക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന രോഗികളും മറ്റും ബസിറങ്ങുന്നതും ഇവിടെയാണ്. ജംഗ്ഷനിൽ നിന്നും മണമ്പൂർ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വേഗത നിയന്ത്രണ സംവിധാനങ്ങളോ ട്രാഫിക് പൊലീസോ ഇല്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സംഭവം നാട്ടുകാർ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ല. ദേശീയപാതയിലൂടെ വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നതിനാൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത് വളരെ പാടുപെട്ടാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ പത്തോളം അപകടങ്ങളാണ് ഇവിടെ നടന്നത്. ബസുകൾ ബസ് ബേയിൽ തന്നെ നിറുത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബി. സത്യൻ എം.എൽ.എയ്ക്ക് നിവേദനം നൽകി.